കേരളക്കരയെ ആവേശത്തിലാഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ; പരമ്പര സ്വന്തം

കാര്യവട്ടം 20 / 20 പരമ്പരയിൽ ഇന്ത്യക്ക് മികച്ച ജയം. ന്യൂസിലന്ഡിനെ ആറു റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാനായി മഴയത്തും മണിക്കൂറുകളോളമാണ് ആരാധകർ കാത്തിരുന്നത്. മഴ മൂലം മത്സരം 8 ഓവർ ആക്കി ചുരുക്കിയിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ന്യൂസിലൻഡിനായില്ല.ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ജയം അനായാസമാക്കിയത്. രണ്ടു ഓവറിൽ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത യുസ്‌വേന്ദ്ര ചാഹലും രണ്ട് ഓവറില്‍ പത്ത് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബുംറയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ആറാം ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ കിവീസിനെ വരിഞ്ഞു മുറുക്കി. ഏഴാം ഓവറില്‍ ന്യൂസിലന്റിന്റെ നിക്കോളിസ് ബുംറക്ക് വിക്കറ്റ് നല്‍കി. ഇതേ ഓവറില്‍ ബ്രൂസ് പാണ്ഡ്യയുടെ ഏറില്‍ റണ്ണൗട്ടായി. എട്ട് ഓവറുകള്‍ കഴിഞ്ഞപ്പോൾ ന്യൂസിലന്‍റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സിലൊടുങ്ങി.. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ ഓപണര്‍മാര്‍ വേഗം തന്നെ മടങ്ങുകയായിരുന്നു. രോഹിത് ശര്‍മയേയും(8) ധവാനേയും(6) തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ടിംസൗത്തിയാണ് ന്യൂസിലന്റ് നിരയില്‍ തുടക്കത്തിലേ തിളങ്ങിയത്. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന ക്യാപ്റ്റന്‍ കോഹ്ലി ആറ് പന്തുകളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി 13 റണ്ണെടുത്ത് മടങ്ങി. ഇഷ് സോഥിയാണ് കോഹ്ലിയേയും ശ്രേയസ് അയ്യരേയും മടക്കിയത്. മനീഷ് പാണ്ഡെയും(17) ഹാര്‍ദിക് പാണ്ഡ്യയും(15*) ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 67ലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ബുമ്രയാണ് ഇന്നത്തെ മത്സരത്തിലെയും ടൂര്ണമെന്റിലെയും മികച്ച താരം.
തിരുവനന്തപുരത്ത് 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്ന് വന്നത്. സ്റ്റേഡിയത്തില്‍ 45,000 ത്തോളം കാണികളാണ് ഉണ്ടായിരുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മികച്ചതാണെന്നും കാണികളുടെ പിന്തുണയ്ക്ക് നന്ദിയെന്നും ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു.

Image courtesy : ESPN CRICINFO