തിരയും തീരവും

റാസല്‍ഖൈമ ബീച്ചില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. രാജ്യം തണുപ്പിലേക്ക് നീങ്ങുമ്പോള്‍ വടക്കന്‍ എമിറേറ്റുകള്‍ സന്ദര്‍ശിക്കാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. എന്നാല്‍ റാസല്‍ഖൈമയിലെ തീരങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും എല്ലാ കാലത്തും പ്രിയപ്പെട്ടതാണ്. നട്ടുച്ചയ്ക്കു പോലും റാസല്‍ഖൈമ ബീച്ചിലിറങ്ങാനും വിശ്രമിക്കാനും ആളുകള്‍ എത്തുന്നു എന്നതാണ് പ്രത്യേകത.
കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള കാഴ്ചയായിരുന്നു റാക് ബീച്ചില്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ ബീച്ചിലേക്ക് കുടുംബ സമേതവും സുഹൃത്തുക്കളുമായി എത്തി തീരത്ത് ഫുട്‌ബോളും മറ്റും കളിച്ചും കടലില്‍ കുളിച്ചും നീന്തിയും ഉല്ലസിക്കുന്നു. രാജ്യം പൂര്‍ണമായും തണുപ്പിലേക്ക് കടന്നാല്‍ ആഴ്ചാവസാനങ്ങളിലെ രാത്രികാലങ്ങള്‍ റാസല്‍ ഖൈമ തീരം സ്വദേശി വിദേശികളെകൊണ്ട് നിറയും.
കഴിഞ്ഞ ഓഗസ്റ്റില്‍ റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ബീച്ചിലേയും മറ്റും അപകടസാധ്യതകളെക്കുറിച്ചും അധികൃതര്‍ അവബോധം നല്‍കിയിരുന്നു. ‘നമ്മുടെ സുരക്ഷിത ബീച്ചുകള്‍’ എന്ന പേരില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും വിനോദ സഞ്ചാരികള്‍ക്ക് കൂടി വേണ്ടിയാണ്. നിലവില്‍ പകല്‍ 36 ഡിഗ്രി സെല്‍ഷ്യസും രാത്രി കാലങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസുമാണ് റാസല്‍ഖൈമയിലെ താപനില.

Photography : Resmi Ravindran