റയൽ മാഡ്രിഡ് ക്ലബ് ലോക കപ്പ് ഫൈനലിൽ

ക്ലബ് ലോകകപ്പിന്റെ സെമിഫൈനലിൽ യു എ ഇ ലീഗ് ചാമ്പ്യന്മാരായ അൽ ജസീറയെ പരാജയപ്പെടുത്തി യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഫൈനലിലേക്ക് . അബുദാബിയിലായിരുന്നു മത്സരം .ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് റയൽ വിജയിച്ചത്.
റയലിൻ്റെ ഗോളുകൾ റൊണാൾഡോയും ബേയിലും നേടിയപ്പോൾ റൊമാരീന്യോ അൽ ജസീറയുടെ ഏക ഗോൾ നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ റയലിൻ്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ അൽ ജസീറയുടെ ഒരു ഗോളും റഫറി നിഷേധിച്ചു. ഏഷ്യൻ ക്ലബ് റാങ്കിങ്ങിൽ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള അൽ ജസീറക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ വമ്പൻ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയും തുടരെ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത റയലിന് അൽ ജസീറ ഗോൾ കീപ്പർ അലി ഖസേഫായിരുന്നു പ്രധാന വെല്ലുവിളി. എട്ടോളം മികച്ച സേവുകളാണ് ആദ്യ പകുതിയിൽ ഖസേഫ് നടത്തിയത്. ഇതിനിടയിൽ ബെൻസിമയുടെയും കസമിറോയുടെയും ഗോളുകളും നിഷേധിക്കപ്പെട്ടു. റയൽ മാഡ്രിഡിൻ്റെ പ്രതിരോധ പിഴവിനെ തുടർന്നുണ്ടായ ഒരു നീക്കത്തിലൂടെയാണ് അൽ ജസീറ ആദ്യ പകുതിക്കു മുൻപ് ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോൾ നേടി അൽ ജസീറ റയലിനെ ഞെട്ടിച്ചു. എന്നാൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഷോട്ടിനു മുതിരാതെ സഹതാരത്തിനു പാസ് നൽകിയതിനു അൽ ജസീറ താരം നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. സഹതാരം ഓഫ് സൈഡായതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. അതിനു പിന്നാലെ അൽ ജസീറ ഗോൾ കീപ്പർ പരിക്കു പറ്റി പുറത്തു പോയത് അവർക്കു വമ്പൻ തിരിച്ചടിയാവുകയും ചെയ്തു. ഉണർന്നു കളിച്ച റയൽ മാഡ്രിഡിൻ്റെ ആദ്യ ഗോൾ അൻപത്തിമൂന്നാം മിനുട്ടിലാണ് റൊണാൾഡോ നേടിയത്. തുടർന്ന് പകരക്കാരായി വാസ്ക്വസ്, അസെൻസിയോ എന്നിവരെ ഇറക്കി റയൽ ആക്രമണം മൂർച്ച കൂട്ടിയെങ്കിലും അൽ ജസീറ പ്രതിരോധം ഇളകാതെ നിന്നു. എന്നാൽ എൺപത്തൊന്നാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയതിൻ്റെ തൊട്ടടുത്ത നിമിഷം തന്നെ ബേയ്ൽ റയലിനു വിജയം നേടിക്കൊടുത്തു. ഡിസംബർ 16 നു നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡ് ബ്രസീലിയൻ ക്ലബ് ഗ്രമെറോയെ നേരിടും.

image courtesy : Mirror