ദുബായ് വേൾഡ് സൂപ്പർ സീരീസ് ഫൈനലിന് ഇന്ന് തുടക്കം

ദുബായ് വേൾഡ് സൂപ്പർ സീരീസ് ഫൈനൽ ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ ഇന്ന് ആരംഭിക്കും. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു എ ഗ്രൂപ്പിലാണ്. പുരുഷ വിഭാഗം സിംഗിൾസിൽ കെ. ശ്രീകാന്ത് ബി ഗ്രൂപ്പിലാണ്. ദുബായ് ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനാണ് ശ്രീകാന്തിന്റെ ആദ്യ എതിരാളി.
പി വി സിന്ധുവിന്റെ ഗ്രൂപ്പിൽ തന്നെയാണ് ടോപ് സീഡ് അകാനെ യമാഗുച്ചിയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 12 മത്സരങ്ങളില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തിയ എട്ട് താരങ്ങളാണ് ദുബായ് വേൾഡ് സൂപ്പർ സീരീസ് സിംഗിൾസ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ കളിക്കുന്നത്.
ബാഡ്മിന്റണ്‍ വേള്‍ഡ് സൂപ്പര്‍സിരീസ് മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവുന്നത് ഇത് നാലാം തവണയാണ്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ സൂപ്പര്‍ സിരീസ് മത്സരങ്ങള്‍ നടത്തുന്നതിനുള്ള നാലുവര്‍ഷത്തെ കരാര്‍ ഈ വർഷം പൂർത്തിയാകും.പത്തുലക്ഷം അമേരിക്കന്‍ ഡോളറാണ് ദുബായ് വേള്‍ഡ് സൂപ്പര്‍സിരീസിലെ ആകെ സമ്മാനത്തുക.