വെറുതെ മഴകൊള്ളാന്‍ ഞാനില്ല : ജഗദീഷ്‌

vayanamuri | malayalam web magazineഎല്ലാക്കാലത്തും മലയാള സിനിമയുടെ വഴിയോരങ്ങളില്‍ ”എച്ചൂസ്മീ….” എന്നുപറഞ്ഞ് പെണ്‍കുട്ടികളെ കാത്തു നില്‍ക്കുന്ന അബദ്ധ കാമുകനാണ് ജഗദീഷ്. ഇനി വരുന്ന തലമുറകള്‍ക്കും ഇപ്പോള്‍ പറ്റിയ ഒരബദ്ധത്തിന്റെ ചമ്മലുമായി കുണുങ്ങി നടക്കുന്ന ഈ നടന്‍ പ്രിയപ്പെട്ടതാണ്. നാട്ടിന്‍ പുറത്ത് വെറുതെ കറങ്ങിനടക്കുന്ന തൊഴില്‍ രഹിതരായ യുവാക്കള്‍ക്കും കാമുകന്‍മാര്‍ക്കും ഒരംഗീകാരവും വിലയുമൊക്കെ കിട്ടാന്‍ തുടങ്ങിയത് ജഗദീഷ്, സിദ്ദിഖ്, മുകേഷ് ചിത്രങ്ങള്‍ വന്നതു മുതലാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും താരാധിപത്യവും അശ്ലീല ചിത്രങ്ങളും സിനിമാ പ്രതിസന്ധിയും ഒന്നിച്ചാക്രമിച്ചപ്പോള്‍ പതറിപ്പോയ മലയാള സിനിമയ്ക്ക് ജഗദീഷും സംഘവും അവതരിപ്പിച്ച മുഴുനീള കോമഡി ചിത്രങ്ങള്‍ വലിയൊരാശ്വാസവും പ്രതീക്ഷയുമാണ് നല്‍കിയത്.

കോരിച്ചൊരിയുന്ന മഴയത്താണ് ജഗദീഷിനെ കാണാന്‍ ചെല്ലുന്നത്. ”ഒരു ഫോട്ടോ ഷൂട്ട്, അല്പം സംസാരം… ഏറിയാല്‍ അരമണിക്കൂര്‍.” സഹജമായ ചിരിയോടെ ജഗദീഷ് എഴുന്നേറ്റു. ”ഓ കെ, നമുക്ക് സംസാരിക്കാം.” അപ്പോഴേക്കും മഴ തോര്‍ന്നു. ഓടിയും നടന്നും ചിരിച്ചും ചിന്തിച്ചും ജഗദീഷിന്റെ ഭാവപ്പകര്‍ച്ചകള്‍. പിന്നെയും മഴ ചാറിത്തുടങ്ങിയപ്പോള്‍ കുട പിടിച്ചുകൊണ്ട് ജഗദീഷിന്റെ മഴ നടത്തം. കാലം തെറ്റിവന്ന മഴക്കാലം ശരിക്കും ആസ്വദിക്കുകയായിരുന്നു ജഗദീഷ്.

എന്താണ് താങ്കളുടെ മഴയനുഭവം?

ഒരിക്കല്‍ ഞാനും ഗണേശനും കൂടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു. ഒറ്റപ്പാലത്തു നിന്നും യാത്ര തിരിക്കുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. ശാന്തമായി പെയ്യുന്നമഴ. ഞങ്ങള്‍ വളരെ സാവധാനം വണ്ടിയോടിച്ചാണ് പോയത്. നമുക്കു ചുറ്റും മഴ. മുന്നിലെ ചില്ലിലേയ്ക്ക് പാറിവീഴുന്ന മഴ. ശരിക്കും അതൊരു നല്ല അനുഭവമായിരുന്നു. വളരെ കാല്പനികമായ അനുഭവം.

