അമേരിക്കയെ വിലകുറച്ച്​ കാണരുതെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ​ട്രംപ്

 

          ഏകാധിപതികളാരും അമേരിക്കയെ ചെറുതായി കാണേണ്ടതില്ലെന്നും, യുഎസിന് എന്നും വിജയം മാത്രമാണ് ശീലമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഏഷ്യ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച ട്രെമ്പിന്റെ മുന്നറിയിപ്പായാണ് ലോക രാജ്യങ്ങൾ ഇതിനെ കാണുന്നത്. ഞായറാഴ്ച ടോക്കിയോയ്ക്കു സമീപമുള്ള യൊകോട്ട എയർ ബേസിൽ വന്നിറങ്ങിയതിനു പിന്നാലെയായിരുന്നു ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഉന്നമിട്ടുള്ള ട്രംപിന്റെ പരോക്ഷമായ പ്രസ്താവന അറിയിച്ചത്.
അ‍ഞ്ചു രാജ്യങ്ങൾ നീളുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ആദ്യ പാദ സന്ദർശനത്തിനാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാൻ കൂടാതെ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ട്രംപ് സന്ദർശിക്കുന്നുണ്ട്.
‘ആരും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിന്റെ ദൃഢനിശ്ചയത്തെ ചെറുതായി കാണേണ്ടതില്ല’ – യൊകോട്ട എയർ ബേസിൽ ആവേശത്തോടെ സ്വീകരിച്ച യുഎസ് – ജപ്പാൻ സൈനികരെയും സ്ത്രീകള്‍ നിറഞ്ഞ ആൾക്കൂട്ടത്തെയും സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
ചരിത്രത്തിൽ ഇടയ്ക്കൊക്കെ യുഎസിനെ ചെറുതായി കാണുന്ന ശീലം അവർക്കുണ്ട്. അത് അവർക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല, പൗരൻമാരുടെ സുരക്ഷയും യുഎസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യുഎസ് നിൽക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.
യുഎസ് സായുധ സൈന്യത്തിന്റെ പാരമ്പര്യം എന്നും വിജയമാണ്. ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനും അവർക്കു നീതി ലഭ്യമാക്കുന്നതിനുമായി നിലകൊള്ളുന്ന സൈന്യമാണു തങ്ങളുടേതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ജപ്പാനും കഴിഞ്ഞ ആറു ദശാബ്ദമായി മേഖലയിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഖ്യമാണെന്നും, ഇരു രാജ്യങ്ങളാണ് കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും എക്കാലവും ആധിപത്യം നിലനിർത്തുന്നതെന്നും ട്രംപ് പറഞ്ഞു.
ജപ്പാനിലെ സൈനികർക്ക് കൂടുതൽ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
ഉത്തര കൊറിയ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കുന്നതിനു ജപ്പാനും ദക്ഷിണ കൊറിയയ്ക്കും കൂടുതൽ അത്യാധുനിക ആയുധങ്ങൾ നൽകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
സൈനികരെ അഭിസംബോധന ചെയ്തശേഷം ട്രംപ് വടക്കൻ ടോക്കിയോയിലെ ഗോൾഫ് കോഴ്സിലേക്കു പോയി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഡൊണാൾഡ് ട്രംപ് ചർച്ച നടത്തും.