ജീവിതമെന്ന അത്ഭുതം – ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങൾ

jeevitham123ജീവിതമെന്ന അത്ഭുതം  – ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങൾ
അന്താരാഷ്ട്രാ പ്രശസ്തനായ കാൻസർ രോഗ ചികിത്സകൻ ഡോ. വി പി ഗംഗാധരന്റെ അനുഭവങ്ങൾ പ്രമുഖ കഥാകൃത്ത്‌ കെ എസ് അനിയൻ പകർത്തിയ കൃതിയാണിത്. ഡോക്ടറുടെ യഥാർത്ഥ ജീവിത കാഴ്ചകളെ കഥാകൃത്ത്‌ മോഹിപ്പിക്കുന്ന ഭാഷയിലൂടെ അവതരിപ്പിക്കുമ്പോൾ അസാധാരണമായ കൃതിയാണ് വായനക്കാർക്ക്‌ ലഭിക്കുന്നത്. ഈ അനുഭവങ്ങൾ നന്മയും കാരുണ്യവും മറന്നു പോകുന്ന  സമൂഹത്തിന് ഒരു താക്കീതാണ്. പല കാരണങ്ങളാൽ അഹം ബോധം നിറയുന്ന മനസ്സുകളോട് ഈ കൃതി ജീവിതത്തിന്റെ ക്ഷണികത ബോധ്യപ്പെടുത്തുന്നു.
ഒരധ്യായം 
ഓരോ കോഴ്സ് കീമോതെറാപ്പിക്കും ഇടയ്ക്കുള്ള സമയപരിധി പൊതുവെ ഇരുപത്തൊന്ന് ദിവസമാണ്.ചില അസുഖങ്ങളുടെ സവിശേഷത അനുസരിച്ച് അതിന് മാറ്റം വരാറുണ്ട്.ഒരു കോഴ്സ് കീമോതെറാപ്പി കഴിഞ്ഞുപോകുമ്പോൾ അടുത്ത കോഴ്സിനുള്ള ദിവസവും നിശ്ചയിച്ചാണ് എല്ലാവരും പോവുക.ഇരുപത്തൊന്ന് ദിവസത്തെ കണക്ക് കണിശമായി നോക്കുവാൻ പലപ്പോഴും കഴിഞ്ഞു എന്നു വരില്ല.പല ദിക്കുകളിൽ നിന്നും വരുന്നവർ.വിവിധ ജോലികളിൽ ഏർപ്പെട്ടവർ.നിരവധി പ്രാരാബ്ധങ്ങളുള്ളവർ.പലരുടേയും കാര്യത്തിൽ അതുകൊണ്ടുതന്നെ ഇഞ്ചക്ഷൻ ദിവസത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരാറുണ്ട്.മരുന്നിന്റെ ഫലത്തിൽ കുറവ് വരാത്തതരത്തിലുള്ള ചില വിട്ടുവീഴ്ചകൾ.പക്ഷേ, അരികയറ്റിവരുന്ന ഒരു ലോറിയുടെ സൗകര്യമനുസരിച്ച് മാത്രം കീമോതെറാപ്പിയുടെ കോഴ്സ് നിശ്ചയിക്കേണ്ടിവന്നു എനിക്ക്; അബ്ദുവിനുവേണ്ടി.അടുത്ത കോഴ്സിനുള്ള തീയതി തീരുമാനിക്കുമ്പോൾ അബ്ദു പറയും.
    “അയ്യോ സാറേ ആ ദിവസം പറ്റില്ല.അന്ന് ഈ റൂട്ടിലേക്ക് അരികൊണ്ട് വരണില്ല.ഒരു നാലീസം കൂടി കഴിഞ്ഞിട്ടാണെങ്കിൽ സൗകര്യമായിരുന്നു.”
     എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല.അബ്ദുവിന് ഒന്നും പ്രശ്നമല്ല.ഇഞ്ചക്ഷന്റെ ദിവസം നീണ്ടുപോകുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞാലും കുലുക്കമില്ല.അരിവണ്ടി വരാത്തതിന് ഞാനെന്തു ചെയ്യും എന്ന ഭാവം .അബ്ദുവിന്റെ രോഗത്തിന്റെ രൂക്ഷതയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കില്ല.അബ്ദു പറഞ്ഞ തീയതിക്ക് ഇഞ്ചക്ഷൻ എഴുതികൊടുക്കും.അരിവണ്ടിയുടെ സമയക്രമമെങ്കിലും മുടങ്ങാതിരിക്കട്ടെ.
