പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും

ഇന്ത്യൻ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നു വൈകിട്ടോ നാളെ രാവിലെയോ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ യോഗംചേരും. സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ സര്‍വകക്ഷിയോഗങ്ങൾ ഇന്നു നടക്കും. സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ചിനും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷകക്ഷി യോഗം വൈകിട്ട് നാലിനും നടക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പതിവിലേറെ നീണ്ടുപോയ സമ്മേളനം ഇതാദ്യമായി പുതുവല്‍സരദിനത്തിലും സമ്മേളിക്കുമെന്ന പ്രത്യേകതയും ഉണ്ടാകും. സാധാരണ നവംബര്‍ പകുതിയോടെ തുടങ്ങി ക്രിസ്തുമസിനോടനുബന്ധിച്ച് അവസാനിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ഷെഡ്യൂള്‍ തയാറാക്കാറുള്ളത്. സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള നിരവധി ആയുധങ്ങളുമായിട്ടാകും പ്രതിപക്ഷം ഇത്തവണ പാര്‍ലമെന്റിലെത്തുക.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശം പ്രതിപക്ഷം ഉന്നയിക്കും. ജി.എസ്.ടി നടപ്പാക്കിയതിനെത്തുടര്‍ന്ന് കര്‍ഷകരും വ്യവസായികളും നേരിടുന്ന പ്രശ്‌നങ്ങളും സമ്മേളനത്തില്‍ ചർച്ച ചെയ്‌തേക്കും.
സുപ്രധാനബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ച് മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്നത് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാക്കിയ 1986ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) ബില്‍ ആണ് അതില്‍ പ്രധാനം. സാധാരണക്കാര്‍ക്ക് ഏറെ ആശങ്കക്ക് കാരണമായ ധന നിര്‍ണയനിക്ഷേപ സുരക്ഷാനിയമ ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബില്‍, വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ (എ) ബില്‍, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ (എ) ബില്‍, സറഗസി ബില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സന്‍ ബില്‍,ജി.എസ്.ടി (കോപന്‍സേറ്റ് റ്റു സ്റ്റേറ്റ്‌സ്) ബില്‍ എന്നിവയും സഭയുടെ പരിഗണനക്ക് വരും. പല ബില്ലുകളും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
സഭാ നടപടി തുടരുന്നതിനിടയില്‍ 18ന് പുറത്തുവരുന്ന ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലവും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും.
ശീതകാല സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.മോദി ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുന്നതായും ഇതിനായി അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ് ഉയര്‍ത്തുന്നതെന്നും കോണ്‍ഗ്രസ്? അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചിരുന്നു.