തസ്‌കരന്‍: മണിയന്‍പിള്ളയുടെ ആത്മകഥ

Thaskaran

മണിയൻ പിള്ള എന്ന തസ്കരന്റെ ആത്മകഥ. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അയ ഇന്ദു ഗോപൻ ആണ് പുസ്തക രചന നടത്തിയിരിക്കുന്നത്. വെറുമൊരു മോഷ്ടാവ് പിന്നീട് പേരും കള്ളനായി മാറിയ കഥയാണ് മണിയൻപിള്ള പറയുന്നത്. മോഷ്ടാവിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് പ്രവേശിക്കാൻ അവസരം ഒരുങ്ങിയപ്പോഴാണ് വീണ്ടും പോലിസ് പിടിയിലാകുന്നത്. തന്റെയും സഹ കള്ളന്മാരുടെയും ജീവിതാനുഭവങ്ങൾ മണിയൻപിള്ള വിവരിക്കുന്നു. അസംഭവ്യം എന്ന് തോന്നുന്ന സംഭവങ്ങൾ വായനക്കാരെ അത്ഭുതപ്പെടുത്തും.

ഒരദ്ധ്യായം

അന്ന് കോഴിക്കോട്ട് കാബറേ ഉണ്ട്. നമ്മളും നല്ല കിളുന്ത് പ്രായം. ഒരിക്കല്‍ പോയിട്ടുണ്ട്. അപ്പോഴൊരു ആഗ്രഹം. അവളെ പരസ്യമായി ഒന്നു പിടിക്കണം. എന്തു സംഭവിക്കുമെന്നറിയണമല്ലോ. അന്യ ഒരു പെണ്ണിന്റെ നഗ്നമേനി കണ്ട്, ഒന്ന് വിജൃംഭിക്കാന്‍ ആശിക്കാത്തവന്‍ കാണുമോ? എന്നിട്ടും വല്യ മാന്യത ചമഞ്ഞ് മസിലു പിടിച്ച് സകല വികാരങ്ങളും പിടിച്ചടക്കി, ഓരോരുത്തര്‍, ഇരുന്ന് വെള്ളമടിക്കുകയാണ്. എനിക്ക് ആദ്യ തവണ പോയപ്പോള്‍ തന്നെ, ആ മസിലുപിടിത്തം കണ്ടപ്പോഴേ ഓക്കാനം വന്നു. അല്‍പ്പകാലത്തേക്ക് മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നു. നാടകീയതകളില്ലാതെ പച്ചയായി തീര്‍ക്കാനുള്ളതിനു പകരം അതിനു തുരങ്കം വെക്കണം. സമൂഹത്തിന്റെ സകല ധൈര്യക്കേടിനും മറുപടി പറയാനുള്ള ഒരു ജീവിതമാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സമൂഹത്തിന്റെ ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും വെളിയിലായ ഒരുത്തന്‍ വിചാരിച്ചാലെ കുറച്ചെങ്കിലും സ്‌ഫോടനങ്ങള്‍ ഇവിടെ നടക്കൂ. അതുകൊണ്ട്, കൂത്തിച്ചിമോളെ കേറിയൊന്ന് പിടിക്കണം. പരസ്യമായി. എന്തു സംഭവിക്കും. ഇവിടിരിക്കുന്ന സകല മാന്യന്‍മാരും ആശിക്കുന്ന കാര്യം. അയ്യായിരമോ പതിനായിരമോ എറിഞ്ഞാല്‍ കാലകത്തുന്ന സ്ത്രീത്വമേ അവള്‍ക്കുള്ളൂ. പിന്നെ തകര്‍ക്കപ്പെടുന്നത്, ഹോട്ടലുകാരന്റെ വ്യവസ്ഥിതി. അത് കള്ളന് മൈ…. ആണ്.

