യുഎഇയില്‍ ഫുട്‌ബോള്‍ ആരവം

യുഎഇയില്‍ കാല്‍പന്തുകളിയുടെ രാവുകളാണ് ഇനി. പ്രവാസി മലയാളികളായ ഫുട്‌ബോള്‍ താരങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫുട്‌ബോള്‍ സീസണ്‍. മരുഭൂമിയിലെ മൈതാനങ്ങള്‍ ഇനി സെവന്‍സ് ഗോളുകളുടെ കഥകള്‍ പറയും.
ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതീക്ഷയുടെ ചിറകില്‍ പറന്നുയരുമ്പോള്‍ ദുബായില്‍ പന്ത് കളിക്കുന്നവരാണ് ഏറെ സന്തോഷിക്കുന്നത്. കടല്‍ കടന്നിട്ടും ഹൃദയത്തോട് ചേര്‍ത്ത് വച്ച ഗോളാരവങ്ങളെ അതിലുമേറെ ഉച്ചത്തിലും ആവേശത്തിലും ദുബായ് മൈതാനത്തെത്തിക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍. യുഎഇ യിലെ മൈതാനങ്ങള്‍ക്ക് സെവന്‍സാണ് പ്രിയം. ഏകദേശം 70ഓളം ടീമുകള്‍ മലയാളികള്‍ക്കുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ കുട്ടികള്‍ക്ക് വേണ്ടി നിരവധി ക്യാമ്പുകള്‍ വരെ യുഎയില്‍ ഇപ്പോഴും നടക്കുന്നുണ്ട്.

2010 ഒക്ടോബര്‍ മാസമായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎംജി റിലയന്‍സും തമ്മില്‍ 15 വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കുന്നത്. 2014 ല്‍ മറ്റൊരു ഒക്ടോബര്‍ മാസം ഐ എസ് എല്‍ തുടങ്ങി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മലയാളക്കരയെ ചേര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ സ്വന്തമാക്കിയപ്പോഴും റെക്കോഡ് കാണികളായതും കാല്‍പന്തുകളി ലഹരിയാക്കിയ മലയാളികള്‍ തന്നെ. ഒടുവില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയെ തേടി വന്നപ്പോഴും യുഎഇയിലെ മൈതാനങ്ങളും ആര്‍പ്പുവിളിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വാണുണ്ടായിരിക്കുന്നത്. 2013ലെ 174-ാം സ്ഥാനത്ത് നിന്ന് 2017ല്‍ ടീം ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 105-ാം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുന്നു.

ഇതിനും എത്രയോ വര്‍ഷം മുമ്പ്, ഏതാണ്ട് 30 വര്‍ഷം മുമ്പാണ് യുഎഇയില്‍ ഇന്ത്യക്കാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. ആവേശം തോരാതെ ഇന്നും മരുഭൂമയിലെ പൊരി വെയിലത്തും രാത്രിയിലെ മഞ്ഞിലും സെവന്‍സിനായി മൈതാനങ്ങളൊരുക്കുന്നു. സ്വദേശികളും പ്രവാസികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് കാണാനെത്താറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സീസണ്‍ തുടങ്ങിയാല്‍ ടൂര്‍ണമെന്റുകള്‍ക്കായി നാട്ടില്‍ നിന്നു വരെ വിസിറ്റ് വിസയില്‍ താരങ്ങളെ ഇറക്കി കളിക്കുന്നവരാണ് യുഎഇയിലെ ഫുട്‌ബോള്‍ പ്രേമികള്‍. ഫുട്‌ബോള്‍ താരങ്ങളുടെ ജോലിയും ഭാവിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുമ്പോഴും കാല്‍പന്തിലെ മാന്ത്രിക വിദ്യയുമായി കടല്‍ കടന്ന് വന്ന് ജീവിതമുണ്ടാക്കി ഭാവി ഭദ്രമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ പേരുകേട്ടവരും കേരളത്തിനു വേണ്ടി കളിച്ച താരങ്ങളും ബൂട്ട് കെട്ടി കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചകള്‍ ഇനി കാണാം. അടുത്ത പെരുന്നാള്‍ കാലം വരെ ആഴ്ചാവസാനങ്ങളില്‍ യുഎഇയില വിവിധ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കില്‍ കൂടിയാണ് സംഘാടകരും വിവിധ ടീമുകളും.