മുത്ത് : ലീല എം ചന്ദ്രന്‍

muthuലീല എം ചന്ദ്രൻ എഴുതിയ മുത്ത്‌ കൃത്രിമം കലരാത്ത മാപ്പിള ഭാഷയിൽ എഴുതപ്പെട്ട ഹൃദയ സ്പർശിയായ നോവലാണ്‌…..   കണ്ണുനീരിൽ കുതിർന്ന ഒരു ബാല്യത്തിന്റെ കഥ. പാകമാകാത്ത ബുദ്ധിയും മനസ്സും കൊണ്ട് വിവർണ്ണനാകുന്ന മുത്ത്‌ എന്ന് വിളിക്കുന്ന മുത്തലിബിനെയാണ് ഈ നോവലിന്റെ ആദ്യാവസാനം കാണാൻ കഴിയുക. മുത്തിനെ അവന്റമ്മ യത്തീംഖാനയിലാക്കി മടങ്ങിയത് മുതൽ ആ പിഞ്ചു മനസ്സ് പിടയുകയായിരുന്നു. ”പൊന്നാടിനെ ബീരാനിക്കാക്ക് ബിറ്റ പോലെ ഉമ്മ തന്നെയും ഈ അറവുശാലയിൽ ഏൽപ്പിച്ചു പോയി എന്ന് കരുതുന്ന മുത്തിന്റെ  ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളും വായനക്കാരന്റെ മനസ്സിൽ വിങ്ങൽ ബാക്കി വയ്ക്കും. തളിപറമ്പ് കേന്ദ്രമായ സീയെല്ലെസ് ബുക്സ് ആണ് പ്രസാധകർ. പുസ്തകം വായനമുറിയിലൂടെ ഓർഡർ ചെയ്യാം.
മുത്ത്
പ്രൊഫ. മുഹമ്മദ് അഹമ്മദ് എഴുതിയ മുഖവുര
ഈ നോവലിൽ നിലാവെളിച്ചം പോലെ തകർച്ചയിൽ നിന്ന് ജീവിതത്തിലേക്ക് വന്നണയുന്ന ഒരു കുട്ടിയുടെ മാനസിക ഘടനയെക്കുറിച്ച് നാം പഠിക്കും . അതോടൊപ്പം ഇവിടെ ഇടക്കുമാത്രം തലനീട്ടിക്കാണിക്കുന്ന ഒരദ്ധ്യാപികയുടെ ‘നല്ലപാഠ’വുമുണ്ട്. ക്ലാസിൽ പേര്  ചോദിച്ചപ്പോൾ ഉമ്മാന്റെ മുത്ത് എന്ന് പറയുന്ന കുട്ടിയുടെ വാക്കുകൾ ഫലിതത്തോടെ ആസ്വദിക്കുന്നതോടൊപ്പം മാതൃഭാവത്തിന്റെ അമ്മിഞ്ഞ നുകരുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദയസ്പന്ദനം മനസ്സിലാക്കുന്ന ഒരു ടീച്ചർ ഈ നോവലിന് പരഭാഗശോഭ നൽകുന്നുണ്ട്. അദ്യമാദ്യം ഒരു വാക്കുപോലും ഉരിയാടാത്ത, ഒരക്ഷരം പോലും എഴുതാത്ത മുത്ത് എന്ന കുട്ടി പിന്നീട് ഭാവസാന്ദ്രമായ രീതിയിൽ വാക്കുകൾ ഉതിർക്കുമ്പോഴും കവിത ആലപിക്കുമ്പോഴും അവന്റെ ഗുണപരമായ മാറ്റത്തെ ആശീർവദിക്കുന്ന നാലാം ക്ലാസിലെ ടീച്ചർ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അർത്ഥം അറിഞ്ഞവളാണ്. പൂജ്യത്തിൽ നിന്ന് തികവിലേക്കും മികവിലേക്കും മാറ്റപ്പെടുന്ന ഒരു കുട്ടി ഇവിടെ ടീച്ചറുടെ തന്നെ ചുണ്ടിലെ ചിരിയായി മാറുന്നു. തികഞ്ഞ തന്മയത്വത്തോടെ ഈ നോവൽ എഴുതിയ ശ്രീമതി ലീല എം ചന്ദ്രൻ അനേക വർഷം ഒരു യത്തീംഖാനയുടെ സ്കൂളിൽ പഠിപ്പിച്ചിരുന്നു എന്ന്തുകൂടി കണക്കിലെടുക്കുമ്പോൾ ഇവിടെ ജീവിതാനുഭവവും സാഹിത്യസൗഭാഗ്യവും ഒത്തുചേരുന്നു എന്നുകാണാം . അതുതന്നെയാണ് ഈ നോവലിന്റെ സവിശേഷത.
