വൃശ്ചികപ്പുലരിയുണര്‍ന്നു; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

ഇന്ന് വൃശ്ചികം ഒന്ന്.മണ്ഡല കാല പൂജകൾക്ക് ശബരിമല നട തുറന്നപ്പോൾ വൻ ഭക്തജന തിരക്ക്.
പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ നാല്പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്റെ മണ്ഡലകാലത്തിനാണു തുടക്കമായിരിക്കുന്നതു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രിയില്‍ നിന്ന് അനുവാദം വാങ്ങിയാണ് ശ്രീകോവില്‍ നടതുറന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തിയത്.
നിര്‍മാല്യത്തിന് ശേഷം ഉഷപൂജയും നടന്നു. മണ്ഡലകാലത്ത് ഉഷപൂജക്ക് ശേഷം നടക്കുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 മണിവരെ നീളും. ഉച്ചപൂജക്ക് ശേഷം 1 മണിയോടെ നടയടക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വീണ്ടും നട തുറക്കും. വൈകിട്ട് ദീപാരാധനക്ക് ശേഷം പുഷ്പാഭിഷേകമുണ്ടാകും. 10 മണിക്കാണ് അത്താഴ പൂജ.
തുടര്‍ന്ന് 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.മാളികപ്പുറത്തും മണ്ഡലകാലത്ത് പ്രത്യേക പൂജകളുണ്ട്.ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, ദേവസ്വം ബോര്‍ഡ് പുതിയ പ്രസിഡന്റ് എ പദ്മകുമാര്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തിയിരുന്നു.