മഴ പെയ്തു തുടങ്ങുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ പറയുന്ന ഒരു കാര്യമുണ്ട്. ”മഴയങ്ങ്ട് പെയ്താല്‍ ഞാന്‍  അഭിനയിക്കാനൊന്നും വരില്ല. ഇരിങ്ങാലക്കുടേലെ നമ്മടെ വീട്ടിലിരുന്ന് ഞാനും ആലീസും കൂടി കപ്പലണ്ടിയൊക്കെ കൊറിച്ച്, അങ്ങനെ മഴ കണ്ടിരിക്കും. എന്താ രസം.” അത് മറ്റൊരനുഭവമാണ്. എന്നാല്‍ ഞാനങ്ങനെ അവധിയെടുത്ത് മഴ കാണാനൊന്നും പോവാറില്ല. വെറുതെ മഴ നനയാന്‍ എന്നെകിട്ടില്ല.

എപ്പോഴും ‘എന്‍ഗേജ്ഡ്’ ആയിരിക്കുകയെന്നതാണ്‌ ജഗദീഷ് സ്റ്റൈല്‍. ശാന്തനും നിശബ്ദനുമായി താങ്കളെ കാണാനാവില്ലല്ലോ?

ഞാന്‍ വളരെ സ്പീഡാണ്. അതിന് കുഴപ്പങ്ങളുണ്ടാകാം. ലൊക്കേഷനിലെത്തിയാല്‍ എല്ലാവരോടും ഓടിനടന്ന് എന്തായി…? തുടങ്ങുകയല്ലേ….? എന്നൊക്കെ ചോദിച്ച് ഓളം വയ്ക്കും. ‘അയാള്‍ വന്ന് ഓളം വച്ച് അയാളുടെ പണികള്‍ തീര്‍ത്ത് പോയി’ എന്നുവിമര്‍ശിക്കുന്നവരുമുണ്ട്. സിനിമക്കു മുമ്പും ഞാന്‍ ഇങ്ങനെ തന്നെയായിരുന്നു. സ്‌കൂളിലും  കോളെജിലുമൊക്കെ വലിയ ഉല്‍സാഹക്കമ്മറ്റിയായിരുന്നു. കോളേജില്‍ മൂന്നുവര്‍ഷം ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയും ചെയര്‍മാനുമൊക്കെയായിരുന്നു. ഒരടിപൊളി കാലം. പിന്നീട് കോളേജ്‌ അധ്യാപകനായി. അപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യൂണിയന്‍ അഡൈ്വസറായൊക്കെ പ്രവര്‍ത്തിച്ചു. ആര്‍ട്ട്‌സ് ക്ലബ്ബിന്റെയും മാഗസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളുമായി ഓടിനടന്ന എനിക്ക് വിദ്യാര്‍ത്ഥിയുടെ മനസ്സായിരുന്നു. ആ മനസ്സ് എനിക്കിപ്പോഴുമുണ്ട്. ഈ ഉത്സാഹമാണ്‌ എന്റെ അടിസ്ഥാനം.

കുട്ടികളും ചെറുപ്പക്കാരുമാണല്ലോ ജഗദീഷിന്റെ ആരാധകര്‍….?

ശരിയാണ്… ഒരിക്കല്‍ സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. ‘ഈ യംങ്‌സ്റ്റേഴ്‌സിന്റെ അംഗീകാരമാണ് ജഗദീഷിന് കിട്ടിയിരിക്കുന്ന ഭാഗ്യം’ എന്ന്. ടി വിയില്‍ ഇന്‍ ഹരിഹര്‍ നഗറോ, ഗോഡ് ഫാദറോ ഒക്കെ കാണുന്ന നാലുവയസ്സുകാരനാണ് ഇന്നും എന്റെ ഫാന്‍. ജനങ്ങള്‍ കണ്ട് ഉഗ്രനായി എന്നു പറയുന്ന കഥാപാത്രങ്ങളെ തന്നെയാണ് എനിക്കും ഇഷ്ടം. അത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. പിന്നെ ഞാന്‍ മുമ്പ് ചെയ്തിട്ടുള്ള ഹ്യൂമറിന് അനുസരിച്ചുള്ള സാഹചര്യങ്ങളോ കഥാപാത്രങ്ങളോ എനിക്കിപ്പോള്‍ കിട്ടുന്നില്ല.

നല്ല കഥാപാത്രങ്ങള്‍ കുറഞ്ഞുപോകുന്നു എന്നു തോന്നിത്തുടങ്ങിയോ?

