ഹൃദ്യമീ തലോടല്‍ ; ഇനി സഫാരിയില്‍ കാണാം

അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി കാഴ്ചകള്‍ സമ്മാനിച്ച ദുബായ് മൃഗശാല ഓര്‍മ്മയാകുന്നു. മൃഗശാലയിലുണ്ടായിരുന്ന മൃഗങ്ങളെ ഇനി കാണണമെങ്കില്‍ ദുബായ് സഫാരിയിലേക്ക് പോകണം. 1967ല്‍ തുറന്ന് പ്രവര്‍ത്തിച്ച ദുബായ് മൃഗശാല കഴിഞ്ഞ ദിവസമാണ് അടച്ച് പൂട്ടിയത്. വര്‍ഷങ്ങളായി മൃഗശാലയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ ഇന്നലെ ദുബായ് മുന്‍സിപ്പാലിറ്റി ആദരിച്ചു. വിശാലമായ പുതിയ ശാലയിലേക്കുള്ള മാറ്റം മൃഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണെങ്കിലും ഈ മാറ്റത്തോടെ അവര്‍ക്ക് നഷ്ടമാകുന്ന ചിലതിനെക്കൂടി ഇന്ന് ഗള്‍ഫ് ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വരച്ച് കാട്ടി.

1985 മുതല്‍ ദുബായ് മൃഗശാലയിലെ ജീവനക്കാരനായിരുന്ന പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് റിയാസ് തനിക്ക് പ്രിയപ്പെട്ട കടുവയെ തലോടുന്ന ഹൃദയസ്പര്‍ശിയായ ചിത്രത്തോടെയാണ് ഗള്‍ഫ് ന്യൂസ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ എത്രയോ മൃഗങ്ങള്‍ക്ക് മുഹമ്മദ് റിയാസിന്റെ പരിചരണം ലഭിച്ചിരിക്കുന്നു. 50 വയസ്സെത്തിയ മൃഗശാല ഇന്നലെ അടച്ചപ്പോള്‍ 52 വയസ്സുള്ള മുഹമ്മദിനെയും ദുബായ് മുന്‍സിപ്പാലിറ്റി ഇന്നലെ ആദരിച്ചു. ആദ്യ ദുുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കടുവ, ചിമ്പാന്‍സി, ഗൊറില്ല തുടങ്ങിയ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുവന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ മറക്കാന്‍ കഴിയില്ലെന്ന് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. മൃഗശാലയില്‍ നിന്ന് ചാടാന്‍ തുനിഞ്ഞ ഗൊറില്ലയെ ശാന്തനാക്കിയതുള്‍പ്പടെ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ മുഹമ്മദ് റിയാസ് പങ്ക് വയ്ക്കുന്നു.

1988ല്‍ ജോലിക്ക് പ്രവേശിച്ച അബു ഷഹിനും തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. രോഗം മൂര്‍ച്ഛിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു ഗൊറില്ലയെ പ്രത്യേക പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന സംഭവം തുടങ്ങി ഓരോ ജീവനക്കാരനും വേറിട്ട അനുഭവങ്ങള്‍ സമ്മാനിച്ച മൃഗശാലയാണ് ഓര്‍മ്മയായിരിക്കുന്നത്.

ഇനി പുതിയ വെളിച്ചവും പുത്തന്‍ അനുഭവങ്ങളും തേടി കൂടുകള്‍ മാറുകയാണ് ദുബായ് സഫാരിയിലേക്ക്. ഡിസംബര്‍ രണ്ടിന് സഫാരി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കാത്തിരിക്കാം മറ്റ് അപൂര്‍വ്വ കാഴ്ചകള്‍ക്കായി

Image courtesy : Gulf News