വ്യാപാരോത്സവം വരവായി ; ഡി എസ് എഫ് കൊടിയേറ്റം 26 ന്

23-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബര്‍ 26 ഓടെ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കങ്ങളില്‍ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഈ വര്‍ഷവും ആകര്‍ഷകമായ പരിപാടികള്‍ ഉണ്ടായിരിക്കും. ഡിസംബര്‍ 26ന് തുടങ്ങുന്ന ഷോപ്പിങ് ഉത്സവം ജനുവരി 27ന് അവസാനിക്കുമെന്ന് ദുബായ് ടൂറിസം വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഷോപ്പിങ് ഉത്സവത്തിനിടെ കലാപരിപാടികള്‍, ഫാഷന്‍ ഷോകള്‍, പ്രത്യേക ദിവസങ്ങളില്‍ വെടിക്കെട്ട്, എന്നിവ ഉണ്ടായിരിക്കും. എല്ലാ വര്‍ഷവും ഷോപ്പിങ് ഫസ്റ്റിവലിനോടനുബന്ധിച്ച് പ്രത്യേക വില്‍പ്പനകളും നറുക്കെടുപ്പുകളും ഉണ്ടായിരിക്കും.
വന്‍ തുകയുടെ ക്യാഷ് പ്രൈസുകളാണ് ഇത്തവണയും ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വ്യാപാരോത്സവത്തിന്റെ ആദ്യ ദിനം തെരഞ്ഞെടുത്ത മാളുകളില്‍ 12 മണിക്കൂര്‍ നീണ്ട വില്‍പ്പനയുണ്ടായിരിക്കും. മാജിത് അല്‍ ഫുത്തൈം മാളില്‍ നിരക്കിളവോടുകൂടിയ വില്‍പ്പനയുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം വ്യാപാരോത്സവത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ജുവല്ലറിക്കാര്‍ക്കും 20 മുതല്‍ 25 ശതമാനം വരെ വില്‍പ്പന വര്‍ധനവ് ലഭിച്ചിരുന്നു. തെരഞ്ഞെടുത്ത 100 വിജയികള്‍ക്ക് 5.4 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് സമ്മാനമായി ലഭിച്ചത്. വ്യാപാരോത്സവത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് ലോകസഞ്ചാരികള്‍..

image courtesy : Google