ശീലങ്ങളാണ് മാറേണ്ടത്

വടക്കുനോക്കി യന്ത്രം പോലെ ഒരേ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന മനസ്സാണ്
നമ്മുടേതെല്ലാം. ആ ദിശ നന്മയുടേതാണ്. തിന്മയെ മനസ്സ് വെറുക്കുന്നു.
തിന്മ ചെയ്താൽ അസ്വസ്ഥമാകുന്നു. നന്മയിൽ സന്തോഷിക്കുന്നു. നന്മ ചെയ്യാൻ
പ്രോത്സാഹിപ്പിക്കുന്നു. മനസ്സാക്ഷിയെ മറച്ചുവെച്ചും വഞ്ചിച്ചും മാത്രമേ
തെറ്റുചെയ്യാൻ കഴിയൂവെന്നത് നമ്മുടേയൊക്കെ അനുഭവമാണല്ലോ.

തെറ്റ് ചെയ്യുന്നവരോടല്ല, തെറ്റുകളാവർത്തിക്കുന്നവരോടാണ് അല്ലാഹുവിന് അനിഷ്ടം.
സ്വർഗാവകാശികളെക്കുറിച്ച് പറയുന്നിടത്ത് പോലും
‘തെറ്റുകളാവർത്തിക്കാത്തവർ’
എന്നാണ് ഖുർ ആനിന്റെ പ്രയോഗം [3-135]. ആവർത്തിക്കുന്ന തിന്മകളാണല്ലോ
ദുശ്ശീലങ്ങൾ. നിസ്സാരമെന്നു കരുതി ചെയ്തേക്കാവുന്ന ചെറിയ പാപങ്ങൾ ഒഴിച്ചു
നിർത്താനാവാത്ത
ജീവിതചര്യകളായി മാറുന്ന അനുഭവം സാധാരണയാണല്ലോ. ‘എത്ര ശ്രമിച്ചിട്ടും
എനിക്ക് നിർത്താനാവുന്നില്ല’ എന്ന് പരാതിയും പറയും. ദുശ്ശീലങ്ങളെ
പറിച്ചെറിഞ്ഞ്,
നല്ല ശീലങ്ങളെ പുൽകിയ ചരിത്രമാണ് സച്ചരിതരായ സ്വഹാബികളിൽ നിന്നുള്ള
വലിയപാഠം. ശീലങ്ങളോട് നമ്മേക്കാൾ അടുപ്പവും ആഭിമുഖ്യവും
പുലർത്തിയിരുന്നവരായിരുന്നു
അവർ. മദ്യവും മദനമോഹങ്ങളും മാറ്റാനാകാത്ത ദുശ്ശീലങ്ങളും കൊണ്ട്
മൂടിക്കെട്ടിയ ആ മനസ്സുകൾ,അല്ലാഹുവേപ്പറ്റിയുള്ള തികഞ്ഞ ഉറപ്പുകൊണ്ടും
ഉൾഭയം കൊണ്ടും
പവിത്രമായ പുതിയൊരു ജീവിതത്തിലേക്ക് പാഞ്ഞടുത്ത ധീരചരിത്രമാണത്.
ദയാലുവായ സ്രഷ്ടാവിനെക്കുറിച്ചുള്ള ഇളക്കമില്ലാത്ത ഈമാൻ കൈവന്നതോടെ
ഇളക്കം തട്ടിയത്
അവരുടെ ശീലങ്ങളിലായിരുന്നു. ഒരു നേരം മദ്യപിച്ചില്ലെങ്കിൽ ശരീരം
വിറച്ചിരുന്നവർ ഒരു നേരത്തെ സംഘനമസ്കാരം നഷ്ടമായാൽ പൊട്ടിക്കരയുന്നവരായി
മാറി.
നീതിയോ നിയമമോ ഇല്ലാതെ ജീവിച്ചവർ നിയമം
പാലിക്കുന്ന ഖലീഫമാർ വരെയായി.
പരസ്യമായി തെറ്റ് ചെയ്തിരുന്നവർ രഹസ്യമായിപ്പോലും തെറ്റുചെയ്യാത്തവരായി.
സ്ത്രീക്ക് ആത്മാവുണ്ടോ എന്ന് സംശയിച്ചിരുന്നവർ സ്ത്രീത്വത്തിന്റെ
മഹത്വമറിഞ്ഞവരായി.
ആനന്ദവും ആഘോഷവുമാണീ ജീവിതമെന്ന് പാടിയവർ സമയത്തിന്റെയും ആയുസ്സിന്റെയും
അർത്ഥമറിഞ്ഞ ഭക്തരായി. അന്നോളമുള്ള അവരുടെ ശീലങ്ങളേയും കാഴ്ചപ്പാടുകളേയും
മുഴുവനായും എടുത്തുകളഞ്ഞ്,മഹത്വവും മനുഷ്യത്വവും മനസ്സിൽനന്മയും നിറച്ച
പുതിയ വ്യക്തിത്വങ്ങളാക്കി പരിവർത്തിപ്പിക്കുകയാണ് ഈമാൻ (വിശ്വാസം) ചെയ്തത്.
തലമുറകളോളം പകയും വൈരവും
കാത്തുവെച്ചവരായിരുന്നു അവർ. ചോര കാണുമ്പോൾ നൃത്തം ചെയ്തിരുന്ന ആ മനുഷ്യർ
ഉറുമ്പിനെപ്പോലും നോവിക്കാത്തവരായിത്തീർന്നതാണദ്ഭുതം. ചുറ്റുമുള്ള
മനുഷ്യർക്കും
പ്രകൃതിക്കും സർവ ചരാചരങ്ങൾക്കും നന്മ ചെയ്യേണ്ടവരാണ് തങ്ങളെന്ന് അവർക്ക്
ബോധ്യപ്പെട്ടു. പഴയ ശീലങ്ങളും മനോഭാവവും മാറിയതോടെ തീർത്തും പുതിയ
ജീവിതമായിത്തീർന്നു
അവരുടേത്. മനുഷ്യത്വമുള്ള മനുഷ്യരായപ്പോൾ ഇതിഹാസമായ ചരിത്രം സൃഷ്ടിക്കാൻ
അവർക്ക് സാധിച്ചു. ശീലവും ശൈലിയും മാറുമ്പോൾ മാത്രമാണ് നമ്മളും അവരുടെ
പിൻ ഗാമികളാവുന്നത്.