 അദ്ധ്യായം ഒന്ന്
 
 എന്തുശേലാണ് ചെടികളുടെ ഓട്ടം കാണാൻ….ചെടികൾ മാത്രമല്ല കറന്റുതൂണും പൊരകളും പൂടികകളും എല്ലാം ഓട്ടമത്സരം നടത്തുകയാണ്. മടുത്തിട്ടാകും, ചിലപ്പോൾ നിൽക്കും പിന്നെയുമോടും …..
ആരാണു ജയിച്ചതെന്നറിയാൻ മുത്ത് പലവട്ടം തിരിഞ്ഞുനോക്കി. പക്ഷെ ഒരുപോലെ ഓടുന്നതല്ലാതെ ആരും മുന്നിൽക്കയറുന്നതോ ഒന്നാം സ്ഥാനത്തെത്തുന്നതോ അവൻ കണ്ടില്ല. എന്നാലും എന്തതിശയമാണ്. … മുത്ത് മാത്രം വെറുതെയിരിക്കുന്നു. ബാക്കിയെല്ലാവരും ഓട്ടം തന്നെ.
എല്ലാരുമില്ല, മുത്തിന്റെയടുത്ത് ഉമ്മയും വേറെ കുറേപ്പേരും വെറുതെയിരിക്കുക തന്നെയാണ്.
  ഇപ്പ്പോൾ പുറത്തുള്ളവരും ഓട്ടം നിർത്തിയിരിക്കുന്നു.
 മുത്ത് അമ്പരപ്പോടെ പുറത്തേക്കു നോക്കിയിരുന്നു,
 “ബരി…”
ഉമ്മ കൈക്കു പിടിച്ചപ്പോൾ മുത്ത് മടിച്ചു.
“മേണ്ട്മ്മ..നല്ല ശേലാ…”
പുറത്തേക്കു കൈചൂണ്ടി അവൻ പറഞ്ഞു.
“ബ് ടെ കീയണം മുത്തേ…ബരി..”
ഉമ്മയോടൊപ്പം അവൻ ബസ്സിൽ നിന്നും ഇറങ്ങി. ഇതുവരെ ഓട്ടമത്സരം നടത്തിയവർ തളർന്നുനിൽക്കുന്നു. ഓടുന്നതു ബസ്സുമാത്രം.
“പാവം ഓനൊറ്റയ്ക്കായി…”
സഹതാപത്തോടെ അവൻ പറഞ്ഞു.
“നിക്കാണ്ട് ബാ മുത്തേ… ഉമ്മാന്റെ കൈ പുടിച്ചോളി…”
അവൻ കേട്ടതായിത്തോന്നിയില്ല.
ഉമ്മ അവന്റെ കൈ പിടിച്ചു നടന്നു.
മുത്തിനു സന്തോഷം തോന്നി, ഉത്സാഹവും. ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലം.അവന്റെ നാടു പോലെയല്ല. കറുത്തറോഡ് നീണ്ടുകിടക്കുന്നു. ഒത്തിരി വണ്ടികൾ ഒന്നിനുപിറകെ ഒന്നായി പോകുന്നു.
