സ്വപ്നത്തില്‍ കണ്ടുമുട്ടുന്ന പാട്ട്

vayanamuri | malayalam web magazineഗാലറിയിലെ ആരവങ്ങള്‍ക്കിടയിലേക്ക് നീട്ടിയടിക്കുന്ന ഒരു സിക്‌സര്‍. മൊഹിന്ദര്‍ അമര്‍നാഥിനെപ്പോലെ, വെണ്‍സര്‍ക്കാറിനെപ്പോലെ, കപില്‍ ദേവിനെപ്പോലെ ലക്ഷോപലക്ഷം ആരാധകരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഒരിന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു ക്രിക്കറ്റ് പ്രേമിയുണ്ടായിരുന്നു എം ജയചന്ദ്രന്‍.

മലയാളസംഗീതത്തില്‍ അനന്തമായ ഒരിന്നിങ്‌സ് അദ്ദേഹം തുറന്നുവച്ചു. ഗാലറിയും ഭൂഖണ്ഡങ്ങളും താണ്ടി മനസ്സില്‍നിന്നും മനസ്സിലേക്ക് പകര്‍ന്നുപോകുന്ന മെലഡിയുടെ സിക്‌സര്‍.

”കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ ഒരു സ്റ്റേജ് ഷോക്ക് പോയി. പരിപാടി കഴിഞ്ഞപ്പോള്‍ ഏകദേശം അറുപത് വയസു പ്രായം വരുന്ന ഒരമ്മ എന്നെ പരിചയപ്പെടാന്‍ വന്നു. അവര്‍ പറഞ്ഞു: മോനേ, ‘അകലെ…’ എന്നെ വല്ലാതെ ഹോണ്ടു ചെയ്തു. എന്റെ ജീവിതത്തിന്റെ എതെല്ലാമോ ഓര്‍മ്മകളെ ആ പാട്ട് തിരികെ കൊണ്ടുവരുന്നു. ഒരു ദിവസം ഏഴ് എട്ട് പ്രാവശ്യമെങ്കിലും ഞാനത് കേള്‍ക്കും.’ മനസ്സിനെ ഇത്രയധികം ആര്‍ദ്രമാക്കുന്ന ഒരുപാട്ടും ജീവിതത്തിലിന്നോളം അവര്‍ കേട്ടിട്ടില്ലെത്രെ. ശരിക്കും എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.”

സ്വന്തം മണ്ണിന്റെ ഗന്ധത്തിലേക്ക് ബാല്യത്തിലേക്ക് കടലും ആകാശവും പിന്നിട്ട് ഒറ്റനിമിഷംകൊണ്ടൊരു യാത്ര. ആര്‍ദ്രമായ ഈണങ്ങളുടെ ചിറകേറിയാണ് ഈ സഞ്ചാരം. ”വെളിയിലായിരിക്കുമ്പോള്‍ മലയാളി ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരായി മാറുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്.” ഒരുപാട് യാത്രകളിലൂടെ പ്രവാസിയുടെ ഹൃദയം തൊട്ടറിഞ്ഞ സംഗീത സംവധായകന്‍ എം ജയചന്ദ്രന്‍ പറയുന്നു.

”കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഒരു ഗള്‍ഫ് ടൂര്‍ നടത്തി. എം ജയചനദ്രന്‍സ് മ്യൂസിക് നൈറ്റ് എന്നായിരുന്നു പരിപാടി. പുതിയ തലമുറയിലെ പാട്ടുകാരെല്ലാം സംഘത്തിലുണ്ടായിരുന്നു. ദുബായില്‍ ഒരു പരിപാടിക്ക് എത്തുമ്പോള്‍ അവിടെ വലിയ ക്യൂ. ഒട്ടും പ്രതീക്ഷിക്കാത്ത ജനക്കൂട്ടം. ശരിക്കും ഞാന്‍ അന്തംവിട്ടുപോയി. അത്രവലിയൊരു സദസ്സിനെ അതിനുമുമ്പ് ഞാന്‍ കണ്ടിട്ടില്ല. അവിടുത്തെ മലയാളികളുടെ സ്വീകരണം വലിയ അനുഭവമായിരുന്നു. ഇതിനൊക്കെ എനിക്ക് അര്‍ഹതയുണ്ടോ എന്നു തോന്നിപ്പോയി. മനസ്സിന് ഒരുപാട് വിഷമങ്ങള്‍ തോന്നുമ്പോള്‍ ഞാനിതൊക്കെ ഓര്‍മ്മിക്കും. ലോകത്തെവിടെയെങ്കിലുമൊരാള്‍ നമ്മുടെ പാട്ട് കേള്‍ക്കുന്നുവെന്നറിയുമ്പോള്‍. ഒരുപാട്ടെങ്കിലും അവരുടെ ഹൃദയത്തില്‍ തൊട്ടുവെന്ന് അറിയുമ്പോള്‍ വലിയ ആശ്വാസം തോന്നും.”