     അബ്ദുവിന് ലിംഫോമയായിരുന്നു.ലിംഫ് ഗ്രന്ഥികളിലെ ക്യാൻസർ.വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്ന രോഗം.അബ്ദുവിന്റെ കാര്യത്തിൽ എനിക്ക് പ്രതീക്ഷ കുറവായിരുന്നു.
     സദാ ചിരിച്ച് തമാശപറയുന്ന അബ്ദുവിന്റെ മുഖത്ത് ഒരമ്പതുകാരന്റെ ഭാവമൊന്നും ഉണ്ടായിരുന്നില്ല.ഒരു കൗമാരപ്രായക്കാരന്റെ ചടുലതയും കുസൃതിയുമായിരുന്നു അബ്ദുവിൽ നിറഞ്ഞിരുന്നത്.ഒ.പി.യിൽ ഉച്ചത്തിൽ തമാശ പറഞ്ഞ് അബ്ദു ചിരിക്കും.സിസ്റ്റർമാർക്കൊക്കെ വലിയ നേരമ്പോക്കായിരുന്നു അബ്ദുവിന്റെ സംസാരം.ഓരോ തവണ വരുമ്പോഴും തമാശ കലർന്ന എന്തെങ്കിലും വിശേഷം പറയാനുണ്ടാകും അബ്ദുവിന്.അബ്ദുവിന്റെ സാന്നിദ്ധ്യം തന്നെ ആരിലും ഉന്മേഷം ഏറ്റുമായിരുന്നു.
ആലുവായിലെ പേരുകേട്ട ഒരു അരിവില്പന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു അബ്ദു.ഭാര്യയും കുട്ടികളുമായി ആലുവയിൽത്തന്നെ താമസം.
  സ്വന്തം രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചൊക്കെ അബ്ദുവിന് അറിയാമായിരുന്നു.പക്ഷേ, അതിന്റെ പരിഭ്രാന്തിയൊന്നും അബ്ദുവിന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല.ചിരിച്ചുകൊണ്ട് മരണത്തെ കാത്തിരിക്കുന്ന ഒരാൾ എന്ന് എനിക്ക് തോന്നി.നിശ്ശബ്ദസാന്നിദ്ധ്യം പോലെ മറ്റൊരു ചിരി അബ്ദുവിനെ ചൂഴ്ന്നു നിൽക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
   രാത്രി ആലുവയിൽനിന്നും വരുന്ന ലോറിയിൽ അരിച്ചാക്കുകൾക്കുമേലെ അബ്ദു കയറിക്കിടക്കും.ഒപ്പം ജോലിചെയ്യുന്ന വേറെയും പണിക്കാരുണ്ടാവും കൂടെ.രാവിലെ നേരത്തെ കീമോതെറാപ്പിക്ക് തയ്യാറായി അബ്ദു ആശുപത്രിയിൽ എത്തും.പലപ്പോഴും ഒറ്റയ്ക്കാണ് വരാറുള്ളതെങ്കിലും ഇടയ്ക്കൊക്കെ ഒരു സുഹൃത്തിനേയും ഒപ്പം കൂട്ടും.ആശുപത്രി വിട്ട പോകുന്നതുവരെ ആ സുഹൃത്തും കൂടെയുണ്ടാകും.മുന്നൂറ് കിലോമീറ്ററോളം അരിച്ചാക്കുകൾക്കുമേലെ കിടന്നു വന്നതിന്റെ ക്ഷീണമൊന്നും അബ്ദുവിനെ കണ്ടാൽ തോന്നില്ല.
   ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ ആദ്യത്തെ അന്തേവാസി എന്ന ബഹുമതിയും അബ്ദുവിനുണ്ടായിരുന്നു.ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു അബ്ദുവിന്റെ കീമോതെറാപ്പി.കോഴ്സ് കഴിയുമ്പോഴേക്കും തീവ്രമായ മരുന്നുകളുടെ താഡനമേറ്റ് അബ്ദു അവശനായിട്ടുണ്ടാകും.മരുന്ന് തീരുന്ന ദിവസം തന്നെ തിരിച്ചുപോകാൻ അബ്ദു തിരക്കുകൂട്ടും.വിറയാർന്ന കാലുകളിൽ ഒരന്യഭാരം പോലെ സ്വന്തം ശരീരം പേറി ഇടറിനിൽക്കുന്ന അബ്ദുവിനെ കാണുമ്പോൾ ഞാൻ പറയും:
   ” ഇന്നിപ്പോ തിരക്കുപിടിച്ച് പോകേണ്ട അബ്ദു.ഒരു ദിവസം കൂടി കിടന്ന് കുറച്ച് ഐ.വി.ഫ്ലൂയിഡ്സ് എടുത്തിട്ട് പോകാം.ക്ഷീണമൊന്ന് മാറട്ടെ.”
     ഒരു വലിയ തമാശ കേട്ടതുപോലെ അവൻ ചിരിക്കും.
    “എന്റെ സാറേ ക്ഷീണം മാറാൻ നിന്നാലേ അരി വണ്ടി അതിന്റെ പാട്ടിനുപോകും.ഇഞ്ചക്ഷൻ കഴിയുന്ന ദിവസം നോക്കിയിട്ടാണ് ഇവിടേക്കുള്ള ട്രിപ്പ് വെച്ചിട്ടുള്ളത്.അത് തെറ്റ്യാല് നമ്മുടെ പണി മുടങ്ങിപോകും സാറേ.”
നിവർന്നു നടക്കാൻ വയ്യാത്തത്ര തളർച്ചയുണ്ടെങ്കിലും അബ്ദു നിൽക്കില്ല.സുഹൃത്തിന്റെ തോളിൽ കൈയിട്ട് കാലുകൾ വലിച്ചുവെച്ച് നടക്കും.താങ്ങിനുവേണ്ടി വീണ്ടും വീണ്ടും അമർത്തിപിടിക്കുന്ന കൈവിരലുകൾ ബലം ചോർന്ന് വിറച്ചുകൊണ്ടേയിരിക്കും.
    രാത്രി ഒഴിഞ്ഞ ലോറിയിൽ ആകാശത്തേക്കു നോക്കി മലർന്നുകിടക്കുന്ന അബ്ദുവിനെ ഞാൻ ഓർക്കും.അബ്ദു അപ്പോഴും ചിരിക്കുകയായിരിക്കുമോ? നക്ഷത്രങ്ങൾ തെളിയാത്ത കറുത്ത ആകാശം അബ്ദുവിനെ വിട്ടൊഴിയാതെ കൂടെത്തെന്നെ സഞ്ചരിക്കുന്നുണ്ടാവും.തലയ്ക്കു മുകളിൽ നിവർത്തിപിടിച്ച ഇരുട്ടിന്റെ കുടയ്ക്കു താഴെ ഇരുന്ന് ഒരിക്കലെങ്കിലും അബ്ദു സ്വയമറിയാതെ കരഞ്ഞിട്ടുണ്ടാകുമോ?
ഒന്നും ഓർക്കാൻ ത്രാണിയില്ലാതെ ഞാൻ ഇരിക്കും.മുഴങ്ങുന്ന ഒരു ചിരിക്കുവേണ്ടി അടൂത്ത അരിലോറിയുടെ ദിവസം വരെ കാത്തിരിക്കും.
  അബ്ദുവിന്റെ മായാത്ത ചിരിയും തളരാത്ത മനസ്സും തന്നെ ഒടുവിൽ ജയിച്ചു.അതിശയിക്കുമ്പോലെ അബ്ദുവിന്റെ അസുഖം മാറി.പൂർണ്ണമായി സുഖപ്പെട്ടു എന്നറിഞ്ഞപ്പോഴും അബ്ദു പഴയതുപോലെ ചിരിച്ചു.അതൊക്കെ എനിക്ക് നേരത്തെ അറിയാമായിരുന്നു സാറേ എന്ന ഭാവത്തോടെ.
