ഓഖി; രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ഓഖി ചുഴലിക്കാറ്റിനിടയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെ ആളെ കണ്ടെത്തുംവരെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങളാണ് വിഴിഞ്ഞത്ത് ഉണ്ടായിരിക്കുന്നതെന്ന് വിഴിഞ്ഞം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.മ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി മന്ത്രി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു സംസാരിച്ചു.
സുനാമി സമയത്തുപോലും ഇത്രയും കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും കേന്ദ്രം എന്തുസഹായം നല്‍കാനും തയ്യാറാണെന്നും മന്ത്രി ഉറപ്പ് നൽകി.
വിഴിഞ്ഞം സന്ദര്‍ശനത്തിനുശേഷം മന്ത്രി പൂന്തുറ തീരം കൂടി സന്ദര്‍ശിക്കും. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനവുമായി കൂടിക്കാഴ്ച നടത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.
ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്രം കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്.
അതിനിടെ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 11 പേരെക്കൂടി രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളെയാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പത്തുബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുകയാണ്. ഓഖിയുടെ സാന്നിധ്യമുള്ളതിനാൽ കേരള തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതൽ ശക്തി പ്രാപിച്ചു. കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.