കൂടിപ്പോയാല്‍ എന്തു സംഭവിക്കും. ഹോട്ടലുകാരന്‍മാരൊക്കെ പൊക്കിയെടുത്ത്‌കൊണ്ട് ചാമ്പും. എത്രവരെ ചാമ്പും. ചിലപ്പോള്‍ ചവിട്ടിക്കൂട്ടുമായിരിക്കും. അല്ലെങ്കില്‍ കുറച്ചു നാളായി, ശരീരം ഒന്ന് അനങ്ങിയിട്ട്. നമ്മള്‍ കുറ്റവാളികളില്‍ എം എ-ക്കാരനായതോടെ പോലീസുകാര്‍ക്കും ഈ ദേഹം കാര്യമായി താത്പര്യമില്ല. ഇനി ഇവന്‍മാര്‍ എന്തു ചെയ്താലും പോലീസുകാര്‍ ഇരിപ്പതായി ദീര്‍ഘവീക്ഷണത്തോടെ, ചെയ്യുന്ന സകല താങ്ങുകളുടെ ഏഴയലത്തു വരില്ല. ഇവിടിരിക്കുന്ന, എല്ലാവനും പേടി ഉള്ളതു അതു മാത്രമാണ്. അടി. അതു പേടിയില്ലാത്തവന്‍ അതു ചെയ്തിരിക്കണം.

മാനാഞ്ചിറ മൈതാനിക്ക് അടുത്തുള്ള ഹോട്ടലിലായിരുന്നു സംഗതി.
മണിയന്‍പിള്ള റെഡി. അടുത്ത സീന്‍. കാതടിപ്പിക്കുന്ന സംഗീതത്തിലേക്ക് ്താ മണിയന്‍പിള്ള ചെന്നു കയറുന്നു. അടിപൊളി ഡ്രസ്സ്. തലപ്പാവുള്ള കൊമ്പന്‍മീശക്കാരന്‍ സല്യൂട്ട് തന്നു. ഞാന്‍ അദ്ദേഹത്തെ നോക്കിയൊന്നു പുഞ്ചിരിച്ചു. എന്തൊരു ബഹുമാനം. ഇദ്ദേഹത്തിന്റെ ചാര്‍ത്ത് എവിടെയായിരിക്കും എന്റെ ദേഹത്ത് പതിയുന്നത്.

അകത്തു ചെന്നു. ആദ്യം വസ്ത്രമൊക്കെ ഇട്ടുകൊണ്ടാണ് ആട്ടക്കാരി പെണ്ണ് വരുന്നത്. നാല്‍പ്പത്തഞ്ച് മിനിട്ടാണ് ഷോ. ഷോയുടെ അവസാനമാകുമ്പോഴേക്കും ജട്ടിയും ബ്രായും മാത്രമേ കാണൂ. പരമാവധി കുനിഞ്ഞ് കുലുങ്ങിയും മറ്റും നില്‍ക്കും. മുലഞെട്ട് ഒഴിച്ച് എല്ലാം കാണിച്ചു തരും. അവസാനം കളി തീരാന്‍ അര മിനിട്ടുള്ളപ്പോള്‍ ബ്രായും ഊരിമാറ്റും. അപ്പോഴേക്കും അവള്‍ തന്ത്രപൂര്‍വ്വം ആളുകളില്‍ നിന്നകന്ന് ബാന്‍ഡുകാരുടെ സമീപം, അവരുടെ സുരക്ഷിതത്വത്തിലായിരിക്കും. ഒടുവില്‍ അതാ, ആള്‍ക്കാര്‍ കാത്തിരുന്ന മൂഹൂര്‍ത്തം. അവള്‍ പിന്തിരിഞ്ഞ് നിന്ന് ജട്ടി താഴ്ത്തി കുനിഞ്ഞൊന്ന് നില്‍ക്കും. ഓരോരുത്തന്റെയും കണ്ണിലെ ആര്‍ത്തിയെ അണച്ചുകൊണ്ട് ധിം! ലൈറ്റ് ഓഫാകും. പെണ്ണ് അപ്രത്യക്ഷമാകും. പതുക്കെ പതുക്കെ നിരാശയുടെ കൊടിയിറക്കം ആരംഭിക്കും.

