ഇടറി വീണ ഹിന്ദുസ്ഥാനി സംഗീതം

vayanamuri.com-marade04ശരത്ചന്ദ്ര മറാഠെ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. അവസാന നാളുകൾ ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. മാസങ്ങൾക്ക് മുമ്പ് വായനമുറിക്ക് വേണ്ടി കെ പി സജീവൻ നടത്തിയ സംഭാഷണം

– കെ പി സജീവന്‍ –

‘ലോകത്തൊരു കലാകാരനും ഇനി ഈ ഗതി വരരുത്… എന്തൊരു ജന്‍മമാ ഞങ്ങളുടേത്… ഇവിടെ കിടന്ന് മരിച്ചാല്‍ പോലും പുറത്താരും അറിയില്ല. അല്ലെങ്കില്‍ എന്തിന് ഞങ്ങളുടെ കാര്യം പറയുന്നു. ഏതു കലാകാരനെയാണ് ജീവിച്ചിരിക്കുമ്പോള്‍ ഈ നാട് ആദരിച്ചത്. ആ ബാബുരാജൊക്കെ എങ്ങനെയാ മരിച്ചത്. ഇപ്പോള്‍ വര്‍ഷാവര്‍ഷം അനുസ്മരണങ്ങളും സ്മാരക അവാര്‍ഡുകളും ഗാനസന്ധ്യകളും ഒരുക്കുന്നവര്‍ ആ മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കിയോ? മിക്കപ്പോഴും കടത്തിണ്ണകളും ബസ് സ്റ്റാന്റുകളുമൊക്കെയായിരുന്നില്ലേ ആശ്രയം. മരിച്ചപ്പോള്‍ ചെയ്തതിന്റെ നൂറിലൊന്നെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്തിരുന്നെങ്കിലോ?’

ഇത് മനീഷ മറാഠെ. ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മണ്ണിലേക്ക് പറിച്ചു നട്ട വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര ആര്‍ മറാഠെയുടെ ഭാര്യ. രാജ്യത്തു തന്നെ എടുത്താല്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഔന്നിത്യമുള്ള പ്രതിഭക്ക് ആശ്രയിക്കാനുള്ള ഏക അത്താണി. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിക്കു മുമ്പിലൂടെ നിരവധി ഊടുവഴികള്‍ കടന്നാല്‍ ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന ഹൗസിംഗ് ബോര്‍ഡിന്റെ വീട്ടിലെത്താം. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം താമസിച്ച കോഴിക്കോട് ചിന്താവളപ്പിലെ വാടക വീടിനെ വെച്ചു നോക്കുമ്പോള്‍ മഴവെള്ളം കയറില്ല, ചോര്‍ന്നൊലിക്കുന്നില്ല, ദുര്‍ഗന്ധങ്ങളൊന്നുമില്ല. അധികൃതര്‍ അവകാശപ്പെട്ടതു പോലെ എല്ലാം കൊണ്ടും ഭദ്രം.

അഞ്ചുവര്‍ഷം മുമ്പുള്ള ഒരു വിഷു ദിനത്തില്‍ എം എല്‍ എയും ജില്ലാ കളക്ടറും മാധ്യമപ്പടയുമെല്ലാം ചേര്‍ന്ന് ആര്‍ഭാട പൂര്‍വ്വം നടത്തിയ പാലുകാച്ചലിനു ശേഷം ഇക്കഴിഞ്ഞ ദിവസം മറാറെയുടെ വീട് തേടിപ്പിടിച്ച് ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. വിഖ്യാത സംഗീതകാരന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കാന്‍ പോലും ഒരാളെ കാണാനില്ലാതെ വിജനമായിക്കിടക്കുന്ന സ്ഥലം. തൊട്ടടുത്തെല്ലാം ഹൗസിംഗ് ബോര്‍ഡിന്റെ കുറെ വീടുകളുണ്ടെങ്കിലും അതെല്ലാം അടഞ്ഞു കിടക്കുന്നു. ഒടുക്കം അഞ്ചുവര്‍ഷം മുമ്പുള്ള ഓര്‍മ്മവെച്ച് ഒരു വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അതു ചത്തുകിടക്കുന്നു. മടിച്ചിട്ടാണെങ്കിലും വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ രണ്ടു കട്ടിലിലായി മറാഠെയും മനീഷയും കിടന്നുറങ്ങുന്നു. ശല്യപ്പെടുത്തേണ്ടെന്നു കരുതി ശബ്ദം താഴ്ത്തി വിളിച്ചപ്പോള്‍ മറുപടിയൊന്നും ഉണ്ടായില്ല. ഒടുക്കം തട്ടിവിളിക്കേണ്ടി വന്നു. മനീഷ ഞെട്ടി എഴുന്നേറ്റു. പത്രക്കാരാണെന്നു പറഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ന്നു,

