നെയ്മർ പോയത് നന്നായി – മെസ്സി

 

നെയ്മര്‍ പിഎസ്ജിയിലേക്കു ചേക്കേറിയത് ബാഴ്സലോണക്ക് ഏറെ ഗുണം ചെയ്തുവെന്ന് സൂപ്പര്‍ താരം ലയണൽ മെസ്സി.നെയ്മര്‍ ഇല്ലാത്തതിനാല്‍ ടീമിൽ ഒരുപാടു മാറ്റം വരുത്തിയെന്നും അത് പ്രതിരോധം കൂടുതൽ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിൽ മെസ്സി തുറന്നു പറഞ്ഞു. ടീമിന്റെ മധ്യനിര മികച്ചതാണെന്നും കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ കളിക്കാത്തതിനാല്‍ടീമിന്റെ പ്രതിരോധ മികവ് കൂടിയെന്നുമാണ് മെസ്സിയുടെ അഭിപ്രായം. ടീമിലെ എല്ലാവർക്കും ഇപ്പോൾ ഒരു ബാലൻസ് ഉണ്ടെന്നു മെസ്സി പറയുമ്പോൾ നെയ്മർ ഉണ്ടായിരുന്നപ്പോൾ അത്തരം ബാലൻസ് ഇല്ലായിരുന്നു എന്നാണ് മെസി ചൂണ്ടികാണിക്കുന്നതെന്നും വിമർശകർ നിരീക്ഷിക്കുന്നു.
കഴിഞ്ഞ സമ്മറിലാണ് നെയ്മര്‍ ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് കൂടു മാറിയത്. 263 മില്യൺ ഡോളർ എന്ന റെക്കോർഡ് തുകക്കായിരുന്നു നെയ്മറെ പിഎസ്ജി വാങ്ങിയത്. അതിനു ശേഷം നടന്ന സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സ റയലിനോട് വമ്പൻ തോൽവി രുചിക്കുകയും ചെയ്തു. അതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ചക്ക് വഴിവെച്ച കൈമാറ്റം കൂടി ആയി നെയ്മറുടേത്.
ഇതിനിടെ പിഎസ്ജിയിലെത്തിയ നെയ്മർ ടീമിൽ തൃപ്തനല്ലെന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ പുതിയ കോച്ച് വാൽവെർദേയുടെ കീഴിൽ മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ് ടീം ബാഴ്സലോണ.

Image Courtesy : Goal.com