   അവന്റെ നാട്ടിൽ ബസ്സില്ല. കറുത്ത റോഡില്ല.കല്ലും ചരല്മണ്ണും പൊടിയും കുഴിയും നിറഞ്ഞ ചുവന്ന വഴിയിലൂടെ നടക്കാൻ പോലും ബുദ്ധിമുട്ടാണ്. കാട്ടിൽ നിന്നും തടികൊണ്ടു പോണ ലോറിയും അകത്തും പുറത്തും ആളുകൾ തിങ്ങിക്കയറണ ജീപ്പും മാത്രമാണ്. അവിടുത്തെ വണ്ടികൾ….
    കുന്നും മലയും കാടും നിറഞ്ഞ അവന്റെ നാട്ടിൽ ഒരിക്കലും കാണാത്ത ഒരു വണ്ടി അവനെ വല്ലാതെ ആകർഷിച്ചു.
    എല്ലാ വണ്ടിക്കും നാലു ചക്രങ്ങളുണ്ട്. ഇതിനുമാത്രം മൂന്നെണ്ണം. റമീക്കാന്റെ ചങ്ങായീന്റെ വണ്ടിക്ക് രണ്ടു ചക്രമാണ്. ഒരു ദിവസം അതിന്റെ മുകളിൽക്കയറ്റി കുറേ ദൂരം അവനെ കൊണ്ടു പോയിട്ടുമുണ്ട്.പക്ഷേ മൂന്നു ചക്രമുള്ള ഈ കൂട്ടിലവൻ കയറിയിട്ടേയില്ല. അതിനുള്ളിൽ ആളുകൾ നൂണ്ടു കയറുന്നത് കണ്ടപ്പോൾ അവനും പൂതി തോന്നി.
    “മ്മ്ക്ക് ആ ബണ്ടീല് പൂവാമ്മ…”
    “മേണ്ട…പ്പെത്തും…മുണ്ടാണ്ട് നട്ക്കി..”
     തെല്ലു ബേജാറ് തോന്നിയെങ്കിലും മുത്ത് ഉമ്മയോടൊപ്പം നടന്നു.
     ഇപ്പമെത്തും എന്നു പറഞ്ഞദൂരം കൂടിക്കൂടി വന്നപ്പോൾ അവൻ മടുപ്പോടെ ചോദിച്ചു.
    ” നുമ്മ ഏടെപ്പൂവ്വാ…?”
    നിറം മങ്ങിയ തട്ടത്തിന്റെ തുമ്പുയർത്തി മുഖം തുടച്ചതല്ലാതെ ആമിനുമ്മ മറുപടി പറഞ്ഞില്ല. നടപ്പിന്റെ ദൂരം കൂടുന്തോറും കാഴ്ച കാണാനുള്ള ഉത്സാഹം മുത്തിനില്ലാതായി.
    പൊള്ളുന്ന വെയിൽ അവനെ തളർത്തി. ഉമ്മയുടെ കൈ പിടിച്ചു വലിച്ച് കരച്ചിലിനടുത്ത ഭാവത്തിൽ അവൻ കെഞ്ചി.
    “മട്ത്ത്മ്മ….അന്നെ യെട്ക്ക്….”
മുത്തിനെ നോക്കി നെടുവീർപ്പിട്ടല്ലാതെ ഉമ്മയിൽ നിന്നും അതിനുമവനു മറുപടി കിട്ടിയില്ല. കാലുരുകുന്നുണ്ട്.മുത്തിനു നടക്കാൻ കഴിയണില്ലെന്ന് ഉമ്മയ്ക്കറിയില്ലേ?
  പ്രതീക്ഷയോടെ അവൻ പിന്നെയും ഉമ്മയെ വിളിച്ചു.
  കൈയിലിരുന്ന സഞ്ചി റോഡിനരികിലെ മതിലിൽ ചാരിവച്ച് ആമിനുമ്മ മുണ്ടിന്റെ കോന്തല ഒന്നു കൂടി മുറുക്കി. തട്ടം ശരിയാക്കി.
  ഉമ്മയുടെ ഒരുക്കം കണ്ടപ്പോൾ തന്നെ എടുക്കാനാണെന്ന് മുത്ത് ആശ്വസിച്ചു.