  അവസാനത്തെ പരിശോധനയും കഴിഞ്ഞ് പോകാൻ നേരം ഞാൻ പറഞ്ഞു:
     “അസുഖം മാറി എന്ന് വെച്ച് ഇനി ആശുപത്രിയിൽ വരാതിരിക്കരുത്.എല്ലാമാസവും ചെക്കപ്പിന് വരണം.കുറേക്കാലത്തേയ്ക്ക് ഒന്നും മുടക്കരുത്.മരുന്നെടുത്തിരുന്നതുപോലെ നിർബന്ധമാണ് ഇതും.”
    “അതൊരു പ്രശ്നമല്ല സാറേ.അരിവണ്ടി ഈ റൂട്ടില് വരണോടത്തോളം കാലം ഞാൻ വരും.”
     അബ്ദുവിന്റെ വാക്ക് ഉറച്ചതാണ്.അതുപോലെ തന്നെ ഉറച്ചതായിരുന്നു അരിവണ്ടിയുടെ ട്രിപ്പുകളും.അരിവണ്ടി എത്തുന്ന ദിവസം അബ്ദു കൃത്യം ഹാജർ.മരുന്നിന്റെ ഭയമില്ലാത്തതുകൊണ്ടാവാം അബ്ദു പതിവിലും കൂടുതൽ തമാശകളുമായാണ് ഓരോ തവണയും എത്തിയത്.എല്ലാ മാസവും ഒ.പി.യിൽ ചിരി മുഴങ്ങി.
     അഞ്ചാറുമാസക്കാലം അബ്ദു മുടങ്ങാതെ വന്നു.പിന്നെ പെട്ടെന്ന് ഒരു ദിവസം അബ്ദുവിനെ കാണാതായി.മൂന്നാലുമാസം അടുപ്പിച്ച് കാണാതായപ്പോൾ എനിക്ക് അതിശയം തോന്നി.ആരെങ്കിലും വഴി അബ്ദുവിനെ ഒന്ന് അന്വേഷിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം അബ്ദു വീണ്ടും പ്രത്യക്ഷപ്പെട്ടത്.വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു.ചെറുതായൊന്ന് ദേഷ്യപ്പെടണമെന്ന് കരുതുമ്പോഴായിരുന്നു അബ്ദു പറഞ്ഞത്:
     “ഞാൻ ഒന്ന് സുഖമായി നടക്കുന്നത് കണ്ടപ്പോ പടച്ചവന് അസൂയ.എന്റെ കാര്യം പറഞ്ഞാൽ വല്യ തമാശയാണ് സാറേ.ഒന്ന് മാറുമ്പോൾ വേറൊന്നാ.എനിക്ക് ഹാർട്ട് അറ്റാക്ക് വന്നു.വളരെ സീരിയസായി കിടക്കായിരുന്നു.കുറേ ദിവസം ഐ.സി.യു വിലായിരുന്നു.ആശുപത്രീന്ന് ഇറങ്ങിയിട്ട് പിന്നേം ദേഹനങ്ങാൻ പാടില്ലാന്ന് പറഞ്ഞു.ദേഹനങ്ങാണ്ട് അരിവണ്ടിയിൽ കിടന്ന് വരാൻ പറ്റില്ലാല്ലോ.”
   ചിരി അടക്കാൻ പാടുപെട്ടാണ് അബ്ദു സംസാരിക്കുന്നത്.ക്യാൻസർ വന്ന് കഷ്ടി രക്ഷപ്പെട്ട ഒരാൾ ഹൃദ്രോഗിയായി മാറിയത് വലിയ തമാശയല്ലേ എന്ന മട്ടിൽ.അബ്ദു സിസ്റ്റർമാരെ നോക്കി എന്തോ തമാശ പറഞ്ഞു.അവരെല്ലാം വിളറിയ ഒരു ചിരിയോടെ എല്ലാം കേട്ടു നിൽക്കുന്നു.
   ഒരു വലിയ അത്ഭുതം പോലെ അബ്ദു എന്റെ മുൻപിൽ ഇരിക്കുകയാണ്.അബ്ദു വാതോരാതെ പിന്നെയും വിശേഷങ്ങൾ പറയുന്നു.ഞാനൊന്നും മിണ്ടാതിരുന്നു.കൂടുതൽ വലിയ തമാശക്കാരൻ അബ്ദുവോ ദൈവമോ എന്നറിയാതെ.