ആദ്യത്തെ തവണത്തെ ഷോ തീര്‍ന്ന്, ലൈറ്റണഞ്ഞപ്പോള്‍ ഞാന്‍ താടിക്കു കൈയും കൊടുത്തിരിന്ന് ചിന്തിച്ചുപോയി. മനുഷ്യന്റെ കാമത്തെ ലോലമായി ഉണര്‍ത്തിയെടുക്കുന്ന ഏതു ബിസിനസ്സാ ജയിക്കാത്തത്. പക്ഷെ, ഇത്ര തീവ്രമായി മനുഷ്യനെ ആര്‍ത്തി പിടിപ്പിക്കരുത്. അവളുടെ കുനിഞ്ഞു നിന്നുള്ള ചന്തികാണിപ്പില്‍ എനിക്ക് അപമാനമാണ് തോന്നിയത്. നമ്മളോടല്ല, നമ്മുടെ പുരുഷത്വത്തിനോടാണ് അവള്‍ അനാദരവ് കാണിക്കുന്നത്. ശരീരം മോശമായ ആംഗിളില്‍ പ്രലോഭിപ്പിച്ചാല്‍, എനിക്ക് ദേഷ്യം വരും. ജീവിക്കാന്‍ വേണ്ടിയായിരിക്കും അവള്‍ അത് ചെയ്യുന്നത്. എന്നാലും ഒരു തട്ട് നിനക്ക് കിട്ടണം. അന്നേ ഉറച്ചതാണ്. രണ്ടു തവണ ഞാന്‍ പോയി. സംഗതി ഒന്ന് പഠിക്കാന്‍. ഓരോ തവണയും അവസാനമുഹൂര്‍ത്തത്തില്‍ അവള്‍ കുനിയുമ്പോള്‍ കലി വരും.

അങ്ങനെ മൂന്നാം തവണ ഉറച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. ഏതു ശൈലിയില്‍ വേണമെന്ന് ആലോചിച്ചു. ഗോവന്‍ ശൈലിയില്‍ ആയാലോ?

ഗോവന്‍ ചാരായം ഫെന്നി കുടിക്കാന്‍ ആശ തോന്നിയപ്പോഴാണ് ഞാന്‍ ഗോവയ്ക്ക് പോയത്. ചില അന്തര്‍ സംസ്ഥാന – അന്തര്‍ദേശീയ കുറ്റവാളികളാണ് പറഞ്ഞ് പ്രലോഭിപ്പിച്ചത്. പെട്ടെന്നൊന്നും നമ്മള്‍ പ്രലോഭനത്തില്‍ വീഴില്ല. വല്ലവനും പറഞ്ഞതു കേട്ട് ചാടിപ്പിടഞ്ഞ് പോവുകയുമില്ല. പക്ഷെ, നല്ല രസികന്‍ പറങ്കിമാങ്ങയില്‍ നിന്നാണ് ഫെന്നി ഉണ്ടാക്കുന്നതെന്ന് കേട്ടപ്പോഴാണ് ഞാന്‍ ഉലഞ്ഞുപോയത്. നല്ല പറങ്കിമാങ്ങയുടെ വാസനയാണ് അതിന്. ജയിലില്‍ കിടക്കുയാണ് ഞാന്‍ അപ്പോഴെന്ന് ഓര്‍ക്കണം. നമ്മുടെ ബാല്യകാലത്തെയാണ് പറങ്കിമാങ്ങ കൊണ്ടു തരുന്നത്. വാളത്തുംഗല്‍ ഒരുപാട് പറങ്കിമാവുകള്‍ ഉണ്ടായിരുന്നു. പറങ്കിമാവു പൂക്കുമ്പോള്‍ തന്നെ ഒരു ഗന്ധമാണ്. നല്ല ഇക്കിളിപ്പെടുത്തുന്ന മണം. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് മാങ്ങ പഴുക്കുമ്പോള്‍ തുടങ്ങുകയായി ആ മാസ്മര ഗന്ധം. കിളികള്‍ കൊത്തിയും സൈക്കിള്‍ കേറി ചതഞ്ഞും ആളുകള്‍ ചവിട്ടി അരച്ചും ആ പ്രദേശത്തുകൂടി പോകുമ്പോള്‍ തന്നെ ആ ഗന്ധം അതിന്റെ തീവ്രതയിലെത്തും. ജയിലിലിരുന്ന്, ആ ഗന്ധം ഓര്‍ത്തു തന്നെ ഞാന്‍ ഫിറ്റായി.

