അഭിനയ വിസ്മയം

അഭിനയ വിസ്മയം
സുകുമാരി/ കെ പി ജയകുമാര്‍
ഉച്ചക്ക് ഒരുമണിക്കാണ് വിവരം കിട്ടിയത് ”സുകുമാരി ചേച്ചിക്ക് ഇന്ന് ഷൂട്ടിങ് ഇല്ല. വീട്ടില്‍ തന്നെയുണ്ട്.” വിളിച്ചു. ”നിങ്ങള്‍ എവിടെ നിന്നാണ് വിളിക്കുന്നത്.” തിരുവനന്തപുരത്തുനിന്നുതന്നെയാണെന്ന് ഞങ്ങളുടെ മറുപടി. ”മൂന്നുമണിക്ക് എനിക്കൊരു പ്രോഗ്രാമുണ്ട്. അഞ്ച് മണിക്ക് ഡബ്ബിങ്ങിനുപോകണം.” വേറെ ഒരു ദിവസത്തേക്ക് അഭിമുഖത്തിന് ഡേറ്റ് വാങ്ങുകയായിരുന്നു വിളിയുടെ ഉദ്ദേശം. ”ഒരു കാര്യം ചെയ്യു. നിങ്ങള്‍ രണ്ടുമണിക്ക് വന്നോളു.”
ശരിക്കും അത്ഭുതമായിരുന്നു. മലയാള സിനിമയുടെ ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയാണ് സുകുമാരി. അവരുടെ ജീവിതം മലയാള സിനിമയുടെ ചരിത്രമാണ്. അരങ്ങിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമായി പകര്‍ന്നാടിയ വേഷങ്ങള്‍ നിരവധി! പക്ഷെ, സിനിമയുടെ എല്ലാ നാട്യങ്ങളില്‍നിന്നും പുറത്തായിരുന്നു അവര്‍.. കണ്ടപ്പോള്‍ അത്ഭുതം മറച്ചുവെച്ചില്ല.
ഇപ്പോള്‍ ഇങ്ങനെ ഒരഭിമുഖം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല… 
തുറന്ന ഒരു ചിരിയോടെ തുടക്കം. ”ഇത് എന്റെ ഒരു രീതിയല്ല നമ്മള്‍ വന്ന വഴി അങ്ങനെയാണ്. ലളിതക്കന്റെയും പപ്പിയക്കന്റെയും (ലളിത, പത്മിനി) അമ്മയാണ് മദ്രാസില്‍ ഞങ്ങളെ വളര്‍ത്തിയത്. അവര്‍ പഠിപ്പിച്ച പാഠമാണ് ഞങ്ങള്‍ ജീവിതത്തില്‍ പിന്‍തുടരുന്നത്. ആരെ കണ്ടാലും നമ്മള്‍ ബഹുമാനിക്കണം. മര്യാദ കൊടുക്കണം. കൊച്ചുകുട്ടികള്‍ ആയിരുന്നാല്‍പോലും. ഞങ്ങള്‍ ആരേയും വാടാ…പോടാ…എന്നൊന്നും വിളിക്കില്ല. അങ്ങനെ ഒരോന്നും പഠിച്ചുപഠിച്ചുവന്നതുകൊണ്ട് ആരേയും ഒഴിവാക്കാനോ കള്ളം പറഞ്ഞ് മാറിയിരിക്കാനോ കഴിയില്ല. സുഖമില്ലാത്തപ്പോള്‍ പോലും ഷൂട്ടിങ്ങ് മുടക്കിയിട്ടില്ല. കഴിയുന്നതും പോകും. നിങ്ങള്‍ വിളിച്ചതിനുശേഷം മൂന്നുമണിക്കുള്ള പ്രോഗ്രാം മാറ്റി. ഇനി അഞ്ച് മണിക്ക് ഡബ്ബിങ്. ഞാന്‍ അപ്പപ്പോള്‍ പോയി ഡബ്ബ് ചെയ്യും. എന്റെ ശബ്ദം ഇന്നുവരെ സ്വയം ഡബ്ബ് ചെയ്യുകയായിരുന്നു. മാറ്റിയാലത് പ്രേക്ഷകര്‍ക്ക് മനസ്സിലാവും.”
സംഭാഷണത്തിനിടക്ക് ഒരു ഫോണ്‍. ”മദ്രാസില്‍ നിന്നാണ്. അവിടെ നവരാത്രി ഉല്‍സവം തുടങ്ങുന്നു. എനിക്ക് പോകാന്‍ പറ്റില്ല. അതുകൊണ്ട് പൂജക്കുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് അവിടെ കൊടുക്കണമെന്ന് പറയുകയായിരുന്നു.”
