യു എ ഇ ദേശീയ ദിന ആഘോഷം; പൊതു വാഹനങ്ങളുടെ സമയം ദീർഘിപ്പിച്ചു

യു എ ഇയുടെ 46-ആം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്, ട്രാം എന്നിവയുടെ പുതുക്കിയ സമയക്രമം ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ദുബായ് മെട്രോ:
ദുബായ് മെട്രോയുടെ റെഡ് ലൈനില്‍ വ്യാഴാഴ്ച വെളുപ്പിന് അഞ്ചുമുതല്‍ പുലര്‍ച്ചെ ഒരുമണിവരെ സര്‍വീസുകളുണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ പുലര്‍ച്ചെ ഒന്നുവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ വെളുപ്പിന് അഞ്ചുമുതല്‍ രാത്രി 12 വരെയും റെഡ് ലൈന്‍ പ്രവര്‍ത്തിക്കും. ഗ്രീന്‍ ലൈനില്‍ വ്യാഴാഴ്ച വെളുപ്പിന് .5.30 മുതൽ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ സര്‍വീസുകള്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ വെളുപ്പിന് അഞ്ചരമുതല്‍ രാത്രി 12 വരെയും ഗ്രീന്‍ ലൈന്‍ പ്രവര്‍ത്തിക്കും.

ട്രാം:
ദുബായ് ട്രാം വ്യാഴാഴ്ച രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ സര്‍വീസ് നടത്തും. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ പുലര്‍ച്ചെ ഒന്നുവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ പുലര്‍ച്ചെ ഒന്നുവരെയും ട്രാം സര്‍വീസുകള്‍ ഉണ്ടാകും

ബസ്:
അവധി ദിവസങ്ങളില്‍ ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷന്‍, അല്‍ ഗുബൈബ സ്റ്റേഷന്‍ എന്നിവ വെളുപ്പിന് അഞ്ചുമുതല്‍ രാത്രി 12.30 വരെ പ്രവര്‍ത്തിക്കും. സത്വ സ്റ്റേഷനില്‍നിന്നും വെളുപ്പിന് അഞ്ചുമുതല്‍ രാത്രി പതിനൊന്നരവരെ സര്‍വീസുകള്‍ നടക്കും. റൂട്ട് സി 01-ല്‍ 24 മണിക്കൂറും സര്‍വീസുകള്‍ ലഭ്യമാകും. അല്‍ ഖിസൈസ് സ്റ്റേഷനില്‍ വെളുപ്പിന് 4.30 മുതൽ രാത്രി 12 വരെയും, അല്‍ ഖൂസ് സ്റ്റേഷനില്‍ രാവിലെ അഞ്ചുമുതല്‍ രാത്രി പതിനൊന്നര വരേയും, ജബല്‍ അലി സ്റ്റേഷനില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി 12 വരെയും സര്‍വീസുകള്‍ ലഭ്യമാകും.മെട്രോ കണക്ട് ചെയ്തിരിക്കുന്ന റാഷിദിയ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബു ഹൈല്‍, ഇത്തിസാലാത് എന്നീ ബസ് സ്റ്റേഷനുകള്‍ രാവിലെ അഞ്ചുമുതല്‍ രാത്രി പന്ത്രണ്ടരവരെയാണ് അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. സ്റ്റേഷനുകളുടെ സമയത്തിന് അനുസരിച്ച് ഫീഡര്‍ ബസുകളുടെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പാര്‍ക്കിങ് :
ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ചു പൊതു സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വരെസൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ നാലുമുതല്‍ പാര്‍ക്കിങ് നിരക്ക് ഈടാക്കിത്തുടങ്ങും. പ്രവാസി മലയാളികൾ കൂടുതലായി പാർക്കിങ് ചെയുന്ന ഷാര്‍ജയിലും അവധി ദിവസങ്ങളില്‍ പാര്‍ക്കിങ്ങിന് നിരക്ക് ഈടാക്കില്ല. ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങള്‍ ഒഴികെയുള്ള എല്ലാ പെയ്ഡ് പാര്‍ക്കിങ് സോണുകളിലും ദേശീയ ദിന അവധി ദിവസങ്ങളിൽ പാര്‍ക്കിങ് സൗജന്യമായിരിക്കും.

ദേശീയ ദിന ആഘോഷത്തോടനുബന്ധിച്ചു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ നാലുദിവസത്തേക്കും സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസത്തേക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Image courtesy : Google