ഒരു എന്‍ജിനിയര്‍ കുടുംബമാണ് ജയചന്ദ്രന്റേത്. ”അച്ഛന്റെ അപ്പൂപ്പന്‍ അക്കാലത്ത് ബോംബയില്‍പോയി ഇലക്ട്രിക്കല്‍ എന്‍ജിനിയറിംങ് പഠിച്ച ആളാണ്. അച്ഛന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു. ചേട്ടന്‍  എന്‍ജിനിയറാണ്. അതുകൊണ്ടുതന്നെയായിരിക്കണം സ്വാഭാവികമായി ഞാനും എന്‍ജിനീയറിംങ് പഠിച്ചു.” പഠനത്തിനുശേഷം എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ചപ്പോഴും മനസ്സ് സംഗീതം വിട്ട് പറന്നില്ല.

ഇതിനിടയില്‍ സതി എന്ന ഒരു സീരിയലിന് സംഗീതം നല്‍കിയിരുന്നു. ജോലിയുടെ മടുപ്പിക്കുന്ന തിരക്കുകള്‍ക്കിടയിലേക്ക് ഒരു കത്തുവരുന്നു. ഒരു സാധാരണ ഇന്‍ലന്റില്‍ ഓര്‍ഡിനറി പോസ്റ്റില്‍ ഒരു കത്ത്. സതി എന്ന സീരിയലിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള നാനാ മിനിസ്‌ക്രീന്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്നതായിരുന്നു കത്തിലെ ഉള്ളക്കം. മുടങ്ങിക്കിടന്ന സംഗീത മോഹം ഉയര്‍ത്തെഴുനേല്‍ക്കുകയായി. അന്നുതന്നെ ജോലി രാജിവച്ചു. സംഗീതത്തിലേക്കൊരു പലായനം.

”സംഗീത സംവിധായകനാവണം എന്ന മോഹം എന്നില്‍ വരാന്‍ കാരണം എം ബി ശ്രീനിവാസന്‍ സാറാണ്. രണ്ടുവര്‍ഷം സാറിന്റെ കോയലില്‍ പാടാനും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാനും അവസരം ലഭിച്ചു. മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു ശ്രീനിവാസന്‍ സാര്‍. മനസ്സിലുണ്ടായിരുന്ന സോഷ്യലിസം അദ്ദേഹത്തിന്റെ സംഗീതത്തിലുമുണ്ടായിരുന്നു. കല്ലിലുമുണ്ട് സംഗീതമെന്ന് അദ്ദേഹം പറയുമായിരുന്നു. ഞാനൊരുപാട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എല്ലാ ഉത്തരങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഒരു പിതൃവാല്‍സല്യം ഞാന്‍ അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്തുവോളം ഗായകനാവാനായിരുന്നു എനിക്ക് മോഹം.”