അബ്ദു വീണ്ടും മുടങ്ങാതെ ചെക്കപ്പിന് വരുവാൻ തുടങ്ങി.കാർഡിയോളജിസ്റ്റ് കൊടുക്കുന്ന ഗുളികകൾ ചിലപ്പോഴൊക്കെ എന്നെ കൊണ്ടു വന്ന് കാണിക്കും.കഴിക്കുന്ന ഗുളികകളുടെ എണ്ണം പറഞ്ഞ് എന്തെങ്കിലും തമാശ പൊട്ടിക്കും.
   ഒരു ദിവസം വന്നപ്പോൾ അബ്ദു പറഞ്ഞു:
   “സാറെന്നെ വഴക്ക് പറയില്ലാന്ന് പറഞ്ഞാൽ ഞാനൊരു കാര്യം പറയാം.”
  “എന്താ അബ്ദു കാര്യം?”
  “ഏയ്,അതു പറ്റില്ല.സാറെന്നെ വഴക്കുപറയില്ലാന്ന് ഉറപ്പുപറയണം.അല്ലെങ്കിൽ ഞാൻ പറയില്ല.”
   ഞാൻ ഒരു നിമിഷം മടിച്ചു.അടുത്തത് എന്ത് പ്രശ്നമാണ് അബ്ദു അവതരിപ്പിക്കാൻ പോകുന്നത് എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞു:
 “ഇല്ല, കാര്യം പറയൂ.”
   “ഓ, ഈ ജീവിതം വല്യേ പ്രശ്നാ സാറേ.ആകെ ടെൻഷൻ.നമ്മടെ കൈയിലുള്ള സൂക്കേടുകളാണെങ്കിൽ ഒന്നും ചെറുതല്ല.ജീവിതത്തിന് ഒരു രസൂല്യ സാറേ.അതോണ്ട് ഞാനൊരു കല്യാണം കൂടി കഴിച്ചു.നമുക്കും വേണ്ടേ എന്തെങ്കിലുമൊരു നേരമ്പോക്ക്.”
   എന്താ പറഞ്ഞത് എന്ന് അവിശ്വാസത്തോടെ പെട്ടെന്ന് ചോദിക്കാൻ തോന്നിയെങ്കിലും ഒന്നിനുമാകാതെ ഞാൻ അന്തം വിട്ടിരുന്നു.അബ്ദു എന്റെ മുഖത്തേക്ക് ഒരു കള്ളച്ചിരിയോടെ നോക്കുന്നു.അതിലെവിടെയോ ഒരു ‘പുയ്യാപ്ലയുടെ’ നാണം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
   അബ്ദു രണ്ടാമത്തെ വീടരുടെ വിശേഷങ്ങൾ പറഞ്ഞു.അങ്ങനെ വലിയ ആഘോഷമൊന്നും ഇല്ലാത്തതുകൊണ്ടാണ് കല്യാണത്തിന് വിളിക്കാത്തതെന്നും പറഞ്ഞു.അബ്ദു സംസാരിച്ചുകൊണ്ടേയിരിക്കുന്നു.എനിക്ക് കൂടുതൽ കൂടുതൽ അത്ഭുതങ്ങൾ തന്നുകൊണ്ട്.
   അരിവണ്ടിയുടെ മുടക്കമില്ലാത്തതുകൊണ്ട് അബ്ദു പതിവായി ചെക്കപ്പിന് വന്നു.ഹൃദ്രോഗം ഇപ്പോൾ കൂടുതലായി അലട്ടുന്നില്ലെന്ന് തോന്നി.കൂടുതൽ ഊർജ്ജസ്വലനായതുപോലെ.മുഖം കൂടുതൽ ചെറുപ്പ്പമായിരിക്കുന്നു.കരുതിവെക്കുന്ന ചില തമാശകളൊക്കെ ഇവിടെ എത്തുമ്പോഴേക്കും ഈയിടെയായി മറന്നുപോകുന്നു എന്ന് സങ്കടം പറഞ്ഞു.അന്ന് പതിവില്ലാത്തവിധം അബ്ദു വന്നയുടനെ ഒ.പി.യിലേക്ക് കടന്നു വന്നു.അബ്ദുവിന്റെ ഊഴം ആയിട്ടുണ്ടായിരുന്നില്ല.