  പക്ഷെ സഞ്ചി കൈയിലെടുത്ത് ആമിനുമ്മ നടത്തം തുടർന്നപ്പോൾ അവന്റെ ഭാവം മാറി.ശാഠ്യത്തോടെ ചവുട്ടിത്തുള്ളിയവൻ നടുറോഡിലേക്കു കയറി നിന്നു.
  പെട്ടെന്ന്, പാഞ്ഞു വന്ന ഓരോട്ടോറിക്ഷ ഭയങ്കര ശബ്ദത്തിൽ ബ്രേക്കിട്ടു നിന്നു.ആമിനുമ്മ ഒരു നിലവിളിയോടെ ചാടിവീണ് മുത്തിനെ വാരിയെടുത്തു.
  “എന്താ പെണ്ണുങ്ങളെ…. ചാകാനിറങ്ങീതാണോ…?”
     ഓട്ടോ ഡ്രൈവർ ആക്രോശിച്ചു.
  “അല്ലേലും ഈറ്റ് ങ്ങ് ള് ഇങ്ങ്നന്നാ..ഇളക്കി വിട്ടേക്ക്വല്ലെ…എണ്ണംണ്ട…?
  യാത്രക്കാരും പിന്താങ്ങി.
 എല്ലാവരും ഉമ്മയെ ചീത്ത പറയുന്നതു കേട്ടപ്പോൾ മുത്തിനു സങ്കടം വന്നു. തെറിച്ചു വീണ സഞ്ചി കൈയിലെടുത്ത് മുത്തിനേയും ഒക്കത്തേറ്റി നടക്കുമ്പോൾ ആമിനുമ്മയുടെ മിഴികൾ ചോർന്നൊഴുകി.
 ഉമ്മയുടെ കഴുത്തിൽ കെട്ടിപിടിച്ച് കണ്ണുകൾ മുറുകെപ്പൂട്ടി മുത്ത് തോളിൽ തലചായ്ച് കിടന്നു.
 അല്പ നിമിഷങ്ങൾക്കകം ഉമ്മയുടെ ശ്വാസത്തോടൊപ്പം ഒരു ചൂളം വിളി ഉയരുന്നത് അവൻ കേട്ടു. പെട്ടെന്ന് മുത്ത് ഊർന്ന് താഴെയിറങ്ങി. ശ്വാസമെടുക്കാൻ വിഷമിക്കുന്ന ഉമ്മയോട് അവൻ പറഞ്ഞു.
  “ഉമ്മയെട്ക്ക്ണ്ട… ഞാന്നട്ക്കാ”
  എന്നിട്ടും ഉമ്മ നെഞ്ചു തടവി കിതയ്ക്കുന്നതു കണ്ടപ്പോൾ മുത്തിനു പേടിയായി. ഉപ്പ കലമ്പിയിറങ്ങിയ ദിവസവും ഇതുപോലെയാണ് കിതച്ചത്.
  അന്ന് ബല്ലിത്തയും സൈനിത്തയും ഷാഹിത്തയും ഉമ്മയെ കെട്ടിപ്പിടിച്ച് നിലവിളിച്ചു. ഒത്തിരിയാളുകൾ ഓടിക്കൂടി ആശുപത്രിയിൽ കൊണ്ടുപോയിട്ടാണ് ഉമ്മ രക്ഷപ്പെട്ടത്.
  “പടശ്ശോനെ..ന്റുമ്മാ…”
  മുത്തിനു കരച്ചിൽ വന്നു. റോഡരികിലെ മരത്തിൽ ചാരി നിന്ന് ഉമ്മ ശ്വാസം വലിക്കുന്നതു കണ്ടപ്പോൾ എത്ര മടുത്താലും ഇനി ഉമ്മയോട് എടുക്കാൻ പറയില്ലെന്ന് അവൻ തീരുമാനിച്ചു.
 കിതപ്പാറിയപ്പോൾ മുത്തിനെ സ്നേഹപൂർവം ചേർത്തണച്ച് ആമിനുമ്മ ചോദിച്ചു.
  “ന്റെ മുത്തിനു ബെശക്ക്ണ് ല്ലേ?”
