സിപിഎം ഒരുക്കുന്നു ‘സഖാവ് മണ്ടോടികണ്ണന്‍’

cpmഅറുപത് വര്‍ഷത്തിനുശേഷം കമ്യുണിസ്റ്റ് പാര്‍ടിയുടെ സമര ചരിത്രം ഒരു മുഴുനീള നാടകമാവുന്നു

സിപിഎം ഒരുക്കുന്നു……..
‘സഖാവ് മണ്ടോടികണ്ണന്‍’

കെ.പി.സജീവന്‍
1949 മാര്‍ച്ച് മാസം. ലോക്കപ്പ് മര്‍ദ്ദനത്തിന് കുപ്രസിദ്ധിനേടിയ വടകര പൊലീസ്റ്റേഷനില്‍ നിന്നും പൊലീസ് ഇന്‍സ്പക്ടറുടെ കൊലവിളി ഉയരുന്നു. ‘വിളിയെടാ ജെയ്. ജവഹര്‍ലാല്‍ നെഹ്‌റു കി ജയ്, കോണ്‍ഗ്രസ് സര്‍ക്കാര്‍കീ ജയ്… ഒറ്റത്തവണയെങ്കിലും അങ്ങനെ വിളിച്ചാല്‍ നിന്നെ വിട്ടയക്കാം..’ പൊലീസ് ഇന്‍സ്പക്ടറുടെ ആക്രോശത്തിനു മുകളിലേക്ക് മറുപടിയായി ആ ജയ്‌വിളി ഉയര്‍ന്നു..’ഇംക്വിലാബ് സിന്ദാബാദ്…കമ്യുണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്…’ പിന്നീടങ്ങോട്ട് വിവരണാതീതമായിരുന്നു മര്‍ദ്ദന മുറകള്‍. ലോക്കപ്പ് മുഴുവന്‍ സഖാവിന്റെ ശരീരത്തില്‍ നിന്നൊഴുകിയ ചോര കൊണ്ട് നിറഞ്ഞു. ആ ചോരയില്‍ കൈമുക്കി ലോക്കപ്പിന്റെ വെള്ള ചുമരില്‍ ധീര സഖാവ് വരച്ചിട്ടു, അരിവാള്‍ ചുറ്റിക….വര്‍ഷം ഏറെ കടന്നുപോയെങ്കിലും പിന്നീടിങ്ങോട്ട് സിപിഎം സമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മണ്ടോടി കണ്ണനും ഒഞ്ചിയം രക്തസാക്ഷിത്വവും.

കൊടിയ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ പിറ്റേദിവസം1949 മാര്‍ച്ച് നാലിന് വടകര ധര്‍മാശുപത്രിയിലാണ് ഒഞ്ചിയത്തിന്റെ ധീരപുത്രന്‍ മ്യുോടികണ്ണന്‍ രക്ത സാക്ഷിത്വം വരിക്കുന്നത്. മണ്ടോടികണ്ണന്‍ വേട്ടയാടപ്പെടാനിടയാക്കിയ ഒഞ്ചിയം വെടിവെപ്പ് നടക്കുന്നത് 1948 ഏപ്രില്‍ 30നും. അരനൂറ്റാണ്ടിനിപ്പുറത്ത് മണ്ടോടികണ്ണനും ഒഞ്ചിയം രക്തസാക്ഷിത്വവും പുനര്‍ജനിക്കുകയാണ്. പുതിയ കാലഘട്ടത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളെ സാംസ്‌കരികമായും ചരിത്രപരമായും നേരിടുകയെന്ന ലക്ഷ്യവുമായി. സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിനുകീഴില്‍ നവ ചേതന റെഡ്‌ഫൈറ്റേഴ്‌സ് തീയേറ്റര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ നാടകം സഖാവ് മണ്ടോടികണ്ണനാണ് അത്തരൊമൊരു നിയോഗം ഏറ്റെടുത്തിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവഴികളില്‍ കെപിഎസിയിലൂടെയും അല്ലാതെയും നിരവധി നാടകങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ ഏറെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ കഥാസന്ദര്‍ഭങ്ങളില്‍ പറഞ്ഞുപോകുന്നവയായിരുന്നു. 1952ല്‍ കെപിഎസിയില്‍ നിന്ന് പിറന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ആയിരുന്നു ഒരു മുഴുനീള കമ്യൂണിസ്റ്റ് നാടകം. കേരളത്തിലങ്ങോളം ആ നാടകം ഉണ്ടാക്കിയ ചലനം പാര്‍ട്ടിയുടെ പിന്നീടുള്ള വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ചലുത്തിയ സ്വാധീനം ചില്ലറയൊന്നുമല്ല. 60വര്‍ഷത്തിനുശേഷം കോഴിക്കോട്ടെ പാര്‍ട്ടി മണ്ടോടികണ്ണനെന്ന നാടകത്തിലൂടെ ലക്ഷ്യം വെക്കുന്നതും ഇതില്‍ കുറഞ്ഞൊന്നുമല്ല.

