ആരറിയും, നന്‍മയുടെയും തിന്‍മയുടെയും ദൈവത്തെ..?
സിറ്റ് ഡൗണ്‍ മിസ്റ്റര്‍ ഗാന്ധി!!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിനിടയിലെ ഒരു കാഴ്ച, അല്ലെങ്കില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയുടെ സ്വഭാവത്തെക്കുറിച്ച് വിശദമാക്കുന്ന ഒരു സംഭവം ഗാന്ധിജിയുടെ ജീവചരിത്രകാരന്‍ ലൂയി ഫിഷര്‍ എഴുതിയിട്ടുണ്ട്.
സിറ്റ് ഡൗണ്‍ മിസ്റ്റര്‍ ഗാന്ധി എന്നു തന്നെയായിരുന്നു ആ അദ്ധ്യായത്തിന്റെ തലക്കെട്ട്. കാശിയിലെ സെന്‍ട്രല്‍ ഹിന്ദു സ്‌കൂള്‍ ഉദ്ഘാടനത്തിന് വൈസ്രോയി വരുന്നു. ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കാലം. സ്‌കൂളിന്റെ സ്ഥാപകയായ ആനിബസന്റ്, അവിടെ പ്രസംഗിക്കാന്‍ ഗാന്ധിജിക്ക് ഒരവസരം കൊടുത്തു.
താന്‍ നഗരത്തിലെമ്പാടും കണ്ട രഹസ്യ പോലീസുകാരെ പരാമര്‍ശിച്ചായിരുന്നു ഗാന്ധിജി പ്രസംഗം തുടങ്ങിയതു തന്നെ. എന്തിനാണ് മഫ്ടി പോലീസുകാര്‍ നഗരത്തില്‍ മുഴുവന്‍? ഗാന്ധിജി ചോദിച്ചു. വൈസ്രോയി വരുന്നതിന്റെ സെക്യൂരിറ്റി. ഗാന്ധിജി തന്നെ മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ പുരോഗമിച്ചു.
രഹസ്യപോലീസുകാരുടെ സംരക്ഷണമില്ലെങ്കില്‍ വൈസ്രോയിക്ക് എന്തു സംഭവിക്കും? ആരെങ്കിലും ആക്രമിച്ചേക്കാം.. കൊല്ലപ്പെട്ടെന്നും വരാം. അപ്പോള്‍ വൈസ്രോയി മരണം ഭയപ്പെടുന്നു. നമ്മുടെ മനസ്സിലെ ഭയമല്ലേ യഥാര്‍ത്ഥ മരണം. പേടിച്ചു പേടിച്ചു എപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നതിനക്കാള്‍ ഭേദമല്ലേ ഒരു തവണ മാത്രം മരിക്കുന്നത്?
ഗാന്ധിജിയുടെ പ്രസംഗം ഇങ്ങനെ മുന്നേറിയപ്പോള്‍ സദസ്സ് നിശ്ശബ്ദമായി. ഈ വാക്കുകള്‍ എല്ലാവരുടെയും മനസ്സിലേക്ക് അമര്‍ന്നിറങ്ങുന്നു എന്നു മനസ്സിലായ ആനിബസന്റ് പൊട്ടിത്തെറിച്ചു.
‘സിറ്റ് ഡൗണ്‍ മിസ്റ്റര്‍ ഗാന്ധി’
ഗാന്ധിജി ഇതൊക്കെ പറഞ്ഞത് തികഞ്ഞ ആത്മാര്‍ത്ഥയോടുകൂടിയായിരുന്നു. അതുകൊണ്ടാണ് മരണം വരെ തനിക്ക് പോലീസ് സംരക്ഷണം വേണ്ടെന്ന് വാശി പിടിച്ചത്. തന്റെ പ്രാര്‍ത്ഥനാ യോഗത്തിന് വന്നവരെ പോലീസ് പരിശോധിച്ചതായി അറിഞ്ഞപ്പോള്‍, പോലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ശാഠ്യം പിടിച്ചത്. അതാണ് ഗാന്ധിജി. പറഞ്ഞതും പ്രവര്‍ത്തിച്ചതും തമ്മില്‍ അന്തരമില്ലായിരുന്നു. പ്രവര്‍ത്തിക്കാന്‍ കഴിയുന്നതേ പറഞ്ഞിട്ടുമുള്ളൂ.
