ഗോള്‍ഫ് മൈതാനങ്ങള്‍ പുറംതള്ളുന്നന്നത് മാരക രാസമാലിന്യങ്ങള്‍

ഗോള്‍ഫ് കോഴ്‌സുകള്‍ മാരകമായ കീടനാശിനികളെന്ന് പഠനം. പച്ചപ്പുല്ല് വളര്‍ത്താനും നിറവ്യത്യാസമില്ലാതെ നിലനിര്‍ത്താനും ടണ്‍കണക്കിന് രാസവസ്തുക്കളും കീടനാശിനികളുമാണ് ഗോള്‍ഫ് കോഴ്‌സുകളില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞു. കൃത്രിമ കീടനാശിനികള്‍, കളനാശിനികള്‍, കുമിള്‍ നാശിനികള്‍, കൃത്രിമ കളറിങ് ഏജന്റുകള്‍ (പല നിറത്തില്‍ മൈതാനത്തെ പുല്ല് അലങ്കരിക്കാന്‍) എന്നിവ നിരന്തരം ഉപയോഗിച്ചാല്‍ മാത്രമേ ഗോള്‍ഫ് മൈതാനങ്ങള്‍ക്ക് പച്ച നിലനിര്‍ത്താനാവൂ. ലോങ് ഐലന്റിലെ 52 ഗോള്‍ഫ് കോഴ്‌സുകളില്‍ നടത്തിയ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ പഠനത്തില്‍ കീടനാശിനി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. സാധാരണ കൃഷിക്കുപയോഗിക്കുന്നതിന്റെ ഏഴ് മടങ്ങ് കീടനാശിനികളാണ് പ്രതിവര്‍ഷം ഗോള്‍ഫ് കോഴ്‌സുകളില്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ഗോള്‍ഫ് കോഴ്‌സ് പരിപാലിക്കാനും വെള്ളവും രാസവളങ്ങളും തളിക്കുന്നതിനുമായി പ്രതിവര്‍ഷം നാല്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. കൊച്ചു സംസ്ഥാനമായ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ബോള്‍ഗാട്ടി, മൂന്നാര്‍, കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം എന്നിവടങ്ങളിലായി നാല് ഗോള്‍ഫ് കോഴ്‌സുകളാണ് പ്രവര്‍ത്തിക്കുന്നത്.
രാസവസ്തുക്കളുടെ അമിത ഉപയോഗവും നിരന്തരമായ ജലസേചനവും ഈ രാസവിഷങ്ങള്‍ മറ്റ് ജലസ്രോതസ്സുകളിലേക്കും സമീപപ്രദേശങ്ങളിലേക്കും അരിച്ചിറങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജപ്പാനില്‍ നടത്തിയ പഠനങ്ങളില്‍ ഗോള്‍ഫ് കോഴ്‌സുകളില്‍ നിന്ന് അരിച്ചിറങ്ങുന്ന രാസവിഷങ്ങള്‍, ഇരുമ്പ്, കാഡ്മിയം, അലൂമിനിയം, സിങ്ക്, ആഴ്‌സെനിക്, മെര്‍ക്കുറി തുടങ്ങിയവ അടങ്ങിയ ജലം സമീപപ്രദേശങ്ങളിലെ മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തുകയും ജലജീവികള്‍ക്ക് നാശം വരുത്തുകയും ചെയ്തു. പക്ഷികള്‍ ചത്തുവീണതിനെത്തുടര്‍ന്ന് 1990ല്‍ അമേരിക്കന്‍ പരിസ്ഥിതി ഏജന്‍സി ഗോള്‍ഫ് മൈതാനങ്ങളില്‍ ഓര്‍ഗാനോഫോസ്‌ഫേറ്റ് ഡയസിനോണിന്റെ ഉപയോഗം നിരോധിച്ചു.
പക്ഷികളെയും ജലജീവികളെയും മാത്രമല്ല ഗോള്‍ഫ് കളിക്കാരെയും സഹായികളെയുമൊക്കെ ഈ വര്‍ദ്ധിത രാസവിഷ ഉപയോഗം ദോഷകരമായി ബാധിക്കുന്നുണ്ട്. പുല്ലില്‍ തെളിക്കുന്ന കീടനാശിനികളില്‍ വലിയൊരംശം ആവിയായി അന്തരീക്ഷത്തിലേക്കുതന്നെ കലരും. ചൂടുകൂടിയ പ്രദേശങ്ങളില്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. അമേരിക്കന്‍ ഗോള്‍ഫ് സൂപ്രണ്ടസ് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ അസോസിയേഷന്‍ മെമ്പര്‍മാരില്‍ കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ ശരാശരിയിലും വളരെ കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്കന്‍ ലേഡീസ് പ്രൊഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്‍ 1991മുതല്‍ അതിന്റെ മെമ്പര്‍മാര്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ ഗോള്‍ഫേഴ്‌സിനിടയിലെ വര്‍ദ്ധിച്ച സ്തനാര്‍ബുദനിരക്കിന് കാരണം പച്ചപ്പുല്‍ മൈതാനത്തെ രാസവിഷ ഉപയോഗമാവാം എന്ന് അവര്‍ സംശയിക്കുന്നുണ്ട്.
ഗോള്‍ഫ് കോഴ്‌സുകളില്‍ പരിസ്ഥിതി സൗഹൃദ ജൈവ കീടനാശനിയും ജൈവ നിയന്ത്രണ സംവിധാനങ്ങളും പലരും പരീക്ഷിക്കുന്നുണ്ടെങ്കിലും അത് ചെലവേറിയതും ഫലപ്രദവുമാക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല. എങ്കിലും പല ഗോള്‍ഫ് കോഴ്‌സുകളും പബ്ലിക് റിലേഷന്‍സ് തന്ത്രങ്ങളുടെ ഭാഗമായി സ്വയം ഗ്രീന്‍ ആണെന്ന് അവകാശപ്പെട്ടുതുടങ്ങിയിട്ടുമുണ്ട്. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തോടനുബന്ധിച്ചുള്ള ഗോള്‍ഫ് കോഴ്‌സിന്റെ പ്രധാന പരസ്യവാചകവും ഗ്രീന്‍ എന്നു തന്നെയാണ്. നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങളും തോടുകളും നികത്തിയാണ് ഇവിടെ ഗോള്‍ഫ് കോഴ്‌സ് വരുന്നത്. മണ്ണിനടിയിലെ നീരുറവകളിലൂടെ രാസമാലിന്യങ്ങള്‍ പരിസരപ്രേശങ്ങളിലേക്കും ജനങ്ങളുടെ കുടിവെള്ള സ്രോതസുകളിലേക്കും അരിച്ചിറങ്ങാന്‍ അധികനാള്‍ വേണ്ടിവരില്ല. പ്ലാച്ചിമടയിലെ കൊക്കൊകോള പ്ലാന്റ് പരിസരങ്ങളില്‍ സൃഷ്ടിച്ച രാസ മലിനീകരണവും ഇന്ത്യയില്‍തന്നെ ഏറ്റവുമധികം ക്യാന്‍സര്‍ രോഗികളെ സൃഷ്ടിച്ച മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് അനുഭവവും ഇവിടെ ഒരു പാഠമായിരിക്കേണ്ടതാണ്.