ജയചന്ദ്രനിലെ സംഗീതകാരനെ തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ ദേവരാജന്‍ മാഷായിരുന്നു. ”ഒരുദിവസം ദേവരാജന്‍ മാഷ് വിളിച്ചിട്ട് തരംഗിണി സ്റ്റുഡിയോയില്‍ ചെല്ലാന്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിക്കാണ് റെക്കോഡിങ്. മാഷ് എട്ടരക്കു വരും. ഒമ്പതു മണിക്കു ശേഷം വരുന്ന ഒരാളേയും അദ്ദേഹം അകത്തു കയറ്റില്ല. അത് എത്രവലിയ മ്യുസിഷനായാലും ശരി. ഇത് അറിയാവുന്നതുകൊണ്ട് ഞാന്‍ നേരത്തേ തന്നെ അവിടെയെത്തി. എന്റെ പൊന്നു തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടുകളാണ് റെക്കോഡ് ചെയ്യുന്നത്. മാഷ് പലര്‍ക്കും പാട്ട് പറഞ്ഞുകൊടുക്കുന്നു. അദ്ദേഹം പറയുന്ന നൊട്ടേഷന്‍സൊക്കെ ഞാനും എഴുതിയെടുത്തു. ഉച്ചയായിട്ടും എന്നോടൊന്നും പറയുന്നില്ല. ഞാനപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘നീയാണ് ഇന്ന് അസിസ്റ്റന്റ് കണ്ടക്ടര്‍.’ മാഷ് പറഞ്ഞു. എനിക്കാണെങ്കില്‍ ഒരു പരിചയവുമില്ല. കീ ബോര്‍ഡിസ്റ്റ് ബോബനാണ് ടൈമിങ് പറയാന്‍ പഠിപ്പിച്ചത്. അതനുസരിച്ച് ഞാന്‍ വണ്‍… ടു…. ത്രീ… പറഞ്ഞു. പെട്ടെന്ന് ഹെഡ്‌ഫോണില്‍ ഒരു ശബ്ദം….’റെഡിയല്ലെ…’ എനിക്കെവിടെയോ പരിചയമുള്ള ശബ്ദമാണ്. ശ്രദ്ധിച്ചപ്പോള്‍ സാക്ഷാല്‍ യേശുദാസ്. ദേവരാജന്‍ മാഷുടെ സംഗീതത്തില്‍ ദാസ് സാറ് പാടുന്നു.

‘സുഭഗേ…സുഭഗേ..നാമിരുവരുമീ…’ എന്ന വയലാറിന്റെ രചന. ഞാന്‍ അസിസ്റ്റു ചെയ്യുന്നു… ഒരു പക്ഷെ, എന്റെ തലമുറയിലെ സംഗീത സംവിധായകര്‍ക്ക് ലഭിച്ച അപൂര്‍വ്വ ഭാഗ്യമായിരിക്കണം ഇത്.”

ചന്ത എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് എം ജയചന്ദ്രന്‍ സിനിമാ സംഗീതത്തിലേക്ക് കടന്നുവരുന്നത്. അതിന് നിമിത്തമായത് ഒരു മദ്രാസ് യാത്രയാണ്. ”ഒരുദിവസം പെരുമ്പാവൂര്‍ രവീന്ദ്രനാഥ് സാര്‍ എന്നെ വിളിച്ചു. അന്ന് അദ്ദേഹം അക്ഷരം എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. അതിലെ പാട്ടിന് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റുമോ എന്നദ്ദേഹം ചോദിച്ചു. ഫസ്റ്റ് ടൈമാണ്. മദ്രാസിലെ സ്റ്റുഡിയോയിലെ മ്യൂസിഷന്‍സിനൊപ്പം ഞാന്‍ വര്‍ക്കു ചെയ്തിട്ടുമില്ല. ‘നീ ധൈര്യമായി ചെയ്യു. നിനക്കതിനു കഴിയും’ എന്നായിരുന്നു സാറിന്റെ നിര്‍ദ്ദേശം.

”അന്ന് സ്റ്റുഡിയോയില്‍ ഗിരീഷ് പുത്തഞ്ചേരിയുണ്ടായിരുന്നു. റെക്കോഡിങ് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. എന്റെ ഫ്രണ്ട് സുനില്‍ ഒരു പടം ചെയ്യുന്നുണ്ട്. അതിന്റെ സംഗീതം നീയാണ്. ഒരു വലിയ ഓഫര്‍. കുറേക്കാലത്തിനുശേഷം അതു നടന്നു. അതാണ് ചന്ത.”

ആദ്യ സിനിമക്കുശേഷം നീണ്ട രണ്ടുവര്‍ഷം എം ജയചന്ദ്രന്‍ എന്ന നവാഗത സംഗീതസംവിധായകനെ തേടി ആരും വന്നില്ല. ”ജോലിയാണെങ്കില്‍ റിസൈന്‍ ചെയ്തു. ഒരു പാട്ടില്ല, പണിയില്ല. ആ സമയത്തായിരുന്നു വിവാഹം. ഒരുപാട് കഷ്ടപ്പെട്ടു.” പിന്നീട് ഏതാണ്ട് ഇരുപത്തിരണ്ടോളം ചിത്രങ്ങള്‍ക്ക് ജയചന്ദ്രന്‍ സംഗീതം നല്‍കി. പാട്ടിന് അത്രയേറെ പ്രാധാന്യമുള്ള സിനിമയായിരുന്നില്ല ഒന്നും. നിര്‍ഭാഗ്യവശാല്‍ ഒന്നും ഹിറ്റായില്ല.

