എന്തിനായിരുന്നു ഈ ‘കളി’?
വിശ്വനാഥന്‍ ആനന്ദ് – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ലിയാന്‍ഡര്‍ പേസ്…. 1980കള്‍ക്കൊടുവില്‍ കായികരംഗത്ത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായി വിലയിരുത്തപ്പെട്ട മൂവര്‍ സംഘം. ആദ്യത്തെ രണ്ടു പേരുകാരും പ്രതീക്ഷികള്‍ക്കപ്പുറത്തേക്കു മുന്നേറി. മൂന്നാമനും മോശമാക്കിയില്ല, രാജ്യം കണ്ട എക്കാലത്തെയും മികച്ച ടെന്നിസ് താരമെന്ന വിശേഷണത്തിനു നിസ്തര്‍ക്കം അവകാശിയാകുന്നിടത്തോളം വളര്‍ന്നു, ഒളിംപിക്‌സില്‍ വ്യക്തിഗത വെങ്കലം വരെ നേടി. ആര്‍ക്കു മറക്കാനാകും ഡേവിസ് കപ്പില്‍ ഗൊരാന്‍ ഇവാനിസേവിച്ചിനെ മറിച്ചിട്ട ആ വികാരനിര്‍ഭരമായ പ്രകടനം!
എന്നും ഹൃദയംകൊണ്ട് ടെന്നീസ് കളിച്ചവനാണ് ലിയാന്‍ഡര്‍. ഒളിംപിക് സെമി ഫൈനലില്‍ സാക്ഷാല്‍ ആന്ദ്രെ അഗാസിക്കു മുന്നില്‍ പൊരുതി വീണ ശേഷം ബ്രസീലുകാരന്‍ ഫെര്‍ണാണ്ടോ മെലിജെനിയെയും മുട്ടുകുത്തിച്ച് വെങ്കലവുമായി മടങ്ങിയപ്പോള്‍ നമ്മള്‍ കണ്ടതാണ് ആ കണ്ണുകളില്‍ പ്രതിഫലിച്ച ത്രിവര്‍ണം. പക്ഷേ, ലണ്ടന്‍ ഒളിംപിക്‌സ് ലിയാന്‍ഡറിനു കാത്തുവച്ചത് മറ്റു ചിലതായിരുന്നു. രാജ്യത്തെ സീനിയര്‍ മോസ്റ്റ് പ്ലെയര്‍ക്കു ഡബിള്‍സ് കളിക്കാന്‍ കൂട്ടുകിട്ടിയത് ജൂനിയര്‍ മോസ്റ്റ് ആയ വിഷ്ണുവര്‍ധനെ. വിഷ്ണുവിനൊപ്പം രണ്ടു ജീവന്‍മരണ പോരാട്ടങ്ങള്‍ക്കൊടുവില്‍ റാക്കറ്റ് താഴ്ത്തി മടങ്ങുമ്പോള്‍ ലിയാന്‍ഡറുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. സാനിയ മിര്‍സയ്‌ക്കൊപ്പമുള്ള മിക്‌സഡ് ഡബിള്‍സ് കൂട്ടുകെട്ടിന്റെ മുന്നേറ്റവും പാതിവഴിയില്‍ പൊലിഞ്ഞതോടെ പൂര്‍ണമായി ലിയാന്‍ഡറുടെ ഒളിംപിക് കരിയര്‍. ഒളിംപിക് വേദിയില്‍നിന്ന് ഇങ്ങനെയൊരു വിടവാങ്ങലായിരുന്നോ ലിയാന്‍ഡര്‍ അര്‍ഹിച്ചിരുന്നതെന്ന്, മറ്റാരു ചിന്തിച്ചില്ലെങ്കിലും ഒരു കാലത്തെ ഉറ്റ ചങ്ങാതി, മഹേഷ് ഭൂപതിയെങ്കിലും ചിന്തിക്കണം. ഇപ്പോഴതിനു കഴിയില്ലായിരിക്കാം മഹേഷിന്, കാലം അതിനു കളമൊരുക്കുമെന്നു വിശ്വസിക്കാം കായിക പ്രേമികള്‍ക്ക്.