എന്നെപ്പോലെ സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ചെയ്യുന്ന ഒരു നടന് മിഴിവുള്ള കഥാപാത്രങ്ങള്‍ ഇന്ന് കുറവാണ്. അത് എന്റെ മാത്രം കാര്യമല്ല. ടി വി സീരിയലുകളേക്കാള്‍ വ്യത്യസ്തമായി സിനിമയില്‍ മറ്റൊരുപാട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് പ്രാമുഖ്യം കൂടി. സിനിമയില്‍ മേളക്കൊഴുപ്പും താളക്കൊഴുപ്പും വര്‍ദ്ധിച്ചു. കഥയേക്കാള്‍ മറ്റ് ഒരുപാട് ഘടകങ്ങള്‍ക്ക് പ്രാധാന്യം കൂടി.  എന്റെ കാര്യം പോകട്ടെ, ഒരു നെടുമുടി വേണുവിനോ ഇന്നസെന്റിനോ പോലും മികച്ച വേഷങ്ങള്‍ കിട്ടുന്നില്ല. മഴവില്‍ കാവടിയോ, പൊന്‍മുട്ടിയിടുന്ന താറാവോ പോലെ ഒരു കഥാപാത്രത്തെ ഇന്നസെന്റിന് കിട്ടുന്നുണ്ടോ? വേണുച്ചേട്ടന് ചെല്ലപ്പനാശാരിയേപ്പോലെ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനെപ്പോലെ ഒരു കഥാപാത്രത്തെ കിട്ടുന്നില്ല. ചാമരമോ,  മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമോ പോലെ പെര്‍ഫോം ചെയ്യാന്‍ സാധ്യത നല്‍കുന്ന സിനിമകള്‍ ഇന്നു കിട്ടുന്നുണ്ടോ? സിനിമ പലനിലയ്ക്കും മാറിപ്പോയിരിക്കുന്നു. നമ്മള്‍ അത് മനസ്സിലാക്കി പെരുമാറുക.

സിനിമയുടെ അഭിരുചികള്‍ പാടെ മാറിപ്പോയെന്നാണോ താങ്കള്‍ പറയുന്നത്?

ഇവിടെ പൊതുവെ ജനത്തിന് ഇഷ്ടപ്പെട്ട സിനിമയുടെ ഫോര്‍മാറ്റ് മാറുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളുടെ സ്വാധീനമുള്ള ബ്ലോഗ്‌ബെസ്റ്റേഴ്‌സ് വാഴുമ്പോള്‍ ഇവിടുത്തെ സപ്പോര്‍ട്ടിങ് ആക്‌ടേഴ്‌സ് ചെറിയൊരു പ്രതിസന്ധി നേരിടുന്നുണ്ട്. ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചു കൊണ്ട് സന്തോഷത്തോടെയാണ് ഞാന്‍ പോകുന്നത്. എനിക്ക് നിരാശയില്ല. ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇപ്പോഴും നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നു ഞാന്‍ കരുതുന്നു. ചിലര്‍ പറയാറുണ്ട് ബട്ടര്‍ഫ്‌ളൈസിലും നന്ദനത്തിലും ഇന്‍ഹരിഹര്‍ നഗറിലും ഹിറ്റ്‌ലറിലും ഗോഡ്ഫാദറിലുമൊക്കെ ജഗദീഷ് ത്രൂ ഔട്ടായുണ്ടല്ലോ, ഇപ്പോള്‍ എന്തുപറ്റി എന്നൊക്കെ. ഇന്നത്തെ സാഹചര്യം മാറിയിരിക്കുന്നു എന്നാണ് എന്റെ വിശദീകരണം.

ഈ മാറ്റങ്ങളെ താങ്കള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത്?