അങ്ങനെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്നെ മംഗലാപുരം തീവണ്ടിയില്‍ മംഗലാപുരത്തെത്തിച്ചു. കൊങ്കണ്‍ റെയില്‍വേ വരാത്ത കാലമായതിനാല്‍ നേരേ ബസ്സില്‍ ഗോവക്ക്…

നേരേ സ്റ്റാര്‍ ഹോട്ടലില്‍ തന്നെ റൂമെടുത്തു. കട്ട കാശിന് ലോഡ്ജില്‍ താമസിക്കേണ്ട കാര്യമില്ലല്ലോ. ഓരോ മാനേജര്‍മാരൊക്കെ ഓച്ഛാനിച്ചു നിന്ന്, വെയ്റ്റര്‍മാര്‍ ഭവ്യത കാണിച്ച്, ഒരു പ്രത്യേക സ്റ്റൈലൊക്കെ കാണിച്ച് നമ്മുടെ ഇടതു വശത്തുകൂടി വന്ന് ഗ്ലാസ്സൊക്കെ നിറക്കാന്‍ ടേബിള്‍ മാനേഴ്‌സൊക്കെ കാണിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എനിക്ക് ദേഷ്യം കേറിവരും. എണീറ്റ് ഒന്നങ്ങ് കൊടുക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. കൊടുത്തിട്ട് പറയണം. ഇതുപോലെ ഒന്ന് ഇവിടിരിക്കുന്ന ഒരുത്തനെങ്കിലും നീയും കൊടുക്കണം. അന്ന് നിന്റെ മനഃസാക്ഷി ഇറങ്ങിവന്ന് നിനക്ക് കൈ തരും. നീയൊരു മനുഷ്യനായിരിക്കുന്നു, രണ്ടു മിനിറ്റ് നേരത്തേക്ക്. അതേ മനഃസാക്ഷി തന്നെ രണ്ടു സെക്കന്റ് അടി കൊണ്ടവനേയും അത് തോന്നിക്കും.

അടുത്തനിമിഷം അവന്റെ പ്രേതമായ ഈഗോ ഇറങ്ങിവന്ന് നിനക്കിട്ട് ഓങ്ങുന്നതു വരെ…..

പണത്തിന്റെ ഏറ്റവും വലിയ വൃത്തികേടാണ് ഇത്. അദ്ധ്വാനിച്ച്, വിയര്‍ത്തുണ്ടാക്കുന്ന ഒരുത്തനുമല്ല, ഇവിടൊക്കെ വന്ന് പണം വേസ്റ്റാക്കുന്നത്, എന്നെപ്പോലുള്ള കരിങ്കള്ളന്‍മാരാണ്. ഞാന്‍ നേരേ പോയി, രാത്രി എടുത്തോണ്ടോടുന്നു. ബാക്കിയുള്ളവന്‍ തൊഴിലാളികളെ പിഴിഞ്ഞും സര്‍ക്കാരിനെ വെട്ടിച്ചും കൂട്ടിക്കൊടുത്തും… ഞാന്‍ ഒരു രാത്രി ഒരു വീട്ടുകാരന്റെ മാത്രം ശാപമേല്‍ക്കുമ്പോള്‍ ഇവനൊക്കെ തലമുറകളുടേത് വാങ്ങിച്ചു വെക്കുന്നു. അവന്റെ മുന്നിലൊക്കെ, ഇവനൊക്കെ വലിച്ചെറിയുന്ന പണത്തിന്റെ പെരുക്കത്തില്‍ പാവം ചെറുപ്പക്കാര്‍ ഓച്ഛാനിച്ച്.. ങാ അത് പോട്ട്…

ഗോവയിലെ സെറ്റപ്പ് അതി വിശാലമാണ്. വലിയ കൃത്രിമ വെള്ളച്ചാട്ടവും താമരപ്പൊയ്കകളും ഉള്ള നല്ല സ്ഥലം. നെയ്യില്‍ ഒരു പ്രത്യേകരീതിയില്‍ വറുത്തെടുത്ത ഉരുളക്കിഴങ്ങ്. വായിലിട്ടാല്‍ അലിഞ്ഞുപോകുന്നു. ദൂരെ കടലിന്റെ പാട്ട്. നമ്മളിങ്ങനെ ഫെന്നിയും കുടിച്ച് കുടിച്ച്… ഒരു കുട്ടിയായി… കുടലില്‍ വരെ പറങ്കിമാങ്ങാ മണവുമായി…. ഇങ്ങനെ ഇക്കിള്‍വെട്ടി വെട്ടി ഇരിക്കുമ്പോള്‍….

