“എനിക്കൊരു സ്വപ്നമുണ്ട്” അമ്പതാണ്ടിലും തിളക്കം കുറയാതെ

martin_luther_king_ll_130819_16x9_992ലോകചരിത്രത്തെ ത്രസിപ്പിച്ച ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടി അമേരിക്കന്‍ സിവില്‍റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച വാഷിങ്ടണ്‍ മാര്‍ച്ചിലായിരുന്നു വിശ്വപ്രസിദ്ധമായ ആ പ്രസംഗം. 1963 ആഗസ്ത് 28ന് വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളിലൊന്നില്‍ നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മുപ്പത്തിനാലുകാരന്‍ സംസാരിച്ചത് രണ്ടരലക്ഷം പേരോടായിരുന്നു. ആ പ്രസംഗത്തിലെ സ്വപ്നത്തെക്കുറിച്ചു പറയുന്ന ഭാഗം ചുവടെ

എനിക്കൊരു സ്വപ്‌നമുണ്ട്..
ഒരു നാള്‍ നമ്മുടെ രാജ്യം അതിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസൃതമായി ഉയരുക തന്നെ ചെയ്യും.
എനിക്കൊരു സ്വപ്‌നമുണ്ട് ..
ഒരു നാള്‍ ജോര്‍ജിയയിലെ ചുവന്ന കുന്നുകളില്‍ അടിമകളുടേയും ഉടമകളുടേയും സന്താനങ്ങള്‍ സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റുമിരിക്കും.
എനിക്കൊരു സ്വപ്‌നമുണ്ട്…
അനീതിയുടേയും അസമത്വത്തിന്റെയും തീയാളുന്ന മിസ്സിസ്സിപ്പി പോലും സ്വാതന്ത്രത്തിന്റെയും നീതിയുടേയും മരുപ്പച്ചയാകും.
എനിക്കൊരു സ്വപ്‌നമുണ്ട്…
എന്റെ നാലു മക്കളും അവരുടെ നിറം കൊണ്ടല്ലാതെ സ്വഭാവസവിശേഷത കൊണ്ട് വിലയിരുത്തപ്പെടുന്ന നാട്ടില്‍ ജീവിക്കും.
എനിക്കൊരു സ്വപ്‌നമുണ്ട്..
തടസ്സത്തിന്റെയും ദൗര്‍ബല്യത്തിന്റെയും വാക്കുകള്‍ മാത്രം ഉരുവിടുന്ന ഗവര്‍ണര്‍മാരുള്ള അലബാമ സംസ്ഥാനം തീര്‍ച്ചയായും മാറും.
എനിക്കൊരു സ്വപ്‌നമുണ്ട്…
കറുത്ത വര്‍ഗക്കാരായ കുട്ടികളും വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികളും കൈകോര്‍ത്ത് സഹോദരങ്ങളെപ്പോലെ നടന്നു നീങ്ങും.
എനിക്കൊരു സ്വപ്‌നമുണ്ട്..
എല്ലാ താഴ്‌വരകളും ഉയര്‍ത്തപ്പെടുന്ന നാള്‍ വരും. കുന്നുകളും പര്‍വതങ്ങളും താഴ്ന്നു വരുന്ന അന്ന്, കുണ്ടും കുഴിയും നിറഞ്ഞ ഇടങ്ങള്‍ സമതലങ്ങളാകും. വളഞ്ഞ ഇടങ്ങള്‍ നേരെയാകും. ദൈവത്തിന്റെ മഹത്വം വിളമ്പരം ചെയ്യുന്ന ആ സന്ദര്‍ഭത്തെ മനുഷ്യരെല്ലാം ഒന്നിച്ചു കാണും.