10ആധുനിക നാടകവേദിയുടെ അമരക്കാരനെന്ന  നിലയില്‍ പ്രശസ്തനായ ജയന്‍ തിരുമനയാണ് നാടകത്തിന്റെ രചനയും സംവിധാനവും.സഹായ സഹകരണങ്ങളുമായി നാടക അവാര്‍ഡുകളുടെ നിറവില്‍ വിനയാന്വിതനായി നില്‍ക്കുന്ന മനോജ് നാരായണന്‍. നടീനടന്‍മാരായി ഉഷാ നാരായണന്‍, ശിവദാസ് ചെമ്പ്ര,ആണ്ടൂര്‍ ബാലകൃഷ്ണന്‍, ശിവദാസ് പടിഞ്ഞാറത്തറ, രാമന്‍ മട്ടന്നൂര്‍, ലക്ഷ്മി കേടേരി, ഇന്ദു തിരുവണ്ണൂര്‍, ബീജു രാജഗരി എന്നിവര്‍. എല്ലാറ്റിനം സഹായ സഹകരണവുമായി സിപിഎം നേതാവും കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയരക്ടറുമായ കെ.ടി.കുഞ്ഞികണ്ണനും.

ആഗസ്റ്റ് 15ന് നാടകം കേരളത്തിന്റെ അരങ്ങിലെത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ജയന്‍ തിരുമന പറഞ്ഞു. ആകാശ ചെരുവില്‍ അടിമകളുടെ മോചന മന്ത്രം തിരഞ്ഞ അനശ്വരനായ രക്ത സാക്ഷിയാണ് മണ്ടോടികണ്ണന്‍. മര്‍ദ്ദനത്തിന്റെ തീമഴക്കലാത്ത് വസന്തത്തിന്റെ ഇടിമുഴക്കത്തിന് ചങ്കിലെ ചോര നല്‍കിയ നക്ഷത്ര സഖാവ്, തലമുറകള്‍ക്ക് ആവേശത്തിന്റെ അരണി കടയാന്‍ ഒഞ്ചിയം സമ്മാനിച്ച ധീര സമര ഭടന്‍…വിശേഷണങ്ങള്‍ ഒരുപാടാണ് മണ്ടോടികണ്ണന്‍ എന്ന സഖാവിന്. ആ യോദ്ധാവിന്റെ ജീവിത കഥ വര്‍ത്തമാനകാല സമരമുന്നേറ്റങ്ങള്‍ക്ക് ആവേശമാവാന്‍ അരങ്ങിന്റെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ഈ നടകം ലക്ഷ്യം വെക്കുന്നതെന്നും ജയന്‍ കൂട്ടിച്ചേര്‍ത്തു.