എന്നാല്‍ ഇതേ ഗാന്ധിയെ ഓര്‍മ്മിക്കാന്‍ നമുക്ക് ഇന്ന് അനേകം ഗാന്ധിമാരുണ്ട്. ഇവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധം കണ്ടെത്താന്‍ മഷിയിട്ടു നോക്കണം.
അഴിമതിക്കെതിരെ ഉഗ്രപോരാട്ടത്തിനിറങ്ങിയ അണ്ണാ ഹസാരെയെ ഗാന്ധി എന്നു വിശേഷിപ്പിച്ചവരും ഇന്ന് ദുഃഖിതരാണ്. ഗാന്ധിജിയുടെ സമരമാര്‍ഗ്ഗത്തിലൂടെ അഴിമതി വിരുദ്ധ ഭാരതം കെട്ടിപ്പടുക്കാം എന്ന ഹസാരെയുടെ ആഹ്വാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചവരില്‍ എല്ലാവിഭാഗം ജനങ്ങളുമുണ്ടായിരുന്നു. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഞങ്ങള്‍ തയ്യാറാണെന്ന് സ്വന്തം ചോര കൊണ്ടു എഴുതിയവര്‍ വരെയുണ്ട്്.
പക്ഷെ ഹസാരെക്ക് പിഴച്ചു. അതല്ലെങ്കില്‍ ജനത്തിന് പിഴച്ചു. സമരം ഹൈജാക്ക് ചെയ്യപ്പെട്ടു. അഴിമതി വിരുദ്ധതക്കായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ഉദയം കൊണ്ടേ മതിയാകൂ എന്ന് ഹസാരേയോടൊപ്പമുണ്ടായിരുന്നവര്‍, ഹസാരെയുടെ ചുമലില്‍ ചവിട്ടി നിന്ന് ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു. ഒടുവില്‍ മനം മടുത്ത് ഹസാരെ സംഘത്തെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു, ഹസാരെ.
ഇതായിരുന്നു അഴിമതിക്ക് കുടപിടിക്കുന്നവര്‍ ആഗ്രഹിച്ചത്. ഇന്ന് ഗാന്ധി ശിഷ്യര്‍ എന്നു പറയുന്നവര്‍ ആഗ്രഹിച്ചത്. Divide and Rule. അതിന് വേണ്ടി കോണ്‍ഗ്രസിലെ പല ഉന്നത നേതാക്കളും അഴിമതി വിരുദ്ധ സമരം നയിച്ചവരെ പരിഹസിച്ചു. ശക്തമായ ജന ലോക്പാല്‍ നടപ്പാക്കാം എന്നു പറഞ്ഞു പറ്റിച്ചു. അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയൊരു പങ്കുണ്ട്. പക്ഷെ, ഇതായിരുന്നില്ല കോണ്‍ഗ്രസ് പാര്‍ട്ടി എന്ന ചരിത്രം കൂടി ഓര്‍ക്കണം.
ബോംബെയിലെ ചക്രവര്‍ത്തി എന്ന് ഗാന്ധിജി കളിയാക്കി വിളിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഒരു പ്രധാന നേതാവായിരുന്നു എസ്.കെ പാട്ടീല്‍. അദ്ദേഹത്തിന്റെ ആത്മ കഥയില്‍ അഴിമതിയെ പറ്റി ഒരു അദ്ധ്യായമുണ്ട്.
