പാഠം ഒന്ന് : സൈന നെഹ്വാല്‍
കരാട്ടെയും ബാഡ്മിന്റനും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസം ആണ്. പക്ഷെ ഇതേ ചോദ്യം സൈനാ നെഹ്വാളിനോട് ചോദിച്ചാല്‍ പുഞ്ചിരിയായിരിക്കും മറുപടി. കാരണം എട്ടാമത്തെ വയസ്സില്‍ കരാട്ടെ നിര്‍ത്തിയതോടെയാണ് ബാഡ്മിന്റണ്‍ പ്രേമം സൈനയില്‍ ജനിച്ചത്. അതിനു കൌതുകമുള്ള ഒരു സംഭവം കൂടിയുണ്ട്. കരാട്ടെയില്‍ ബ്രൌണ്‍ ബെല്‍റ്റ് നേടി മുന്നേറുമ്പോഴാണ് വയറിലൂടെ മോട്ടോര്‍ സൈക്കിള്‍ കയറ്റുന്ന പരിപാടിക്ക് നിര്‍ബന്ധിക്കപ്പെടുന്നത്. അന്ന് നിര്‍ത്തിയതാണ് കരാട്ടെ. അങ്ങനെ എട്ടാമത്തെ വയസ്സില്‍ ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങി. ഈ പ്രേമം പെട്ടന്ന് പൊട്ടി മുളച്ചതല്ല. അച്ഛനും അമ്മയും ഹരിയാനയിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍മാരായിരുന്നു. ആ പാരമ്പര്യം പിന്തുടരാന്‍ സൈന നിശ്ചയിച്ചു. ആ തീരുമാനം ലോകത്തിന്റെ നെറുകയില്‍ ഭാരതത്തിനു ഉയര്തികാട്ടാനുള്ള പുതിയ താരത്തെ സമ്മാനിക്കുകയായിരുന്നു. അതെ, സൈന നെഹ്വാല്‍, പ്രായം 22, ജനനം ഹരിയാനയില്‍. ഒളിമ്പിക്സില്‍ ഇതാദ്യമായി ബാഡ്മിന്റനിലൂടെ ഇന്ത്യക്ക് ഒരു മെഡല്‍ സമ്മാനിച്ച താരം. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം. ഇരുപത്തി രണ്ടു വയസ്സിനിടെ ഇരുപത്തിയൊന്നു സ്വര്‍ണ മെഡലുകള്‍, നാല് വെള്ളി മെഡലുകള്‍, ഒളിമ്പിക്സില്‍ ഉള്‍പ്പെടെ മൂന്നു വെങ്കല മെഡലുകള്‍. അങ്ങനെ സൈനയുടെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. സൈന നെഹ്വാല്‍ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് പ്രചോദനം ആയി മാറി കഴിഞ്ഞിരിക്കുന്നു. അര്‍പ്പണ ബോധം, ആത്മവിശ്വാസം, കളിയോടുള്ള സമീപനം, അച്ചടക്കം, അനുസരണ ഇങ്ങനെ സൈനയെ കുറിച്ച് പറയാന്‍ പരിശീലകന്‍ ഉള്‍പ്പടെ എല്ലാവര്ക്കും നൂറു നാവാണ്. അത് വെറും പറച്ചിലും അല്ല എന്നത് സൈനയെ അടുത്തറിഞ്ഞവര്‍ക്ക് ഉത്തമ ബോധ്യമുണ്ടാകും. ഈ ഗുണങ്ങള്‍ തന്നെയാണ് കൂടുതല്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ സൈനയെ സഹായിക്കുന്നത്. സൈനയുടെ ജീവിതത്തെ കുറിച്ച് ആന്ധ്രപ്രദേശിലെ പ്രൈമറി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരും തലമുറയ്ക്ക് പ്രചോദിതമാകാന്‍. പക്ഷെ ആന്ധ്ര പ്രദേശത്ത് മാത്രം അറിയാനുള്ളതല്ലല്ലോ ഈ മിടുക്കിയുടെ ജീവിത കഥ. സൈനയുടെ ജീവിതകഥ NDTV എഡിറ്റര്‍ ആയിരുന്ന സുധീര്‍ എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നു. അയല്‍പക്കത്തുള്ള കൂട്ടുകാരികള്‍ ഒക്കെ കിഡീസ് കളികള്‍ തുടര്‍ന്നപ്പോള്‍ സൈന ബാഡ്മിന്റണ്‍ നന്നായി കളിച്ചു തുടങ്ങിയിരുന്നു. ചൊട്ടയിലെ ശീലം ശരിക്കും സൈനക്ക് അല്ല ഭാരതത്തിനു അഭിമാനിക്കാന്‍ വക നല്‍കുന്നു. സൈനയുടെ മാനസിക ധൈര്യം അപാരമാണ് എന്ന് സുധീര്‍ ചൂണ്ടി കാട്ടുന്നു. അതിനാല്‍ തന്നെ ലണ്ടന്‍ ഒളിമ്പിക്സില്‍ സൈനക്കൊരു മെഡല്‍ ഉണ്ടാകും എന്ന് സുധിറിന് തീര്‍ച്ചയായിരുന്നു. അത് സംഭവിച്ചു. ചൈനീസ് താരം പരിക്കേറ്റു പിന്മാറിയി ല്ലായിരുന്നു എങ്കിലും സൈന ജയിക്കുമായിരുന്നു എന്നാണ് പരിശീലകന്‍ ഗോപിചന്ദും വിശ്വസിക്കുന്നത്. ഏതായാലും സൈന ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു. ക്രിക്കറ്റ് മതമായി മാറിയ രാജ്യത്തു ഇങ്ങനെയും ചില കളികളിലൂടെ രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്താന്‍ താരങ്ങള്‍ ഉണ്ട് എന്ന് ഈ ഇരുപത്തിരണ്ടുകാരി ആവര്‍ത്തിച്ചിരിക്കുന്നു. അതും ഒളിമ്പിക്സ് പോലെയുള്ള ലോക കേളീയിടങ്ങളില്‍ ഭാരത പതാക ഉയര്‍ന്നു പൊങ്ങാന്‍, ഓരോ ഭാരതീയനും ആത്മാഭിമാനം ഉണരാന്‍.

Tweet This
Share on Facebook
Digg This
Save to delicious
RSS Feed