കേരള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവ കാലം മുതല്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മണ്ണാണ് കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം. 1939ല്‍ മണ്ടോടികണ്ണന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരിക്കപ്പെടുന്നത് ഒഞ്ചിയത്താണ്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായ നാല്‍പതുകളില്‍ പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും ഭരണ പക്ഷത്തിനുമെതിരെ ഒഞ്ചിയത്ത് പോരാട്ടങ്ങള്‍ തുടങ്ങി. ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്ത് പട്ടിണിപ്പാവങ്ങള്‍ക്ക് വിതരണം ചെയ്തു. എല്ലാറ്റിനും നേതൃത്വം മണ്ടോടി കണ്ണനായിരുന്നു. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍ വിറളി പൂണ്ട ഭരണാധികാരികള്‍ എംഎസ്പിക്കാരേയും അക്കാലത്ത് കോണ്‍ഗ്രസിന്റെ ദേശരക്ഷാ സേനയെന്ന ചെറുപയര്‍പട്ടാളത്തേയും കെട്ടഴിച്ച് വിട്ട് കമ്യൂണിസ്റ്റ് വേട്ടയ്ക്കിറങ്ങി. 1948 ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലിന് അവര്‍ മനോടികണ്ണന്റെ വീട്ടില്‍ ഇരച്ചുകയറി. കണ്ണനെ കിട്ടാത്തതിന്റെ രോഷം തീര്‍ക്കാന്‍ സമീപത്തെ വിടുകളെല്ലാ തല്ലിത്തകര്‍ത്ത് തീയിട്ടു. കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയേയും മകന്‍ കണാരനേയും പിടികൂടി കൈയ്യാമം വെച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. പിന്നാലെ അവരെ വിടണമെന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ്കാരും കുടുംബാംഗങ്ങളും. ഒഞ്ചിയം ചെന്നാട്ട് താഴ വയലിലെത്തുമ്പഴേക്കും പൊലീസിനേയും ഗുണ്ടകളേയുമെല്ലാം ജനം വളഞ്ഞിരിക്കുന്നു. ഇന്‍സ്പക്ടര്‍ തലൈമ പിരിഞ്ഞുപോകാന്‍ ആവശ്യപെട്ടു. എന്നാല്‍ പിടിച്ചവരെ വിടാതെ പിരിയില്ലെന്ന് ജനക്കൂട്ടം. കോപാകുലനായ ഇന്‍സ്പക്ടറും സംഘവം ജനക്കൂട്ടത്തിനുനേരെ 17 ചുറ്റ് വെടി ഉതിര്‍ത്തു. ചെന്നാട്ട് താഴെ വയലില്‍ ചോരയൊഴുകി. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ.എം.ശങ്കരന്‍, സി.കെ.ചാത്തു, വി.പി.ഗോപാലന്‍, സി.കെ.രാഘൂട്ടി അങ്ങനെ എട്ടുപേര്‍ അവിടെ പിടഞ്ഞുവീണ് മരിച്ചു. മൃതദേഹങ്ങള്‍ പച്ചോലയില്‍ കെട്ടിവലിച്ച് വെള്ളികുളങ്ങരവരെ കൊണ്ടു പോയി . അവിടുന്ന് ലോറിയിലിട്ട് കൊണ്ടു പോയി പുറങ്കര കടപ്പുറത്ത് ഒറ്റ കുഴി കുത്തി കുഴിച്ചുമൂടി. തുടര്‍ന്നും പൊലീസിന്റെ കിരാത വാഴ്ച ഒഞ്ചിയം മേഖലയില്‍ നടന്നു. മണ്ടോടികണ്ണനായിരുന്നു ലക്ഷ്യം. കണ്ണനെ കിട്ടുംവരെ ഒരാളും ഉറങ്ങില്ലെന്നായിരുന്നു പ്രഖ്യാപനം. ഒടുക്കം ഒരു വര്‍ഷത്തോളം പാര്‍ട്ടി നിര്‍ദ്ദേശാനുസരണം ഒളിവില്‍ കഴിഞ്ഞ കണ്ണന്‍ തന്റെപേരില്‍ നാട്ടുകാര്‍ അനുഭവിക്കുന്ന കൊടിയ പീഢനങ്ങള്‍ക്ക് അറുതിവരുത്താന്‍ പൊലീസിന് പിടികൊടുക്കുകയായിരുന്നു.
മണ്ടോടികണ്ണന്റേയും ഒഞ്ചിയം പോരാട്ടങ്ങളുടേയും സമരചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ചരിത്രം അന്യമായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയില്‍ വെളിച്ചം വീശുകയാണ് അര നൂറ്റാണ്ടിനുശേഷം നാടകം ലക്ഷ്യമിടുന്നത്.
മുരുകന്‍ കാട്ടക്കടയാണ് ഗാനരചന. സംഗീതം ആലപ്പി ഋഷികേശും.