ശരിക്കും ജയചന്ദ്രന്റെ ഇന്നിങ്‌സ് ആരംഭിക്കുന്നത് വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ്. അതൊരു ബ്രേക്ക് ആയി. തുടര്‍ന്ന് ഇന്നോളം മലയാളികള്‍ നെഞ്ചേറ്റിയ നിരവധി ഈണങ്ങള്‍ ആ വിരല്‍ത്തുമ്പില്‍ വിടര്‍ന്നു. ആര്‍ദ്രമായി പെയ്യുന്ന മഴപോലെ, ഈറന്‍ വെയില്‍പോലെ ഇന്നലെയിലെ പാട്ടുകള്‍……പെരുമഴയുടെ ഖനദുഃഖം പെയ്തു നിറയുന്ന ‘ഈറന്‍ പെരുമഴക്കാലം……’ ജയചന്ദ്രനിലൂടെ മെലഡിയുടെ തിരിച്ചുവരവ് നാമറിയുന്നു.

സിനിമാ സംഗീതത്തിന്റെ പരിമിതിയെ മറികടക്കുന്ന സമാന്തര സംഗീതത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് നമ്മുടെ സംഗീതം കടന്നു ചെല്ലേണ്ടതുണ്ടെന്ന് ജയചന്ദ്രന്‍ പറയുന്നു. ”സിനിമ സാങ്കേതികമായി വളരുകയാണ്. വിപണി ഡിമാന്റ് ചെയ്യുന്ന സംഗീതമാണ് സിനിമക്ക് ആവശ്യം. സിനിമയെ സപ്പോര്‍ട്ട് ചെയ്യുകയാണ് പാട്ടിന്റെ ധര്‍മ്മം. അതുകൊണ്ടുതന്നെ സിനിമാ സംഗീതത്തിന് പരിമിതിയുണ്ട്. കെ പി എ സിയുടെ നാടക ഗാനങ്ങളുടെയും എം ബി ശ്രീനിവാസന്‍ സാറിന്റെ ഗാനങ്ങളുടെയും ഒരു പാരമ്പര്യം നമുക്ക് നഷ്ടമാവുന്നുണ്ട്. ‘make revolution through music” എന്നതായിരുന്നു എം ബി സാറിന്റെ വഴി.”

സിനിമയില്‍ നിന്നും വ്യത്യസ്തമായ ഒരു സംഗീത ധാരയുടെ അന്വേഷണമാണ് ജയചന്ദ്രനെ എക്കാലത്തെയും ഭാവ സംഗീതത്തിന്റെ ഖനിയായ ഗീതഗോവിന്ദത്തിലെത്തിക്കുന്നത്. ജയദേവരുടെ ഗീതഗോവിന്ദം പൂര്‍ണമായും സംഗീതം നല്‍കി അവതരിപ്പിക്കുക എന്ന സ്വപ്നപദ്ധതിയുടെ പണിപ്പുരയിലാണിപ്പോള്‍ അദ്ദേഹം. ” ഇന്ത്യനെന്നോ പാശ്ചാത്യമെന്നോ ഭേദമില്ലാതെ സംഗീത ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി സംഗീതത്തിന് വിഷ്വല്‍ ബ്യൂട്ടി പകരാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഗായകരായിരിക്കും ഇതില്‍ പാടുക. ഒരു വിശ്വോത്തര സംഘടനയുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ ഗീതഗോവിന്ദം പൂര്‍ത്തിയാവും.”

സംഗീതവും സ്വപ്നവും അനുഭൂതിയുടെ വ്യത്യസ്തമായ സഞ്ചാര വഴികളാണ്. ഇവിടെ അത് ഒന്നാവുന്നു. സ്വപ്നത്തിന്റെയും സംഗീതത്തിന്റെയും ഒരു ഹാര്‍മണി… അതിനായി കാത്തിരിക്കുക.