റമദാൻ പഠിപ്പിക്കുന്നത് ശീലങ്ങളെയും ശൈലിയേയും മാറ്റിപ്പണിയാനാണ്. അലസമായ
ജീവിതത്തിനു പകരം ജാഗ്രതയുള്ള ജീവിതം സമ്മാനിക്കുന്ന അനുഷ്ഠാനമാണ് നോമ്പ്.
സമയവിനിയോഗത്തിന് സൂക്ഷ്മമായ പാഠങ്ങൾ പറഞ്ഞുതരുന്നു. ഓരോ സെകൻഡും
വിലയേറിയതാണെന്ന് പട്ടിണികിടക്കുമ്പോളാണല്ലോ ശരിക്കുമറിയുന്നത്.
സൽകർമങ്ങളുടെ
സമ്പാദ്യം പെരുപ്പിക്കാൻ റമദാൻ അവസരങ്ങൾ ചൊരിയുന്നു. വാക്കും നോക്കും
വ്യക്തിത്വവും സുന്ദരമാക്കാനുള്ള മാർഗങ്ങൾ വർധിപ്പിക്കുന്നു.
നന്മകളൊന്നും
നിസ്സാരമല്ലെന്നും തിന്മകളെല്ലാം ഗുരുതരമാണെന്നും ഓർമിപ്പിക്കുന്നു.
നിത്യജീവിതത്തിൽ പതിഞ്ഞ ദുശ്ശീലങ്ങളെ പറിച്ചെടുത്ത് നല്ല ശീലങ്ങൾ പകരം
വെക്കാൻ
പിന്നെയു പിന്നെയും ഓർമിപ്പിക്കുന്നു. റമദാനിലെ ഒരു നല്ല ശീലമെങ്കിലും റമദാനിനു
ശേഷവും തുടരുന്നവരാണ് വിജയികൾ. ഒരു ദുശ്ശീലമെങ്കിലും റമദാനോടെ
അവസാനിപ്പിക്കാത്തവരാണ് നഷ്ടക്കാർ. വിജയിക്കാനുള്ള മുന്നൊരുക്കം നമുക്ക് ഈ റമദാനില്‍
തന്നെ തുടങ്ങാം.