കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ്: സിനിമ പോലൊരു ജീവിതം

– കെ പി ജയകുമാര്‍ –

മലയാള സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു പേരുണ്ട്. കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ്. ഇന്ന് അദ്ദേഹത്തിന്റെ 141-ാം പിറന്നാളാണ്.
എന്നാല്‍ സിനിമാ ചരിത്രം അദ്ദേഹത്തെ മറന്നുപോയിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ നൂറ് ആഘോഷിക്കുന്ന ഈ വേളയിലോ, സിനിമാ പ്രദര്‍ശന ത്തിന്റെ നൂറ് വര്‍ഷങ്ങള്‍ ആഷോഷിച്ചുതീര്‍ത്ത തൊണ്ണൂറുകളിലോ വാറുണ്ണി ജോസഫ് എന്ന മനുഷ്യന്‍ ചരിത്രത്തിലേക്ക്‌ കടന്നുവന്നില്ല.

1871 നവംബര്‍ 26 ന് തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ എലുവത്തിങ്കല്‍ വീട്ടിലാണ് വാറുണ്ണി ജോസഫ് ജനിച്ചത്. കാട്ടൂരില്‍ നിന്നു വന്നു താമസിച്ചവരായതുകൊണ്ട് കാട്ടൂക്കാര്‍ എന്നാണ് ആ കുടുംബം അറിയപ്പെട്ടത്. അങ്ങനെയാണ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് എന്ന മനുഷ്യന്‍ ജനിച്ചിട്ട് ഇന്നേക്ക് 141 വര്‍ഷം തികയുന്നു. ആഘോഷങ്ങളും അനുസ്മരണങ്ങളുമില്ലാതെ ഒരാള്‍. 1925 മെയ് 26ന് മലയാള ചലച്ചിത്രമായ ബാലന്‍ പുറത്തുവരുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാറുണ്ണി ജോസഫ് ലോകത്തോട് വിടപറഞ്ഞു. സിനിമയ്ക്ക് മുമ്പ് ജനിക്കുകയും മരിക്കുകയും ചെയ്ത ഈ മനുഷ്യന്‍ എങ്ങനെയാണ് മലയാള സിനിമാചരിത്രത്തിലെ അത്യപൂര്‍വ്വ വ്യക്തിയായി തീരുന്നത്?  അതറിയാന്‍ സിനിമയുടെ പ്രദര്‍ശന ചരിത്രത്തോളം പിന്നോട്ട് സഞ്ചരിക്കണം.

1928ലാണ് മലയാളത്തിലെ ആദ്യ ചിത്രം പുറത്തുവരുന്നത്. 1906ലാണ് കേരളത്തില്‍ ആദ്യമായി ചലച്ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. തിരുച്ചിറപ്പള്ളിക്കാരന്‍ പോള്‍ വിന്‍സെന്റ് എന്ന റയില്‍വേ ഉദ്യോഗസ്ഥനായിരുന്നു ആദ്യമായി കേരളത്തിലേക്ക് ചലിക്കുന്ന ചിത്രവുമായി വന്നത്. അതൊരു തുടക്കമായിരുന്നു. ആ ചലന ചിത്രങ്ങളില്‍ ആവേശംകൊണ്ട മറ്റൊരാള്‍ ഉണ്ടായിരുന്നു. ലോകം വരും കാലങ്ങലില്‍ ഈ ചലന ചിത്രത്തിനു മുന്നിലേക്കൊഴുകിയെത്തുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്ത മലയാളി. അതാണ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ്. കേരളത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രം വാറുണ്ണി ജോസഫിന്റെ ജീവിതം കൂടിയാണ്.

