ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ആൽബർട്ടിന്റെ മൃതദേഹം കണ്ടെടുത്തു

 

ഫുജൈറ മദയിലെ നദ്ദ്ഹ വാദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി. റാസ് അൽ ഖൈമ ഒമാൻ അതിർത്തിയിലെ ഡാമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി വിവിധ ദ്രുതകര്‍മസേനകളും പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും നടത്തിയ തിരച്ചിലിനൊടുവിലാണ് ആൽബെർട്ടിനെ കണ്ടെത്തിയത്.ആല്‍ബര്‍ട്ടിന്റെ പിതാവ് ജോയ് ജോലിചെയ്യുന്ന സ്ഥാപനമായ ജുള്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എഴുപതോളം സഹപ്രവര്‍ത്തകരുടെ സംഘവും കൂട്ടുകാരും തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മാതാപിതാക്കളെ പോലീസ് സംഭവ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ആൽബർട്ട് ജീവനോടെ തിരിച്ചു വരുമെന്ന പ്രാർത്ഥനയോടെ കാത്തിരുന്ന വീട്ടുകാർക്കും സുഹൃത്തുക്കൾക്കും താങ്ങാൻ കഴിയാത്ത വാർത്തയാണെങ്കിലും അവസാനമായി ആൽബെർട്ടിനെ ഒരു നോക്ക് കാണാൻ ഇപ്പോഴും കാത്തിരിക്കുകയാണ് എല്ലാവരും.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലെ വീട്ടിലെത്തി ആൽബെർട്ടീന്റ് കുടുംബത്തെ സന്ദർശിച്ചിരുന്നു.
റാസൽഖൈമയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായ ആൽബർട്ട് കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം തടാകം കാണാൻ ചെന്നപ്പോഴായിരുന്നു അപകടം. ഉറയ്യ തടാകത്തിലെ അണക്കെട്ട് തകർന്ന് വെള്ളപ്പാച്ചിലിൽ ഉണ്ടായതാണ് അപകട കാരണം.

അച്ഛന്‍ ജുൽഫാർ ഫാർമസ്യൂട്ടിക്കൽസ് ഉദ്യോഗസ്ഥൻ പത്തനംതിട്ട കോന്നി സ്വദേശി ജോയ്, അമ്മ വത്സമ്മ, സഹോദരി ക്രിസ്റ്റി .