‘മരിച്ചിട്ടില്ലല്ലോ.. പിന്നെന്തിനാ…’
പൊള്ളുന്ന ചോദ്യത്തോട് പ്രതികരിക്കാതിരുന്നപ്പോള്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചെങ്കിലും അവര്‍ അതിന് മറുപടി പറഞ്ഞു.

‘വയ്യ കുട്ടീ. അദ്ദേഹത്തേക്കാളും കഷ്ടാ കാര്യം. രണ്ടു കാലിനും സ്വാധീനമില്ലാതായി. വടിയില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റുന്നില്ല. എനിക്ക് ഓര്‍മ്മയെങ്കിലുമുണ്ട്. അദ്ദേഹത്തിനാണെങ്കില്‍ ഓര്‍മ്മയുമില്ല, സംസാരിക്കാനും പറ്റുന്നില്ല.’

അപ്പോഴാണ് മറാഠെയുടെ കിടപ്പ് ശ്രദ്ധിച്ചത്. നട്ടുച്ച നേരമായിട്ടു പോലും അദ്ദേഹം അനക്കമില്ലാതെ കിടന്നുറങ്ങുന്നു. ഹിന്ദുസ്ഥാനിയില്‍ സംഗീത വിസ്മയം തീര്‍ത്തൊരു മനുഷ്യന്‍ ഇപ്പോളിങ്ങനെ ആരെയും തിരിച്ചറിയാതെ ഒരു രാഗ വിസ്താരം പോലും തീര്‍ക്കാനാവാതെ..
‘ഒരുകണക്കിന് അദ്ദേഹത്തിനാണ് സുഖം. ഇവിടെ നടക്കുന്നതൊന്നും അറിയേണ്ടല്ലോ. നേരാംവണ്ണം വിശപ്പു പോലുമില്ലാത്തതിനാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തയുമില്ല. ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഈ കിടപ്പ്. മാനസിക നില തെറ്റിയിരിക്കുന്നു. എന്തെങ്കിലും പിച്ചും പേയും പറയും. അദ്ദേഹത്തെ പരിചരിക്കാന്‍ വേണ്ടിയുള്ള ജന്‍മമായിരുന്നു എന്റേത്. പക്ഷെ, കൈയ്യെത്തുന്നിടത്ത് കാലെത്താത്ത അവസ്ഥയില്‍ ഞാനെന്തു ചെയ്യും?’