പോസിറ്റീവായി ചിന്തിച്ചാല്‍ അന്ന് സിനിമയില്‍ വന്ന പലരും പുറത്തുപോയിട്ടും ഞാനിവിടെ ഉണ്ടല്ലോ, അതിലൊരു സന്തോഷത്തിന്റെ സാധ്യതയില്ലേ? സിനിമയില്‍ മാറ്റങ്ങള്‍ സാധ്യമാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. ഒന്നും സ്ഥായിയായി നില്‍ക്കുകയില്ല. സിനിമയുടെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. അവസ്ഥ മാറിക്കൂടെന്നില്ല. സൂപ്പര്‍ സ്റ്റാറുകളുടെ പദവി നില നിര്‍ത്തിക്കൊണ്ട് തന്നെ മറ്റൊരു സ്ട്രീം വന്നു. നെടുമുടിച്ചേട്ടനും ഭരത് ഗോപിച്ചേട്ടനും കടന്നുവരുന്നത് അന്നത്തെ സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിനിന്ന കാലത്താണ്.

അതുപോലെ, പ്രവചനങ്ങള്‍ക്ക് അതീതമാണ് സിനിമ. ഇപ്പോള്‍ നമ്മള്‍ എന്‍ഗേജ്ഡ്‌ ആവുക എന്നതാണ് എന്റെ പോളിസി. അത് സിനിമയിലാവാം ടെലിവിഷന്‍ പരിപാടികളിലാവാം, സ്റ്റേജ് ഷോസിലാവാം. അതല്ലാതെ ഞാന്‍ സിനിമ മാത്രമേ അഭിനയിക്കൂ. നല്ല വേഷങ്ങളില്ലെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും എന്നൊന്നും പറയാന്‍ എനിക്കാവില്ല. ഒരു ലക്ഷ്യവുമായി വരുകയും അത് സാധിച്ചില്ലെന്ന് പരിഭവിക്കുകയും ചെയ്യാതെ വ്യക്തമായ ഒരു ടാര്‍ജറ്റ് ഇല്ലാതെ അങ്ങോട്ട് പോവുക കിട്ടുന്ന കൊച്ചുകൊച്ച് സന്തോഷങ്ങളില്‍ ആനന്ദിക്കുക അതാണ് എന്റെ രീതി.

ഇതിനിടെ ജഗദീഷ് എഴുത്തിലേയ്ക്ക്‌ വന്നുവല്ലോ?

എഴുത്തിലേക്ക് വീണ്ടും വന്നത് വലിയ സംഭവമായിട്ടൊന്നും പറയാനില്ല. ഞാന്‍ അങ്ങനെ വലിയൊരു എഴുത്തുകാരനോ സിനിമാ സാഹിത്യകാരനോ ഒന്നുമല്ല. അത്യാവശ്യം സ്‌ക്രിപ്റ്റ് എഴുതാന്‍ കഴിയും. ഈ അത്യാവശ്യം സ്‌ക്രിപ്റ്റ് എഴുതാന്‍ കഴിയുന്നത് ഒരു വലിയ കഴിവല്ല. ഏപ്രില്‍ഫൂള്‍ അങ്ങനെയാണ് എഴുതിയത്. ഗാനമേള, മിണ്ടാപൂച്ചക്ക് കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി. നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്നു പി ഒ എന്നീ ചിത്രങ്ങളുടെ കഥ എന്റേതായിരുന്നു. പിന്നെ ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്ക് സംഭാഷണം എഴുതി. ഇതൊക്കെയാണ് എഴുത്തിലെ എന്റെ പാരമ്പര്യം.

ഞാന്‍ വീണ്ടും റൈറ്ററായി തുടരുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന സ്‌ക്രപ്റ്റ് ഏതെന്ന് എനിക്കറിയാം വലിയ ഡപ്തുള്ള വര്‍ക്കുകളൊന്നും ഞാന്‍ ചെയ്താല്‍ ശരിയാവില്ല. ആരു നിര്‍ബന്ധിച്ചാലും ഞാന്‍ ചെയ്യില്ല. എന്റെ പരിമിതികള്‍ എനിക്കറിയാം. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ ടൈന്‍മെന്റെ് ചെയ്യാന്‍ എനിക്കു പറ്റും എന്നെനിക്ക് തോന്നുന്നുണ്ട്. എഴുത്തിലായാലും അഭിനയത്തിലായാലും ഇനി കോമഡി പരിപാടികളുടെ വിധികര്‍ത്താവായിട്ടായാലും ഞാന്‍ സിനിമയുടെ അകത്തും പുറത്തും എന്നും ഉണ്ടാകും.