ലോക പുരുഷ ടെന്നിസ് ഡബിള്‍സില്‍ മാര്‍ക്ക് വുഡ്‌ഫോര്‍ഡ് – ടോഡ് വുഡ്ബ്രിഡ്ജ് സഖ്യത്തെയല്ലാതെ ആരെയും പേടിക്കാനില്ലാത്ത ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ലിയാന്‍ഡറും മഹേഷും വേര്‍പിരിയുന്നത്. അതിനുള്ള കാരണം ഇന്നും അജ്ഞാതമാണ് നിഗൂഢമാണ്, അവരുടെ കുടുംബങ്ങള്‍ക്കു പുറത്ത്. ലിയാന്‍ഡറുടെ ഈഗോയും മഹേഷിന്റെ അപകര്‍ഷതാ ബോധവും ത്രികോണം തികച്ച പെണ്‍കുട്ടിയുമൊക്കെ പഴി കേട്ടിട്ടുണ്ട് അതിന്റെ പേരില്‍. പിരിഞ്ഞിട്ടും ഗ്രാന്‍ഡ്സ്ലാമുകള്‍ പലതു വെട്ടിപ്പിടിച്ചു ലിയാന്‍ഡറും മഹേഷും മറ്റു പങ്കാളികള്‍ക്കൊപ്പം. അപ്പോള്‍ നഷ്ടം രാജ്യത്തിനായിരുന്നു, രാജ്യത്തിനു മാത്രം.
രാജ്യത്തിനു വേണ്ടി ഏച്ചുകെട്ടിയ പുനരേകീകരണവും മുഴച്ചുനിന്നപ്പോള്‍ അവര്‍ പിന്നെയും വേര്‍പിരിഞ്ഞു. അന്താരാഷ്ട്ര അതിരുകള്‍ മായ്ച്ച് അയ്‌സം ഉല്‍ ഹക്ക് ഖുറേഷിയുമായി ചരിത്ര വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങിയ രോഹന്‍ ബൊപ്പണ്ണ പിന്നെ മഹേഷിനു വേണ്ടി ആ കൂട്ടുകെട്ട് പൊട്ടിച്ചു. ലണ്ടനിലേക്കു പോകാന്‍ ബാഗുകള്‍ പായ്ക്ക് ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു പ്രഖ്യാപിച്ചു, ലിയാന്‍ഡറുണ്ടെങ്കില്‍ ഞങ്ങളില്ല. അവിടെ അസ്തമിച്ചു പോയിരിക്കണം ലിയാന്‍ഡറുടെ പുകഴ്‌പെറ്റ ഈഗോയും കണ്ണിലും കരളിലും എരിയുന്ന ടെന്നിസ് എന്ന അഗ്നിയും. മിണ്ടാതെ കാത്തിരുന്നു ലിയാന്‍ഡര്‍, ഒടുവില്‍ സഹികെട്ടു പൊട്ടിത്തെറിച്ചു, വിഷ്ണുവിനൊപ്പം ഞാനുമില്ല.
ജീവിത പങ്കാളിയെ തേടി ശത്രു രാജ്യത്തേക്കു പോയ സാനിയ മിര്‍സ പറഞ്ഞു, എന്റെ രാജ്യത്തിനു വേണ്ടി ഞാന്‍ ആര്‍ക്കൊപ്പവും കോര്‍ട്ടിലിറങ്ങും. അതേ സാനിയയെ ചൂണ്ടയില്‍ കോര്‍ത്ത് പങ്കുവയ്ക്കപ്പെട്ടു ഒളിംപിക് പ്രാതിനിധ്യത്തിന്റെ അപ്പക്കഷണങ്ങള്‍. ലിയാന്‍ഡറിനൊപ്പം കളത്തിലിറങ്ങാമെന്നു സാനിയ എഴുതി ഒപ്പിട്ടു കൊടുക്കണമെന്നു ലിയാന്‍ഡറുടെ അച്ഛന്‍ വീസ് പേസിന്റെ മാറ്റക്കച്ചവടം. ഇന്ത്യന്‍ ടെന്നിസ് അല്ലെങ്കിലും പേസ് കുടുംബത്തിന്റെയും ഭൂപതി കുടുംബത്തിന്റെയും കുടുംബകാര്യമായിക്കഴിഞ്ഞിരിക്കുന്നല്ലോ, അമൃതരാജ് സഹോദരന്‍മാര്‍ക്കോ രാമനാഥന്‍ കൃഷ്ണനും മകന്‍ രമേശ് കൃഷ്ണനുമോ സാധിക്കാത്തവണ്ണം അവരതങ്ങനെ ആക്കിത്തീര്‍ത്തിരിക്കുന്നുവല്ലോ.