നെറ്റിനിറയുന്ന ചന്ദനക്കുറി നടുവില്‍ കുങ്കുമം. ചന്ദനം നിറംചേര്‍ന്ന വെള്ള വസ്ത്രം, കൈയില്‍ ഭാഗവതം. അരികില്‍ ഒരു ചെറിയ ഡയറി. ഒരു മുത്തശ്ശിയുടെ തികഞ്ഞ സാത്വിക ഭാവം. ഒരു ആത്മീയതയുടെ നിറവ്. ”ആത്മീയത മനസ്സിലുണ്ട്. എന്നാല്‍ അതിനായി തന്നെ ജീവിക്കുകയൊന്നുമല്ല. ഷൂട്ടിങ്ങുണ്ടെങ്കില്‍. അയ്യോ…ഇപ്പോള്‍ വരാന്‍ പറ്റില്ല, എനിക്ക് പൂജയുണ്ട്, എന്നൊന്നും പറയില്ല. ജോലി ഉണ്ട് എന്നുപറഞ്ഞാല്‍ ആ ജോലി കഴിഞ്ഞിട്ടേ എനിക്ക് സ്വന്തം കാര്യമുള്ളു. അങ്ങനെ ശീലിച്ചുപോയി.”
ഏഴുവയസില്‍ കാലില്‍ ചിലങ്കയണിഞ്ഞു, നൃത്തവേദിയിലായിരുന്നു തുടക്കം. ”അതിപ്പോഴും തുടരുന്നുണ്ട്. പിന്നെ നാടകം ചെയ്തു. സിനിമയിലും ടി വി സീരയലിലും അഭിനയിച്ചു. സ്റ്റില്‍ ക്യാമറക്കുമുന്നിലെങ്കിലുംനില്‍ക്കാതെ, ക്യാമറാ കാണാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല.”
ഒഴിവുനേരങ്ങള്‍ ഇല്ലാതാവുകയും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറഞ്ഞുവരുകയും ചെയ്യുന്നതിനെക്കുറിച്ച് സുകുമാരി പറയുന്നു. ”ഇന്നിപ്പോള്‍ ഒഴിവുസമയങ്ങളില്‍ ആരുടെയെങ്കിലും വീട്ടില്‍ പോകുന്നതോ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതോ ആര്‍ക്കും ഇഷ്ടമല്ല. ടി വി കാണണമെന്നുള്ളതുകൊണ്ട് പലരും സൗഹൃദങ്ങളും സ്‌നേഹ സന്ദര്‍ശനങ്ങളും കുറയ്ക്കുന്നു. അല്ലെങ്കില്‍ അതിനൊക്കെ പരിധി നിര്‍ണയിക്കുന്നു.”
അഭിനയ ലോകത്തെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവു നേരങ്ങളെ എങ്ങിനെ വിനിയോഗിക്കുന്നുവെന്ന് സ്വാഭാവികമായും ചോദിച്ചുപോകുന്നു. ”എന്തെങ്കിലും വായിക്കും എഴുതും. തമിഴാണ് ഞാന്‍ കൂടുതലും വായിക്കുന്നത്. മലയാളം വായിക്കുമെങ്കിലും. ചില അക്ഷരങ്ങള്‍ മനസ്സിലാവില്ല.  അപ്പോള്‍ ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കും.”
മലയാളിയായി ജനിച്ച് തമിഴ്‌നാട്ടില്‍ താമസിച്ച് രണ്ടുസംസ്‌കാരങ്ങളിലൂടെയാണ് സുകുമാരിയുടെ ജീവിതം കടന്നുപോകുന്നത്. എന്ന നിരീക്ഷണത്തെ അവര്‍ ഇങ്ങനെ തിരുത്തുന്നു. ”ശരിക്കും രണ്ടു സംസ്‌കാരമല്ല. തെലുങ്കിലും അഭിനയിക്കുന്നുണ്ട്, അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം എന്റേതുകൂടിയാണ്. ഓരോ ഭാഷയില്‍ അഭിനയിക്കുമ്പോഴും നമ്മള്‍ ആ സംസ്‌കാരത്തെ അറിയുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ അഭിനയത്തിലൂടെ ജീവിച്ചുവളര്‍ന്ന സംസ്‌കാരമാണ് എന്റേത്.”