    “എനിക്കിന്ന് ഒത്തിരി തെരക്കുണ്ട് സാറേ .കാത്തിരിക്കാനൊന്നും വയ്യ.പോയിട്ട് ഒരത്യാവശ്യമുണ്ട്.”
   “എന്ത് പറ്റു അബ്ദു? ഇന്നെന്താ അരിവണ്ടി നേരത്തേ തിരിച്ചുപോകുന്നുണ്ടോ?”
  “ഏയ് ,അതല്ല സാറേ ഇത് വേറൊരു കാര്യം.”
   അബ്ദു പെട്ടെന്ന് ചുറ്റും നോക്കി.എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.പതുക്കെ രഹസ്യം പറഞ്ഞു:
 “നമ്മടെ രണ്ടാമത്തെ കെട്ട്യോളില്ലേ,ഓളെ പ്രസവത്തിന് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കയാണ്.ഉടനെ അവിടെത്തണം.അതോണ്ട് എന്നെ പെട്ടൊന്നൊന്ന് വിടണം സാറേ.”
  വലിയൊരു ചിരി ഒതുക്കിപ്പിടിക്കാൻ ഞാൻ ആയാസപ്പെട്ടു.എത്രാമത്തെ തവണയാണ് അച്ഛനാകുന്നത് എന്ന് ഞാൻ അബ്ദുവിനോട് ഞാൻ ചോദിച്ചില്ല.സമയം കളയാതെ ചെക്കപ്പ് നടത്തി അബ്ദുവിനെ ഞാൻ വേഗം വിട്ടു.
   പിന്നെത്തെ മാസം അബ്ദു ചെക്കപ്പിന് വന്നില്ല.പ്രസവത്തിന്റെ പ്രാരാബ്ദങ്ങളുമായി നടക്കുകയായിരിക്കുമെന്ന് ഞാൻ കരുതി.രണ്ടു കുടുംബത്തിലെ കാര്യങ്ങൾ നോക്കിത്തീർക്കുന്നതിനിടയ്ക്ക് സമയം കിട്ടിക്കാണില്ല.
   അടുത്ത മാസവും അതിന്റെ അടുത്ത മാസവും അബ്ദു വന്നില്ല.മാസങ്ങൾതന്നെ കടന്നുപോയി.അരിവണ്ടിയുടെ ഈ പ്രദേശത്തേക്കുള്ള ട്രിപ്പ് എന്നന്നേക്കുമായി നിർത്തലാക്കിയോ? ഞാൻ സംശയിച്ചു.ഒട്ടും നിനച്ചിരിക്കാത്ത ഒരു ദിവസം പുതിയൊരു അത്ഭുതമായി വന്നുകയറാൻ പോകുന്ന അബ്ദുവിനെ ഞാൻ കാത്തിരുന്നു.
   ഒരു ദിവസം അബ്ദുവിന്റെ സുഹൃത്ത് എന്നെ കാണുവാൻ വന്നു.
   “ഒന്നുരണ്ടു മാസമായി ഞാൻ സാറിനെ ഒന്നുവന്ന് കാണണമെന്ന് വിചാരിച്ചിട്ട്.ഇവിടെ വരുമ്പോഴൊന്നും നേരം കിട്ടിയില്ല.
   അയാൾ പെട്ടെന്ന് സ്വരം താഴ്ത്തി.
    “നമ്മുടെ അബ്ദു മരിച്ചുപോയി സാറേ.ഏഴെട്ടു മാസമായി.പെട്ടെന്നൊരു ദിവസം നെഞ്ചുവേദന വന്നു.ആശുപത്രി എത്തുമ്പഴയ്ക്കും…”
   അയാൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി നിന്നു.പിന്നെ തിരിഞ്ഞു നടന്നു.
   ചലനമറ്റ് ഞാൻ നിന്നു.വലിയൊരു പൊട്ടിച്ചിരി കാറ്റിലൂടെ കടന്നുപോയി.ഞാൻ സ്വയം ചോദിച്ചു.’അരാണ് വലിയ തമാശക്കാരൻ.’