ഗോവ രാജ്യാന്തര ചലച്ചിത്ര മേളമലയാളത്തിന് അഭിമാനം; മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളിതാരം പാര്‍വതിക്ക് ലഭിച്ചു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് പാർവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ആദ്യമായാണ് ഒരു മലയാളി ഐഎഫ്എഫ്‌ഐയില്‍ പുരസ്ക്കാരം കരസ്ഥമാക്കുന്നത്. ടേക്ക് ഓഫിലെ സമീറക്കാണ് അംഗീകാരം ലഭിച്ചതെന്നും കേരളത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റു വാങ്ങി പാര്‍വ്വതി പ്രതികരിച്ചു.
48-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഭീകരുടെ തടവിലായ ഇറാഖിലെ ഇന്ത്യന്‍ നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രമാണ് ടേക്ക് ഓഫ്. മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഒരേ ഒറു ചിത്രമായിരുന്നു ടേക്ക് ഓഫ്. സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തിയിരുന്നു.
ചിത്രം പ്രത്യേക ജൂറി പരാമര്‍ശം നേടി. പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ചലച്ചിത്ര മേളയിലേയ്ക്ക് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.മികച്ച ചിത്രത്തിനുള്ല സുവര്‍ണ മയൂരം ഫ്രഞ്ച് ചിത്രം 120 ബിപിഎം നേടി. മികച്ച സംവിധായികക്കുള്ള പുരസ്കാരം ചൈനീസ് സംവിധായിക വിവാന്‍ ക്യൂവ് നേടി. ബോളിവുഡ് താരം അമിതാഭ് ബച്ചന് പേഴ്സണാലിറ്റി ഓഫ് ദ അവാര്‍ഡും, കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയോന് ലൈഫ് ടൈം അച്ചീവ്മെനറ് പുരസ്‌ക്കാരവും സമ്മാനിച്ചു.