marade02-1024x668പിന്നീട് സങ്കടത്തിന്റെ കെട്ടുകള്‍ മനീഷാത്ത ഓരോന്നായി ഇറക്കിവെച്ചു. ‘നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ഒച്ചപ്പാടുണ്ടാക്കിയപ്പോഴാണ് അന്നത്തെ എം എല്‍ എയും കളക്ടറുമെല്ലാം ചേര്‍ന്ന് ഇവിടെ ഒരു വീടു തന്നത്. ആദ്യത്തെ ഒന്നു രണ്ടു മാസം പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പലരും വന്നു പോയി. പലഭാഗങ്ങളില്‍ നിന്നും സഹായങ്ങളുമുണ്ടായി. പക്ഷെ, പതിയെ എല്ലാം നിലച്ചു. ചിന്താവളപ്പിലായിരുന്നപ്പോള്‍ സന്ദര്‍ശകരും മാഷിന്റെ ശിഷ്യന്‍മാരും സുഹൃത്തുക്കളുമെല്ലാമായി സദാസമയവും ആളുകള്‍ വന്നിരുന്നു. വരുന്നവര്‍ തരുന്ന ചില്ലറ സഹായങ്ങള്‍ക്കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു. ഇവിടെ ഇത്രയും അകലെ ആരു വരുവാനാ? പലരും മെഡിക്കല്‍ കോളേജ് വരെ വന്നിട്ടു പോലും വീട്ടിലേക്കുള്ള വഴിയറിയാതെ മടങ്ങിപ്പോവുന്നു. അവിടെയായിരുന്നപ്പോള്‍ കൃത്യമായി കിട്ടിക്കൊണ്ടിരുന്ന അവശകലാകാരന്‍മാര്‍ക്കുള്ള 500 രൂപ പെന്‍ഷന്‍, ഇവിടെ ആദ്യ രണ്ടുമാസം മാത്രമാണ് കിട്ടിയത്. എന്തൊക്കെയോ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ അതു നിന്നു. പിന്നെ പല സന്നദ്ധ സംഘടനകളും നല്‍കി പോന്ന സഹായങ്ങളും രണ്ടു മൂന്നു മാസം തുടര്‍ന്നു. ചുരുക്കം ചിലരുടെ സഹായങ്ങള്‍ മാത്രമാണ് ആകെയുള്ള ആശ്രയം. സഹായത്തിന് ഇവിടെ ഒരു സ്ത്രീ വന്നിരുന്നു. എനിക്കും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടെ ഭക്ഷണമെല്ലാം അവര്‍ വെച്ചു തരുന്നു. അവര്‍ക്ക് മാസം 3000 രൂപ കൊടുക്കണം. പിന്നെ ഭക്ഷണ സാധനങ്ങള്‍ വേണം. കറന്റ് ചാര്‍ജ് വേണം. ചെറുതാണെങ്കിലും വാടകയെന്ന പേരില്‍ മാസം നൂറു രൂപ വേറെയും. ഭക്ഷണം വേണമെങ്കില്‍ എല്ലാ ദിവസവും തിന്നേണ്ടെന്നു വെക്കാം. പക്ഷെ, പരിചരിക്കുന്ന സ്ത്രീക്ക് കൊടുക്കാനുള്ളതെങ്കിലും വേണ്ടേ.. ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ കിട്ടിയ കുറച്ച് പണം ബാങ്കിലുണ്ടായിരുന്നു. ഇടക്ക് തീരെ വയ്യാതായപ്പോള്‍ എനിക്കൊരു ഓപ്പറേഷനും കുറേക്കാലത്തെ ആശുപത്രി വാസവും വേണ്ടി വന്നു. അതില്‍ നിന്നും അങ്ങനെ കുറെ പോയി. ഇപ്പോള്‍ മാഷിനുള്ള മരുന്നെങ്കിലും വാങ്ങേണ്ടേ.. ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്. നല്ലകാലത്ത് ഒരാളുടെ കൈയ്യില്‍ നിന്നു നൂറു രൂപ പോലും പറ്റാതിരുന്ന മാഷിപ്പോള്‍ ഇങ്ങനെയൊരു ഗതിയിലായത് സഹിക്കാനാവുന്നില്ല…’ മനീഷത്ത കരഞ്ഞു തുടങ്ങിയിരുന്നു.

