സഫാരി പാർക്കിൽ ഇന്ന് സന്ദർശകരുടെ അഭൂതപൂർവമായ തിരക്ക്

ദുബായ് സഫാരി പാർക്കിൽ ഇന്ന് സന്ദർശകരുടെ അഭൂതപൂർവമായ തിരക്ക്. വീക്കെൻഡ് ആയതും ഈ മാസം 26 വരെ സൗജന്യ സന്ദർശനം അനുവദിച്ചിരിക്കുന്നതുമാണ് സന്ദർശകരുടെ തിരക്കിന് കാരണം. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സഫാരിയിൽ എത്തിയത് 14,000 സന്ദർശകരായിരുന്നു. ജനുവരിയിലാണ്​ സഫാരിയുടെ ഒൗദ്യോഗിക ഉദ്​ഘാടനമെങ്കിലും കഴിഞ്ഞ ചൊവ്വാഴ്​ച മുതൽ ദുബൈ സഫാരി പാർക്കിൽ സന്ദർശകർക്ക് ​ പ്രവേശനം നൽകിയിരുന്നു . പ്രവേശന ദിനം തന്നെ 4000 പേരാണ് സന്ദര്ശിച്ചത്. രണ്ടാം ദിനം 10,000 പേരും സഫാരിയിലേക്കെത്തി.
വരും ദിവസങ്ങളിലും തിരക്ക് ഗണ്യമായി വർദ്ധിക്കും എന്നതിനാൽ ഞായറാഴ്ച വരെ കുടുംബങ്ങൾക്ക് മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശന സമയം. സഫാരി പൂര്‍ണമായും സജ്ജമായി എങ്കിലും ജീവനക്കാര്‍ മുഴുവനായി എത്തിയിട്ടില്ല എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ സഫാരിയിലേക്കെത്തുന്നവർക്കായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് അധികൃതർ. ഒന്നര ബില്യൺ ദിർഹം ചിലവഴിച്ചു അൽ വർഖ അഞ്ചിൽ 119 ഹെക്ടറിലാണ് സഫാരി പാർക്ക് എന്ന സ്വപ്നം ദുബായ് മുൻസിപ്പാലിറ്റി യാഥാർഥ്യമാക്കിയിരിക്കുന്നത്.മാത്രമല്ല അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ച് പ്രധാനപ്പെട്ട പാർക്കുകളിൽ ഒന്നാക്കി സഫാരിയെ മാറ്റുക എന്ന ലക്ഷ്യം കൂടി ദുബായ് മുൻസിപ്പാലിറ്റി മുന്നിൽ കാണുന്നു.

സഫാരി പാർക്ക് പ്രവേശന ഫീസ് : വിസ്മയ കാഴ്ചകളൊരുക്കി ദുബൈ സഫാരി പാര്‍ക്ക്‌

Image Courtesy : Khaleej Times