1895 ഡിസംബര്‍ 28-ാംതീയതി പാരീസിലെ ഗ്രാന്റ് കഫേയുടെ നിലവറയില്‍ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം നടന്നു. ലോകം സിനിമ കണ്ട് ആറ് മാസം പിന്നിട്ടപ്പോള്‍ ഇന്ത്യയിലും ആദ്യപ്രദര്‍ശനത്തിന് വേദിയൊരുങ്ങി. മുംബൈയില്‍ ലൂമിയര്‍ സഹോദരന്‍മാരാണ് ആ പ്രദര്‍ശനം നടത്തിയത്. ജോര്‍ജ്ജ് മെലീസ് എന്ന ആദ്യകാല ചലച്ചിത്രകാരന്‍ പാരീസിലെ ആദ്യ ചലച്ചിത്ര പ്രദര്‍ശനത്തിലെ കാഴ്ചക്കാരനായിരുന്നു.
മുംബൈയില്‍ ലൂമിയര്‍ സഹോദരന്‍മാര്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ഭാവി ചലച്ചിത്രകാരനായ ഒരാള്‍ കാഴ്ചക്കാരനായുണ്ടായിരുന്നു. ഹരിശ്ചന്ദ്ര സഖാറാം ഭട്ട്‌ വഡേക്കര്‍. മുംബൈയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന വഡേക്കര്‍ 1897ല്‍ ലൂമിയര്‍ സഹോദരന്‍മാരെ അനുകരിച്ച് ഒരു ഗുസ്തി സിനിമയില്‍ പകര്‍ത്തി. അടുത്ത ഒരു പതിറ്റാണ്ടുകാലം ഇത്തരത്തിലുള്ള നിത്യ ജീവിത ദൃശ്യങ്ങള്‍ പലതും ചലച്ചിത്രത്തിലേക്ക് പകര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ആദിരൂപത്തിന് സജീവമായ തുടക്കം നല്‍കി. താനാവാല, ഹീരാലാല്‍സെന്‍, സാവാദാദ തുടങ്ങിയവരായിരുന്നു ഈ ചിത്രങ്ങളുടെ അമരക്കാര്‍. ലൂമിയര്‍ സഹോദരന്‍മാരുടെ ഏജന്റുമാര്‍ ഇന്ത്യയിലെ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ് മടങ്ങിയതോടെ ഇന്ത്യക്കാരായ പ്രദര്‍ശകര്‍ രംഗത്തെത്തി. ജെ എഫ് മദന്‍, അബ്ദുള്ള ഇസൂഫലി എന്നിവരാണ് പ്രദര്‍ശന രംഗത്തെ ആദ്യത്തെ ഇന്ത്യക്കാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടൊത്ത് അവരുടെ ചലച്ചിത്ര പ്രദര്‍ശനങ്ങളും തുടങ്ങി.
തിരുച്ചിറപ്പിള്ളിയിലെ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു പോള്‍ വിന്‍സെന്റായിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദര്‍ശകന്‍. ഫ്രെഞ്ചുകാരനായ ഒരു ചലച്ചിത്ര പ്രദര്‍ശകനില്‍ നിന്നു വാങ്ങിയ സിനിമാറ്റോഗ്രാഫ് ഉപകരണങ്ങള്‍ കൊണ്ടാണ് വിന്‍സെന്റ് പ്രദര്‍ശനം തുടങ്ങിയത്. എഡിസണ്‍ ബയോസ്‌കോപ്പ് എന്ന തന്റെ പ്രൊജക്ടറുമായി വിന്‍സെന്റ് ദക്ഷിണേന്ത്യ  ചുറ്റിക്കറങ്ങി. കൂട്ടത്തില്‍  കോഴിക്കോട്ടുമെത്തി. 1906ല്‍ കേരളീയര്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം കണ്ടു. ചെടിയില്‍ പൂവിരിയുന്നതും കുതിരപന്തയവും ക്രിസ്തുവിന്റെ ജീവിതവുമൊക്കെയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍. അക്കൊല്ലം അവസാനത്തോടെ വിന്‍സന്റും എഡിസണ്‍ ബയോസ്‌കോപ്പും തൃശ്ശൂരെത്തി. അവിടെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ അത്ര വിജയമായിരുന്നില്ല. എങ്കിലും തൃശ്ശൂരിലെ വാറുണ്ണി ജോസഫ് അതില്‍ ആകൃഷ്ടനായി. വിന്‍സെന്റാവട്ടെ തന്റെ ബയോസ്‌കോപ്പും ഫിലിമുകളും വാറുണ്ണിക്ക് വിറ്റ് നാട്ടിലേക്ക് മടങ്ങി.