ഒരു വിനായക ചതുര്‍ഥി നാളില്‍ മട്ടാഞ്ചേരി ക്ഷേത്രത്തില്‍ കച്ചേരിക്കിടെ കണ്ടു മുട്ടിയതാണ് ശരത് ചന്ദ്ര മറാഠെ മനീഷയെ. അതുവരെ കേട്ടു ശീലമില്ലാത്ത ഹിന്ദുസ്ഥാനി സംഗീതം ഹൃദയത്തിലേക്കാവാഹിക്കിമ്പോള്‍ കൂടെ മഹാരാഷ്ട്രക്കാരനായ ആ സംഗീതജ്ഞനും മനസ്സില്‍ കൂടുകൂട്ടി. മനീഷയുടെ മനസ്സറിഞ്ഞ പോലെ കൂടെപ്പോരുന്നോയെന്ന ചോദ്യത്തിന് മറുപടിയൊന്നും നല്‍കാതെ ഇറങ്ങിത്തിരിച്ചതാണ്. ഇപ്പോള്‍ വര്‍ഷം പത്തറുപത്തഞ്ചു കഴിഞ്ഞു. മറാഠെയെന്ന സംഗീതജ്ഞന്റെ പ്രശസ്തിയുടെ തണലില്‍ അര നൂറ്റാണ്ടിലേറെക്കാലം ജീവിച്ചിട്ടിപ്പോള്‍ അവസാന കാലം ഇങ്ങനെ ദുരിതക്കയത്തില്‍ താണുപോയത് അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല.

marade03-1024x557‘നിങ്ങളറിയോ ഈ വീട്ടിലേക്കിപ്പോള്‍ വിവരം അന്വേഷിച്ച് ആരെങ്കിലും വന്നിട്ട് മാസങ്ങളായി. വല്ലപ്പോഴും വരുന്നത് പരിചാരിക മാത്രം. അവര്‍കൂടി ഇല്ലെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഇവിടെ കിടന്ന് ചത്തു പോയാല്‍ പുറത്താരും അറിയണമെങ്കില്‍ എത്ര ദിവസം കഴിയേണ്ടി വരും…. പുഷ്പ ചക്രം സമര്‍പ്പിക്കാനും അനുശോചിക്കാനും വരുന്നവര്‍ക്ക് ദുര്‍ഗന്ധം കാരണം ഇങ്ങോട്ട് കയറാനാവുമോ…’ മനീഷയുടെ വാക്കുകളില്‍ നിന്ന് ഒരക്ഷരം പോലും വെട്ടിമാറ്റാന്‍ തോന്നുന്നില്ല. അവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം വരച്ചിടാന്‍ ഈ വാക്കുകള്‍ ഇങ്ങനെ തന്നെ കൊടുക്കാതെ നിവൃത്തിയില്ല.

മാധ്യമങ്ങള്‍ ഇളക്കിവിട്ട ഒരു പ്രതിസന്ധി മാത്രമായിരുന്നു ജില്ലാ ഭരണകൂടത്തിന് അന്ന് മറാഠെ. ചിന്താവളപ്പിലെ വാടകവീട്ടില്‍ നിന്നും പ്രശ്‌നപരിഹാരമായി മെഡിക്കല്‍ കോളേജിന്റെ ഒരു മൂലയില്‍ ആവശ്യക്കാരില്ലാതെ അടച്ചിട്ട ഹൗസിംഗ് ബോര്‍ഡിന്റെ ഒരു വീട് എളുപ്പത്തില്‍ കണ്ടെത്തിക്കൊടുത്തപ്പോള്‍ വലുതായിട്ടെന്തോ ചെയ്ത ഭാവമായിരുന്നു അധികൃതര്‍ക്ക്. കൊട്ടിഘോഷിച്ച് അങ്ങനെയൊരു ബാധ്യത നിറവേറ്റുമ്പോള്‍ ഈ ആളുകേറാമൂലയില്‍ അവര്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്നു മാത്രം ആരും ചിന്തിച്ചില്ല. മാത്രമല്ല, അതു വരെ കിട്ടിയിരുന്ന പെന്‍ഷന്‍ പോലും നിലച്ചിട്ട്, മനീഷ മുഖ്യമന്ത്രിക്കു വരെ അപേക്ഷ അയച്ചിട്ടും ആരും കുലുങ്ങിയില്ല.