അതാ കുറെ അവളുമാര്‍… ചിലവളുമാര്‍ തുള്ളുന്നുണ്ട്. ചിലര്‍ വന്ന് കെട്ടിപ്പിടിക്കുന്നുണ്ട്. അവിടെയും ഇവിടെയുമൊക്കെ ഓരോരുത്തര്‍ എഴുന്നേറ്റ് ചെന്ന് ഡാന്‍സ് കളിക്കുന്നു. തട്ടുകയും മുട്ടുകയും അത്യാവശ്യം പിടിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ആവേശം പോയി. എല്ലാവരും ചെയ്യുന്നതില്‍ എന്ത് ആവേശം. എങ്കില്‍ പിന്നെ പത്തു പാസ്സായി, പി എസ് സി എഴുതിയാല്‍ പോരായിരുന്നോ? അതല്ലല്ലോ നമ്മുടെയൊരു ത്രില്ല്. അടിച്ചു സെറ്റായി ഞാനൊരു അന്‍പതു രൂപ പയ്യന് ടിപ്പ് കൊടുത്തു. കാശു കൂടുതല്‍ കിട്ടിയാല്‍ കൂട്ടിക്കൊടുപ്പ് തുടങ്ങണം എന്നാണല്ലോ ഇത്തരം സെറ്റപ്പിലുള്ള വെയ്റ്റര്‍മാരുടെ നിലപാട്. അവന്‍ തുടങ്ങി. ദോ ആ മഞ്ഞ സാരിയിലുള്ളത്.. ഒറ്റ മണിക്കൂര്‍… സാറിനായതുകൊണ്ട് ഞാനൊരു ആയിരം രൂപക്ക്… ഞാനവന്റെ മുഖത്തേക്കു നോക്കി. കണ്ണും നാക്കും നേരെ നില്‍ക്കുന്നില്ല. അവന്റെ ഭാഗ്യം. ഞാന്‍ മനസ്സില്‍ പറയുകയാ…. എടാ, നല്ലൊരു ചെറുപ്പക്കാരനല്ലേ… നീയൊന്നും ഈപ്പണിക്ക് ഇറങ്ങരുത് എന്നു കരുതിയാ ഇത്രയും ടിപ്പ് തരുന്നത്. നമ്മളൊക്കെയോ ഇങ്ങനൊക്കെ വഴിപിഴച്ച് പോയി.

അവന്‍: ഞാനും ഒന്നു വഴിപിഴച്ചോട്ടെ ചേട്ടാ… ഇതിനൊക്കെ ഒരു പ്രത്യേക രസമല്ലേ… എന്ന മട്ടില്‍ കൂട്ടിത്തരാനുള്ള ആര്‍ത്തിവെള്ളം ഒലിപ്പിക്കാന്‍ നോക്കുകയാണ്. ബ്രാഹ്മിണാണ്. ഒരു കണക്കു പറഞ്ഞു. ഞാന്‍ പറഞ്ഞു. അതൊന്നു കൂടി പറ.. അവന്‍ മൂന്നു നമ്പര്‍ പറഞ്ഞു. അവളുടെ മുല ചേര്‍ത്ത നെഞ്ചളവും അര അളവും പിന്നെ വേറേ ഏതോ അളവുമാണ്.
അത്രയും മനസ്സിലായി.

ഞാന്‍ കൂളായി പറഞ്ഞു :
പോടാ … മൈ….
പിന്നെ നടന്നങ്ങ് പോയി…

അപ്പോള്‍ എല്ലാവരും പേടിച്ച് ചെയ്യാത്തത് ചെയ്യണം. അതിന് കോഴിക്കോട് തന്നെയാ നല്ല്ത്.