അഭിനയത്തിന് ഭാഷ ആവശ്യമില്ല, അഥവാ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകളെ മായ്ച്ചുകളയുന്ന അനുഭവമാണ് സിനിമ. ”നല്ല നല്ല കഥാപാത്രങ്ങളെ ചെയ്യുക. അത് ആള്‍ക്കാര്‍ ഇഷ്ടപ്പെടുക അത്രമാത്രമാണ് എന്റെ ആഗ്രഹം. ഒരു ദുഷ്ട കഥാപാത്രത്തെ ചെയ്താല്‍ എന്തൊരു ദുഷ്ടത്തിയാണ് അവരെന്ന് പ്രേക്ഷകര്‍ പറയണം. എം എന്‍ നമ്പ്യാര്‍ എന്ന മനുഷ്യന്‍ എത്രമാത്രം ദുഷ്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ആരെങ്കിലും അദ്ദേഹം മോശക്കാരനാണെന്ന് പറയുന്നുണ്ടോ. അതുപോലെ തന്നെ ഹിന്ദി നടനായിരുന്ന പ്രാണ്‍ജി, എനിക്കദ്ദേഹത്തെ പേടിയായിരുന്നു. പപ്പിനിയക്കന്റെ കൂടെ ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടാല്‍ മാറിക്കളയും. അത്രയധികം ദുഷ്ടകഥാപാത്രങ്ങളെ ചെയ്ത നടനാണ്. ആ മനുഷ്യന്‍ എത്ര നല്ല സ്വഭാവമുള്ള ആളാണെന്ന് പിന്നീടാണ് മനസ്സിലാവുന്നത്. അതുപോലെ തമിഴിലെ വലിയ എഴുത്തുകാരനായ ജയകാന്തന്‍. അദ്ദേഹത്തിന്റെ ചിലനേരങ്കളില്‍ ചില മനിതര്‍കള്‍ എന്ന ചിത്രം വളരെ പ്രസിദ്ധമാണ്. ആ മനുഷ്യനെ കണ്ടാല്‍ പേടിയാകും. വലിയ മീശയൊക്കെവച്ച് ഒരാള്‍. പക്ഷെ, അദ്ദേഹം വലിയ റൈറ്ററാണ് ഒരുപാട് പുസ്തകമൊക്കെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു. സിനിമയില്‍ അഭിനയിച്ചു. അപ്പോഴാണ് മനസ്സിലാകുന്നത് എന്തൊരു നല്ല സ്വഭാവമുള്ള ആളാണെന്ന്. മനുഷ്യനെ കാണുന്നതുപോലെയല്ല അവരുടെ മനസ്സ് എന്ന് അവിടെ നിന്നും മനസ്സിലായി. ഒരു പാട് സംസ്‌കാരങ്ങളിലൂടെയും ഭാഷകളിലൂടെയും കടന്നുപോരുമ്പോള്‍ ഇങ്ങനെ പലതും നമ്മള്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ വലിയ അറിവുകളല്ലേ ഇതെല്ലാം.”
സുകുമാരി ജീവിച്ചത് സിനിമയോടൊപ്പമാണ്. വിവിധ ഭാഷകളില്‍, വിവിധ അഭിനയ സംസ്‌കാരങ്ങളില്‍ ഒരുപാട് തലമുറകളിലൂടെ തുടരുന്ന അഭിനയയാത്ര. ”പപ്പിനിയക്കന്റെയും ലളിക്കന്റെയുമൊക്കെ കൂടെ ജീവിച്ചതുകൊണ്ട് എപ്പോഴും ജീവിതത്തിനൊപ്പം സിനിമയുണ്ടായിരുന്നു. അതുകൊണ്ട് ആദ്യമായി സിനിമയില്‍ വരുമ്പോള്‍ അപരിചിതത്വം തോന്നിയിട്ടില്ല. സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയോ അടുത്ത് അവസരം ചോദിക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ എത്ര തലമുറകളോടൊപ്പം ഞാന്‍ അഭിനയിച്ചു. സുകുമാരന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കൂടെ അഭിനയിച്ചു. സനുഷ തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ എന്റെ കൂടെ അഭിനയിച്ചു. ഇപ്പോള്‍ നായികയായപ്പോഴും ഞങ്ങള്‍  ഒരുമിച്ച് അഭിനയിച്ചു. അതൊരു വലിയ കാര്യമല്ലേ. ഒരുപാട് തലമുറകള്‍ക്കൊപ്പം. മാറുന്ന അഭിരുചികള്‍ക്കൊപ്പം നില്‍ക്കാനാവുന്നില്ലേ.”
അമ്മയായും അമ്മൂമ്മയായും നിരവധി വേഷങ്ങള്‍, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ കോളനി സെക്രട്ടറി, ബോയിങ് ബോയിങ്ങിലെയും വന്ദനത്തിലെയും പൊട്ടിച്ചിരിപ്പിപ്പിക്കുന്ന വേഷപ്പകര്‍ച്ച. മിഴികള്‍ സാക്ഷിയില്‍ ഊമയായ അമ്മ. വാക്കുകള്‍ക്കപ്പുറത്തേക്ക് അഭിനയത്തിന്റെ ആത്മീയ നിറവായിരുന്നു സുകുമാരിയുടെ അഭിനയകാലം. തലമുറകളോടൊപ്പം അഭിനയിക്കുകയല്ല സുകുമാരി തലമുറകളെ അതിശയിപ്പിക്കുകയാണ്.