ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവർക്ക് കാളവണ്ടി ഉപയോഗിക്കാം ; കോണ്‍ഗ്രസ്സിനെതിരെ മോദി

 

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ വിമർശിക്കുന്ന കോൺഗ്രസ്സിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ മറുപടി.
അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമർശിക്കുന്നവർക്കും , പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.പ്രഖ്യാപനം നടത്തിയ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ്സ് വിമര്‍ശനവുമായി എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങളും ചെയ്‌തോളൂ എന്ന് മോദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട് പുറത്തു വിട്ടിരിക്കുന്നത്.
ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബറൂച്ചിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ജനങ്ങൾക്ക് വേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്നതിനൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും മോദി പറഞ്ഞു.