മൂന്നാം തവണ കോഴിക്കോട്ടെ കാബറേ കാണാന്‍ കേറുന്നു.
പെണ്ണ് തുള്ളല്‍ തുടങ്ങി. സ്ഥിരം കസ്റ്റമര്‍മാര്‍ കേറി വരുമ്പോഴേ, ഇവള്‍ കൈയെടുത്ത് കാണിക്കും. അവന്‍ അതിലൊന്ന് കുളിരും. ഏറുകണ്ണുകൊണ്ട് ചുറ്റുമൊന്ന് നോക്കും. പാവം. ഈ കൈകാണിക്കുന്നതില്‍ പൊങ്ങുന്നവനൊക്കെ കുത്തുപാള എടുക്കും എന്ന കാര്യത്തിലേ ഉള്ളൂ തര്‍ക്കം. ഇത്തരക്കാര്‍ക്ക് ഇവള്‍ വന്ന് ഗ്ലാസ് എടുത്തു കൊടുക്കും. ടപ്പ, ടപ്പേ അടിക്കുന്നവരെ സമീപിക്കില്ല. മദ്യം ഇത്തിരി നേരം വെച്ചോണ്ട് ഇരിക്കുന്നവര്‍ക്കാണ് ഗ്ലാസ് എടുത്തു കൊടുക്കുന്നത്. എന്നു വെച്ചാല്‍, വേഗം വേഗം അടി. പരമാവധി അടി. കാശെല്ലാം ഇങ്ങു പോരട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. അതും പോരാത്തതിന് അവള്‍ നെഞ്ചും കുലുക്കിക്കൊണ്ട് അവന്‍മാരുടെ അടുത്ത് ചെല്ലും. അവന്‍മാര്‍ നോട്ടെടുത്ത് അവളുടെ മുലകള്‍ക്കിടയില്‍ വച്ചു കൊടുക്കും… പിന്നെ അവളെടുത്ത്, ആ കാശെടുത്ത് ജട്ടിക്കുള്ളില്‍ വെക്കും. കൃത്യം സ്ഥലം.

ഞാനിങ്ങനെ നോക്കിയിരിക്കുകയാണ്. അവള്‍ അടുത്തൊന്നു വന്നിട്ടു വേണം… പതുക്കെ, കറങ്ങിത്തിരിഞ്ഞ്… അവള്‍ വന്നു. കുറെ നേരമായി ഞാന്‍ മദ്യപ്പാത്രം നിറച്ചുവെച്ചിരിക്കുകയാണ്. അവള്‍ അതെടുത്ത് കൈയില്‍ തന്നു. ഞാനതങ്ങ് താഴ്ത്തുവെച്ചു. എന്നിട്ട് മനഃപൂര്‍വ്വം നെഞ്ചിലൊരു പിടി. അവള്‍ ഞെട്ടി ഒരു സെക്കന്റ് നിന്നു. പിന്നെ രൂക്ഷമായൊരു നോട്ടം. കൈ എത്തി ഞാന്‍ തുടയിലൊരു പിടി. അപ്പോഴേക്കും അവള്‍ കളിച്ചുകൊണ്ടുതന്നെ മാറി. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍…

അപ്പോഴേക്കും ഒരാള്‍ വന്ന് കൈ തന്നു. കൈ ഞെരിഞ്ഞമരുകയാണ്. ഞാനും വിട്ടില്ല. എന്നാലാവും വിധം തിരിച്ചു ഞെരടി. അവനാണ് ശക്തന്‍. എന്റെ കൈ വേദനിക്കുന്നുണ്ട്. പക്ഷെ, നമുക്ക് വേദന ഇല്ലല്ലോ… ഒന്നും സംഭവിക്കാഞ്ഞതില്‍ നിരാശ തോന്നി. ശ്ശെ… ഇങ്ങനെയൊക്കെയാണോ പോക്രിത്തരം കാണിക്കുമ്പോള്‍ പ്രതികരിക്കേണ്ടത്. എനിക്ക് അവന്‍മാരോട് ദേഷ്യവും തോന്നി. ‘കൊന്നുകളയും’ കൈ ഞെരിച്ചയാള്‍ അമര്‍ത്തിപ്പറഞ്ഞിട്ട് നടന്നങ്ങു പോയി.