വിസ്മയ കാഴ്ചകളൊരുക്കി ദുബായ് സഫാരി പാർക്ക്

അവിസ്മരണീയമായ കാഴ്ചകളുടെ വിരുന്നൊരുക്കി ദുബായ് സഫാരി പാർക്ക് തുറന്നു. മാധ്യമങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായാണ് ഇന്ന് സഫാരി തുറന്നത് . സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്രകൃതി സൗഹൃദ പേർക്കെന്ന പേരിലായിരിക്കും സഫാരി പാർക്കിലേക്ക് ലോകം ഉറ്റു നോക്കുക. വെറും കാഴ്ചകൾ അല്ല ,കണ്ണുകളെ അത്ഭുതപെടുത്തുന്നതും എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ തികച്ചും വേറിട്ട കാഴ്ചകളാണ് സഫാരിയിൽ കാത്തിരിക്കുന്നത്. ഒന്നര ബില്യൺ ദിർഹം ചിലവഴിച്ചു അൽ വർഖ അഞ്ചിൽ 119 ഹെക്ടറിലാണ് സഫാരി പാർക്ക് എന്ന സ്വപ്നം ദുബായ് മുൻസിപ്പാലിറ്റി യാഥാർഥ്യമാക്കിയിരിക്കുന്നത്.മാത്രമല്ല അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ച് പ്രധാനപ്പെട്ട പാർക്കുകളിൽ ഒന്നാക്കി സഫാരിയെ മാറ്റുക എന്ന ലക്ഷ്യം കൂടി ദുബായ് മുൻസിപ്പാലിറ്റി മുന്നിൽ കാണുന്നു. സഫാരി കൂട്ടികൊണ്ടു പോകുന്നത് വെറുമൊരു മൃഗശാലയിലേക്കല്ല, ഒരു കാട്ടിലേക്കാണ് . മൃഗങ്ങൾക്ക് പോലും തങ്ങൾ കാട്ടിൽ വസിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് മുൻസിപ്പാലിറ്റി പാർക്ക് നിർമ്മിച്ചിരിക്കുന്നത്. അതായതു വന്യമൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ കാണാൻ കഴിയും. ലോകത്തിൽ വംശ നാശ ഭീഷണി നേരിടുന്നവ ഉൾപ്പടെ 2500 ഓളം മൃഗങ്ങളെയും ജീവജാലങ്ങളെയും സഫാരി പാർക്കിൽ കാണാം. കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ മൃഗങ്ങൾക്ക് പരിചരണം നൽകുന്നുണ്ട്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ മൃഗ സംരക്ഷകരെയും ഡോക്ടർമാരെയും ഇതിനായി നിയമിച്ചിട്ടുണ്ട്.

ഏഷ്യൻ വില്ലേജ് , ആഫ്രിക്കൻ വില്ലേജ് ,അറേബ്യൻ വില്ലേജ്, സഫാരി വില്ലേജ് എന്നിങ്ങനെ പാർക്കിനെ നാലായി തരം തിരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കാഴ്ചകൾ അവസാനിക്കുന്നില്ല , കാട്ടരുവികൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, തുടങ്ങി പച്ചപ്പിന്റെ സുന്ദരമായ മറ്റൊരു ലോകവുമുണ്ട് സഫാരിയിൽ.
1967ല്‍ തുറന്ന് പ്രവര്‍ത്തിച്ച ജുമൈറയിലെ ദുബായ് മൃഗശാല കഴിഞ്ഞ നവംബറിലാണ് അടച്ച് പൂട്ടിയത്. വര്‍ഷങ്ങളായി മൃഗശാലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ ദുബായ് മുന്‍സിപ്പാലിറ്റി ആദരിക്കുകയും ചെയ്തിരുന്നു. ദുബായ് മൃഗശാലയിൽ ഉണ്ടായിരുന്ന മൃഗങ്ങൾ ഇപ്പോൾ സഫാരിയിലെ തങ്ങളുടെ പുതിയ കാട്ടിൽ വിഹരിക്കുകയാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിരിക്കുന്ന പാർക്ക് ഉടൻ ജനങ്ങൾക്കായി തുറന്നു കൊടുക്കും.

ദുബായ് സഫാരി പാർക്ക് എൻട്രൻസ് ഫീസ് : (ഏഷ്യൻ , ആഫ്രിക്കൻ , അറേബ്യൻ ഗ്രാമങ്ങൾ )
കുട്ടികൾക്ക് 20 ദിർഹം, മുതിർന്നവർക്ക് 50 ദിർഹം

സഫാരി വില്ലേജ് എൻട്രൻസ് ഫീ :
കുട്ടികൾക്ക് 20 ദിർഹം , മുതിർന്നവർക്ക് 50 ദിർഹം

സഫാരി ഓൾ എൻട്രൻസ് ഫീ :
കുട്ടികൾ :30 ദിർഹം , മുതിർന്നവർ : 50 ദിർഹം to 85  ദിർഹം

മൂന്ന് വയസിനു താഴെ പ്രായമുള്ളവർ, 60 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിയുള്ളവർ, എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.