അങ്ങനെ സന്ധി ഒപ്പു വച്ചു, മഹേഷിനു രോഹന്‍ തുണ. ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കാന്‍ കൂടെ നിന്ന സാനിയയെ അതിനു വേണ്ടി ബലി കൊടുക്കാന്‍ തയാറായിരുന്നു മഹേഷ്, ലാറ ദത്തയുടെ ഉപദേശവും വേണമെങ്കില്‍ കൂട്ടിവായിക്കാം. രാജ്യത്തിനു വേണ്ടി ഒരുമിച്ചൊരു ഒളിംപിക് മെഡല്‍ എന്ന വാഗ്ദാനം ലംഘിച്ച മഹേഷിനെ സാനിയ മനസറിഞ്ഞു ശപിച്ചു. സാനിയയും രുഷ്മി ചക്രവര്‍ത്തിയും അടങ്ങുന്ന വനിതാ സംഘത്തിനു മാനേജരായി സാനിയയുടെ അമ്മയെന്ന യോഗ്യതയില്‍ നടത്തിയ നിയമനംകൊണ്ട് അധികൃതര്‍ യാചിച്ചതു ശാപമോക്ഷം.
പഴയ പോരാട്ടവീര്യത്തിന്റെ നിഴലും രാജ്യമെന്ന വികാരവും മാത്രം മതിയായിരുന്നില്ല ലിയാന്‍ഡറിനു പുതിയ കൂട്ടാളികള്‍ക്കൊപ്പം ഒളിംപിക് ടെന്നിസിന്റെ പുല്‍ത്തകിടികള്‍ക്കു തീപിടിപ്പിക്കാന്‍. മുപ്പത്തൊമ്പതാം വയസിന്റെ കായികവാര്‍ധക്യത്തില്‍ ഇതിലൊക്കെ അപ്പുറം പഴയ പടക്കുതിരയില്‍നിന്നു പ്രതീക്ഷിക്കുന്നതും കായികനീതിയല്ല. എന്നിട്ടും ആഗ്രഹിച്ചു പോയി ആരാധകര്‍, മഹേഷും രോഹനും മുരടിച്ചു കരിഞ്ഞു തീരാന്‍, ലിയാന്‍ഡര്‍ ഒരിക്കല്‍ക്കൂടി വിജയപീഠത്തിലേറി കണ്ണു നിറയ്ക്കുന്നതു കാണാന്‍. ലിയാന്‍ഡര്‍ കണ്ണു നിറച്ചതു പക്ഷേ വിഷ്ണുവിനൊപ്പം അവസാന ശ്വാസം വരെ പൊരുതിവീണപ്പോഴായിരുന്നു എന്നു മാത്രം.
രോഹനൊപ്പം തോറ്റു മടങ്ങുമ്പോള്‍ ശൂന്യമായിരുന്നു ഭൂപതിയുടെ മുഖം, നഷ്ടം ആരുടേതായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടാവാം ചിലപ്പോള്‍, അല്ലെങ്കില്‍ നാട്ടില്‍നിന്നുള്ള ശത്രു അയല്‍ കോര്‍ട്ടില്‍ വെട്ടിമരിക്കാന്‍ പ്രാര്‍ഥിച്ചതുമാവാം. നഷ്ടം സംഭവിച്ചത് പക്ഷേ മുഖം നഷ്ടപ്പെട്ട ലിയാന്‍ഡറിനല്ല, കോര്‍പ്പറേറ്റ് കളികള്‍ കൂടുതല്‍ വഴങ്ങുന്ന മഹേഷിനല്ല, ലിയാന്‍ഡറിനൊപ്പം കളിക്കില്ലെന്ന് അഹങ്കാരം പറഞ്ഞ രോഹനല്ല, പ്രതീക്ഷകളെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ഒരിക്കലും കഴിയാതിരുന്ന സാനിയയ്ക്കല്ല, നമുക്കാണ്, നമുക്കു മാത്രം. ആ നഷ്ടത്തിന് ഏറ്റവും ചുരുങ്ങിയതൊരു വെങ്കലത്തിന്റെയെങ്കിലും മങ്ങിയ തിളക്കമുണ്ടായിരുന്നു….

Tweet This
Share on Facebook
Digg This
Save to delicious
RSS Feed













Nicely written Bro, keep doing. Wishes.