ലങ്കക്കെതിരെ ഇന്ത്യക്ക് 141 റണ്‍സ് വിജയം;രോഹിത് ശര്‍മയ്ക്ക് മൂന്നാം ഇരട്ട സെഞ്ച്വറി
മൊഹാലി ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141റൺസിന്റെ കൂറ്റൻ ജയം. ഹിറ്റ്മാൻ രോഹിത് ശർമ മൂന്നാം ഡബിൾ സെഞ്ചുറി കുറിച്ചു ചരിത്രം കുറിച്ച മത്സരമായിരുന്നു മൊഹാലിയിലേതു. രോഹിതിന്റെ മാസ്മരിക ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ പടുത്തുയർത്തിയ 392എന്ന കൂറ്റൻ സ്കോറിന് മുന്നിൽ ശ്രീലങ്കൻ ബാറ്സ്മാന്മാർ കീഴടങ്ങി. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റു നഷ്ടത്തിൽ 251 റൺസ് എടുക്കാനേ ലങ്കയ്ക്ക് കഴിഞ്ഞുള്ളു.
ശ്രീലങ്കൻ ബാറ്സ്മാൻമാർ തുടരെ കയറിപോയപ്പോൾ മുൻ നായകൻ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാൻ പോരാട്ടം പാഴായി. 132 പന്തിൽ 111 റൺസ് എടുത്ത മാത്യൂസ് മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തിയത്. ഗുണതിലക (16), തംഗ (7) തിരിമന്ന (21), ഡിക് വെല്ല (22) പെരേര (34) എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം.
ഇന്ത്യക്കായി സ്പിന്നർ യൂസവേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഭുമ്ര രണ്ടും, ഭുവനേശ്വർ കുമാർ, ഹർദീക് പാണ്ട്യ, അരങ്ങേറ്റ മത്സരം കളിക്കുന്ന വാഷിങ്ടൻ സുന്ദർ എന്നിവർ ഒരു വിക്കറ്റു വീതവും വീഴ്ത്തി.നേരത്തെ രോഹിതിന്റെ മാസ്മരിക ഡബിൾ സെഞ്ചുറിയുടെ ബലത്തിലാണ് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 153 ബോളില്‍ 13 ഫോറും 12 സിക്സും സഹിതം 208 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണിത്.
രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന് (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസാര പെരേര മൂന്ന് വിക്കറ്റും എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി.
ഏകദിനത്തിലെ ഇരട്ട സെഞ്ച്വറികള്‍
രോഹിത് ശര്‍മ (ഇന്ത്യ): 264
ശ്രീലങ്കക്കെതിരേ 2014ല്‍
മാര്‍ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലന്‍ഡ്): 237
വെസ്റ്റിന്‍ഡീസിനെതിരേ 2015ല്‍
വീരേന്ദര്‍ സെവാഗ് (ഇന്ത്യ): 219
വെസ്റ്റിന്‍ഡീസിനെതിരേ 2011ല്‍
ക്രിസ് ഗെയില്‍ (വെസ്റ്റിന്‍ഡീസ്): 215
സിംബാബ്വെക്കെതിരേ 2015ല്‍
രോഹിത് ശര്‍മ (ഇന്ത്യ): 209
ആസ്ത്രേലിയക്കെതിരേ 2013ല്‍
രോഹിത് ശര്‍മ (ഇന്ത്യ): 208
ശ്രീലങ്കക്കെതിരേ 2017ല്‍
സച്ചിന് ടെണ്ടുല്‍ക്കര്‍ (ഇന്ത്യ): 200
ദക്ഷിണാഫ്രിക്കക്കെതിരേ 2010ല്‍