കനകകിരീടം കോഴിക്കോടിന് ; കലാപൂരത്തിന് തൃശ്ശൂരിൽ കൊടിയിറക്കം

അമ്പത്തെട്ടാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കോഴിക്കോടിന് കിരീടം. 895 പോയിന്‍റ് നേടിയാണ് കോഴിക്കോട് സ്വര്‍ണകപ്പ് കൈവിടാതെ സൂക്ഷിച്ചത്. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 893 പോയിന്റാണ് പാലക്കാട് നേടിയത്. ആകെ 20 തവണയാണ് കോഴിക്കോട് ജില്ലകലയുടെ കുട്ടിപ്പൂരത്തിൽ ജേതാക്കളാകുന്നത്.
1959 ലെ ചിറ്റൂര്‍ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കിരീടം കരസ്ഥമാക്കി.

മലപ്പുറം 875 പോയിന്‍റുമായി മൂന്നാം സ്ഥാനവും കണ്ണൂര്‍ (865) നാലാം സ്ഥാനവും ആതിഥേയരായ തൃശൂര്‍ 864 പോയിന്‍റോടെ അഞ്ചാമതുമെത്തി. എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസര്‍കോട് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റു ജില്ലകള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍.
111 പോയിന്റ്മായി ആലത്തൂര്‍ ജി എസ്എസ് സ്കൂളുകളില്‍ ഒന്നാമതെത്തി.

കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് പേജിലൂടെ അഭിനന്ദിച്ചു. പുതിയ മാന്വല്‍ പ്രകാരം നടത്തിയ കലോത്സവം കൂടുതല്‍ ആരോഗ്യകരമായ മത്സരം സംഘടിപ്പിക്കാന്‍ സഹായകമായിട്ടുണ്ട് എന്നും അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു. ഇത്തരം നടപടികള്‍ ഭാവിയിലും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നീർമാതളം വേദിയിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിർവഹിച്ചത്. സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടുത്തവര്‍ഷത്തെ കലോത്സവ വേദി ആലപ്പുഴയാണെന്ന് പ്രഖ്യാപിച്ചു. തൃശൂരിൽ അങ്ങനെ കലയുടെ അഞ്ച് നാൾ നീണ്ട പൂരം ഉപചാരം ചൊല്ലി പിരിഞ്ഞു , ഇനി ആലപ്പുഴയിൽ.