പാട്ടീല്‍ പറയുന്നു, ഇങ്ങനെ:
ജവഹര്‍ ലാല്‍ നെഹ്രുവും ലാല്‍ ബഹദൂര്‍ ശാസ്്ത്രിയും ഭരിക്കുന്ന കാലത്തും അഴിമതിയുണ്ടായിരുന്നു. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്റും ക്യാബിനറ്റും അഴിമതിക്കാരെ വെച്ചുപൊറുപ്പിച്ചിരുന്നില്ല. അതിന് ഉദാഹരണങ്ങളുണ്ട്. പഞ്ചാബിലെ മുഖ്യ മന്ത്രിയായിരുന്ന പ്രതാപ്‌സിംഗ് കയ്‌റൂണിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ കയ്‌റൂണിനെ കൊണ്ട് രാജിവെപ്പിച്ചു.
കയ്‌റൂണ്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ പഞ്ചാബ് രാഷ്ട്രീയം നിയന്ത്രണാതീതമാകുമെന്നും, സംസ്ഥാനം വിഭജിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടു കൂടി അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു.
ഒരു മന്ത്രിയുടെ പുറത്ത് അഴിമതിയുടെ സംശയം പോലും പാടില്ല എന്ന നിര്‍ബന്ധക്കാരായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
അതേ കോണ്‍ഗ്രസാണ് കൂടുതല്‍ കാലം ഇന്ത്യ ഭരിച്ചിട്ടും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ നിയമമുണ്ടാക്കാന്‍ തുനിയാത്തത് എന്നോര്‍ക്കണം.
കള്ളപ്പണം പിരിക്കുന്നതില്‍ സാമര്‍ത്ഥ്യമുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യം. പവര്‍ ബ്രോക്കര്‍മാരായി അവര്‍ വിലസുന്നു. അവരാണ് അഴിമതി വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചത്. ഒപ്പം, അധികാരക്കൊതി മൂത്ത സമരക്കാരും.
ഖലീല്‍ ജിബ്രാന്റെ ഒരു കഥയുണ്ട്. നന്‍മയുടെ ദൈവവും തിന്‍മയുടെ ദൈവവും പര്‍വ്വതത്തിന്റെ മുകളില്‍ വെച്ച് കണ്ടു മുട്ടി. നന്‍മയുടെ ദൈവം പറഞ്ഞു. ‘നിങ്ങള്‍ക്കൊരു നല്ല ദിനം ആശംസിക്കുന്നു.’
തിന്‍മയുടെ ദൈവം ഉത്തരം പറഞ്ഞില്ല. നന്‍മയുടെ ദൈവം പറഞ്ഞു. ‘നിങ്ങള്‍ ഇന്നൊരു ചീത്ത മൂഡിലാണെന്നു തോന്നുന്നു.’
‘അതെ’ – തിന്‍മയുടെ ദൈവം പറഞ്ഞു. ‘എന്തെന്നാല്‍ വളരെക്കാലമായി നിങ്ങളാണെന്നു കരുതി എന്നെ പലപ്പോഴും തെറ്റിദ്ധരിക്കുന്നു. അത് എന്നില്‍ അസന്തുഷ്ടി ഉളവാക്കുന്നു.’
നന്‍മയുടെ ദൈവം പറഞ്ഞു. ‘നിങ്ങളുടെ പേരു വിളിച്ച് എന്നെയും ആളുകള്‍ തെറ്റിദ്ധരിക്കുന്നുണ്ട്.’
മനുഷ്യരുടെ ബുദ്ധിശൂന്യതയെ ശപിച്ച് തിന്‍മയുടെ ദൈവം അകലേക്കു നടന്നു.
ഈ ബുദ്ധിശൂന്യരായ മനുഷ്യര്‍ നമ്മള്‍ തന്നെയല്ലേ..!!!


Tweet This
Share on Facebook
Digg This
Save to delicious
RSS Feed












