ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്‍റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്;

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെട്ട ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്‍റെ സ്വഭാവ സർ‌ട്ടിഫിക്കറ്റ്.ഇന്നത്തെ തിയതിയിലാണ് സ്വഭാവ സർ‌ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. നിലവിൽ ബിനോ‍യ്ക്ക് എതിരെ കേസുകളൊന്നുമില്ലെന്നും ദുബായ് പൊലീസ് അറിയിച്ചിട്ടുണ്ട്. ദുബായി പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗമാണ് ബിനോയി കോടിയേരിക്ക് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.
നാളെ ആരംഭിക്കുന്ന കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ ബിനോയ് വിവാദം പ്രതിഫലിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കോടിയേരി ബാലകൃഷ്ണനു ആശ്വാസം നൽകുന്നതാണ്.

ബിനോയ്ക്കെതിരെ ദുബൈയില്‍ നിലവില്‍ കേസില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ദുബായില്‍ പോകാന്‍ തടസ്സമില്ല. ബിനോയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും പരിഹരിച്ചതാണെന്നും രേഖകള്‍ സഹിതം കോടിയേരി വ്യക്തമാക്കിയിരുന്നു
അതേസമയം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഡംബര ജീവിതവും സ്വത്തുസമ്പാദനവുമെല്ലാം വീണ്ടും ചര്‍ച്ചകളിലേക്കു കടന്നുവരാനാണ് സാധ്യത. കേന്ദ്രനേതൃത്വവും ഗൗരവത്തോടെയാണു വിഷയത്തെ കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയർ‌ന്ന ആരോപണം ഗുരുതരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചിരുന്ന. വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.