വാറുണ്ണിയിലെത്തിയ എഡിസണ്‍ ബയോസ്‌കോപ്പ്, ജോസ് ബയോസ്‌കോപ്പ് എന്നറിയപ്പെട്ടു. കാട്ടൂര്‍ക്കാരന്‍ വാറുണ്ണി ജോസഫ് സിനിമയുടെ മാന്ത്രിക ശക്തിയെപ്പറ്റി ബോധവാനായിരുന്നു. 1907ലെ തൃശൂര്‍ പൂരത്തിന് അദ്ദേഹത്തിന്റേതായ ഒരു കൂടാരം ഉയര്‍ന്നു. ജോസ് ബയോസ്‌കോപ്പിന്റെ സിനിമാ പ്രദര്‍ശനം കാണാന്‍ ഏറെപ്പേര്‍ തിങ്ങിക്കൂടി. താല്‍ക്കാലിക കൂടാരങ്ങളിലാണ് ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പെട്രോമാക്‌സ് വിളക്കുകള്‍ കൂടാരത്തില്‍ പ്രകാശം പരത്തി. പ്രദര്‍ശനം തുടങ്ങുമ്പോള്‍ ഈ വിളക്കുകള്‍ പെട്ടിക്കുള്ളില്‍ മറയും. പ്രൊജക്ടറിന്റെ ശബ്ദത്തിനൊപ്പം വിവരണക്കാരന്റെ ശബ്ദം ഉയരും. ഉച്ച ഭാഷിണി ഇല്ലാതെ തന്നെ, എന്നാല്‍ എല്ലാവരും കേള്‍ക്കുമാറുച്ചത്തിലാണ് ഈ വിവരണം. കേരളത്തിലെ സിനിമാ തീയേറ്ററിന്റെ ആദ്യ രൂപമായിരുന്നു വാറുണ്ണി ജോസഫിന്റെ താല്‍ക്കാലിക കൂടാരം. ഇന്നത്തെ അര്‍ത്ഥത്തിലുള്ള മുഴുനീള കഥാ ചിത്രങ്ങളൊന്നുമായിരുനന്നില്ല അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. പൂ വിരിയുന്നതും കുതിര ഓടുന്നതും തീവണ്ടിയുമെല്ലാം ജീവനുള്ള ചലന ചിത്രങ്ങളായി.
കേരളത്തിലെ പ്രദര്‍ശന വിജയത്തെത്തുടര്‍ന്ന് കാട്ടൂര്‍ക്കാരന്‍ ജോസഫ് ദക്ഷിണേന്ത്യയൊട്ടാകെ തന്റെ ബയോസ്‌കോപ്പുമായി ചുറ്റിക്കറങ്ങി. ജനറേറ്ററുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ ജോസഫ് തന്റെ പ്രദര്‍ശനങ്ങള്‍ക്കായി ഒരു ജനറേറ്റര്‍ വാങ്ങി. അങ്ങനെ 1912 മുതല്‍ ജോസ് ബയോസ്‌കോപ്പ്, ജോസ് ഇലക്ട്രിക്കല്‍ ബയോസ്‌കോപ്പായി അറിയപ്പെട്ടു.
പ്രദര്‍ശന വിജയങ്ങള്‍ക്കിടെ ഒരപ്രതീക്ഷിത ദുരന്തവും ജോസഫിന് നേരിടേണ്ടിവന്നു. മംഗലാപുരത്തുവെച്ച് ഒരു പായ്ക്കപ്പലില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആ ദുരന്തം. ചരിത്രത്തില്‍ അടയാളപ്പെടാതെ പോയ പായ്ക്കപ്പല്‍ ചേതത്തില്‍ വാറുണ്ണി ജോസഫിന്റെ ബയോസ്‌കോപ്പും ഫിലിമുകളും കടലില്‍ മുങ്ങിപ്പോയി. ജോസ് ബയോസ്‌കോപ്പ്  എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പക്ഷെ ജോസഫ് നിരാശനായില്ല. മറ്റ് രണ്ടുപേരേക്കൂടി ചേര്‍ത്ത് പുതിയൊരു പ്രദര്‍ശന സംരംഭം തുടങ്ങി. റോയല്‍ എക്‌സിബിറ്റേഴ്‌സ് എന്നായിരുന്നു ഇതിന്റെ പേര്.  മലയാളത്തിലെ ആദ്യത്തെ പ്രദര്‍ശന കമ്പനിയായിരുന്നു റോയല്‍ എക്‌സിബിറ്റേഴ്‌സ്.
എന്നാല്‍ മലയാളത്തിലെ ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ കാട്ടൂര്‍ക്കാരന്‍ ജോസഫ് കഥാവശേഷനായി. സിനിമ തന്നെ സിനിമക്ക് വിഷയമാകുന്ന അപൂര്‍വ്വം ചലച്ചിത്രങ്ങള്‍ മാത്രമെ മലയാളത്തില്‍ പുറത്തുവന്നിട്ടുള്ളു. ഒരു ചലച്ചിത്രത്തിലെന്നതുപോലെ സംഭവ ബഹുലമായിരുന്നിട്ടും കാട്ടൂര്‍ക്കാരന്‍ ജോസഫിന്റെ ജീവിതം എന്തുകൊണ്ടോ മലയാള സിനിമയില്‍ ആരും ഇന്നോളം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചില്ല. നൂറ് വര്‍ഷം പിന്നിടുന്ന മലയാള ചലച്ചിത്ര പ്രദര്‍ശന ചരിത്രത്തിലെ മറക്കാനാവാത്ത ആള്‍രൂപമാണ് കാട്ടൂര്‍ക്കാരന്‍ ജോസഫ്.