1929-ല്‍ മഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ രഘുനാഥ് മറാഠെയുടെയും ജാനകിയുടെയും മകനായിട്ടാണ് ശരത്ചന്ദ്ര മറാഠെയുടെ ജനനം. അച്ഛനില്‍ നിന്നാണ് സംഗീതം പകര്‍ന്നു കിട്ടിയത്. ചെറുപ്പം മുതല്‍ ഹിന്ദുസ്ഥാനിയുടെ ആഴങ്ങളിലേക്കിറങ്ങിയ മറാഠെ അവിടെ റെയില്‍വേയില്‍ സ്റ്റെനോഗ്രാഫറായി ജോലി നോക്കുമ്പോഴാണ് ഒട്ടും നിനക്കാതെ 1951-ല്‍ കേരളത്തില്‍ എത്തിപ്പെടുന്നത്. ഗുരു മനോഹര്‍ ബറുവേയുടെ നിര്‍ദ്ദേശ പ്രകാരം പൂമുള്ളിമനയിലെ രാമന്‍ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനായിരുന്നു നിയോഗം. തന്റെ വഴി സംഗീതത്തിന്റേതാണെന്നു തിരിച്ചറിഞ്ഞ് ജോലിയും നാടും വിട്ട് അങ്ങനെ കേരളത്തില്‍ കുടിയേറി. ഒരു വര്‍ഷം കൊണ്ട് നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിച്ചെങ്കിലും പിന്നീട് മറാഠെ ജന്‍മനാട്ടിലേക്ക് മടങ്ങിയില്ല. ഹിന്ദുസ്ഥാനിയില്‍ മറാഠെക്കുള്ള അപാര കഴിവ് തിരിച്ചറിഞ്ഞ് കോഴിക്കോട്ടെ സംഗീത പ്രേമിയും കൊപ്രക്കച്ചവടക്കാരനുമായ ശ്രീരാംഗരുചറാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. എട്ടുവര്‍ഷത്തോളം ഗുരുചറിന്റെ വീട്ടില്‍ താമസിച്ചു കൊണ്ടു കേരളത്തിലങ്ങോളമിങ്ങോളം മറാഠെ ഹിന്ദുസ്ഥാനിയെ പരിചയപ്പെടുത്തി. പിന്നീട് ചിന്താവളപ്പിലെ വാടകവീട്ടിലേക്ക് താമസം. മറാഠെയില്‍ ആകൃഷ്ടരായി അന്തരിച്ച സംവിധായകന്‍ അരവിന്ദനും ബാബുരാജും ഇങ്ങേയറ്റത്ത് ഗസല്‍ ഗായകന്‍ അനില്‍ ബിശ്വാസും വരെ ചിന്താവളപ്പിലെ നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ കൂട്ടത്തില്‍ ഊഴക്കാരായെത്തി. അരവിന്ദന്റെ നിര്‍ബന്ധത്തില്‍ മൂന്നു സിനിമകള്‍ക്കും നിരവധി നാടകങ്ങള്‍ക്കും സംഗീതം പകര്‍ന്നു. കോഴിക്കോടിന്റെ സംഗീത സന്ധ്യകളില്‍ സ്ഥിരം സാന്നിദ്ധ്യമായി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിധിതീര്‍പ്പു വേദികളില്‍ അവസാന വാക്കുമായി. ബാബുരാജിന്റെ പാട്ടുകള്‍ക്കുള്ള ഹിന്ദുസ്ഥാനി ഭാവം മറാഠെയുടെ സംഭാവനയായിരുന്നു.

ഒടുക്കം മാന്ത്രിക സ്പര്‍ശമുള്ള ആ വിരലുകളും തൊണ്ടയും ചലനമറ്റ് ശരീരം കട്ടിലില്‍ ചാഞ്ഞുറങ്ങുമ്പോള്‍ ആളൊഴിഞ്ഞ ആ വീട്ടില്‍ വഴിതെറ്റിപ്പോലും ആരും എത്തുന്നില്ല..