  ശരിക്കും വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
 “ല്ല് മ്മ… ബെശ്ക്കൺല്ല…”
 ആമിനുമ്മയുടെ മുഖത്ത് വിളറിയ ഒരു ചിരി വിടർന്നു.
 മുത്തിന്റെ കൈ പിടിച്ച് അവർ പിന്നെയും നടന്നു. വഴിയരികിലെ ഒരു പീടികയിൽനിന്നും രണ്ട് പഴം വാങ്ങി അവർ മുത്തിനു കൊടുത്തു.ആർത്തിയോടെ അവനതു മുഴുവൻ തിന്നു.
  “ഞ്ഞീം മേണോ…?”
  ആമിനുമ്മ മുത്തിനെ തഴുകി.
  “മേണ്ട..”
 അവൻ പറഞ്ഞു.
 കോന്തലയുടെ കെട്ടിൽന് നിന്നും ഒരു നാണയമെടുത്ത് ആമിനുമ്മ പീടികക്കാരനു കൊടുത്തു. ഉമ്മയുടെ കൈമുട്ടിൽ തോണ്ടി മുത്ത് മന്ത്രിച്ചു.
  “ഒര് മുട്ടായീം.”
  ബാക്കികൊടുക്കാനെടുത്ത ചില്ലറ പെട്ടുയിലേക്കു തന്നെയിട്ട് ഗ്ലാസ്സു ഭരണി തുറന്ന് രണ്ടു മിഠായിയെടുത്ത് പീടികക്കാരൻ മുത്തിനു നേരെ നീട്ടി.
  സംശയത്തോടെ അവൻ ഉമ്മയെ നോക്കി. ആമിനുമ്മ സമ്മതഭാവത്തിൽ തലയാട്ടി. സന്തോഷത്തോടെ അവനതു വാങ്ങി.
  കോന്തല കെട്ടി ആമിനുമ്മ പിന്നെയും നടത്തം തുടർന്നു.
  കടലാസ് അഴിച്ച് മിഠായി തിന്നുകൊണ്ട് പിന്നാലെയെത്തി മുത്ത് ചോദിച്ചു.
  “ഞ്ഞീം ഒത്തിരീണ്ടോ പൂവാൻ…?”
  മുത്തിന്റെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ എതിരെ വന്ന താടിക്കാരനോട് ആമിനുമ്മ തിരക്കി.
  “യത്തീങ്കാനയ്ക്ക് ബയ്യേതാ…?”
  മുന്നോട്ട് കൈ ചൂണ്ടി അയാൾ പറഞ്ഞു.
 “ദാ… ആ പൂടികേന്റാട്ന്ന് എട്ത്തിട്ട് പൊയ്ക്കളി…”
 വഴി പറഞ്ഞു കൊടുത്തതിനു പകരം അയാൾ ചോദിച്ചു.
 “യേട്ന്നാ…?”
 “മലയ്ക്ക്ന്ന്.”
 “ന്തേയ്ന്..?”
 മുത്തിനെ നോക്കി നെടുവീർപ്പിട്ടതല്ലാതെ ആമിനുമ്മ താടിക്കാരനോട് മറുപടി പറഞ്ഞില്ല.
 വീണ്ടും നടത്തം തുടർന്നപ്പോൾ മുത്തിന് അസ്വസ്ഥത തോന്നി. ഇതുവരെ യാത്രയ്ക്കുണ്ടായിരുന്ന ഉന്മേഷം കെട്ടതുപോലെ…
 അവന്റെയുള്ളിൽ ഒരുപാട് സംശയങ്ങൾ നുരകുത്തിയുയർന്നു.
 ഉമ്മയോട് ചോദിക്കാൻ പലവട്ടം ശ്രമിച്ചതാണ്.
 ഒരിക്കലും ഇങ്ങനൊരു ഭാവം അവൻ ഉമ്മയിൽ കണ്ടിട്ടില്ല. അവന്റെ ഏതു സംശയത്തിനും തൃപ്തികരമായ ഉത്തരം ഉമ്മ പറയും.
  “ആകാച്ചത്ത് യെത്ത്റ നച്ചത്രോണ്ട്…?”
  “കാക്കത്തൊള്ളായിരം