കേരളപ്പിറവിയിൽ ആര്യ ഗോപിയുടെ കവിത – ലിപി

 

ലിപി

എനിക്കന്തരാത്മാവി-
ലാനന്ദത്തുളസീദലം
എനിക്കോര്‍മ്മ പൂക്കുമീ
ലാവണ്യ ഹരിത നീര്‍ത്തടം.
എനിക്കു ജന്മപാഥേയം
നിറച്ച പൊന്‍ വയല്‍ക്കതിര്‍
എനിക്കു പുണ്യകാവ്യങ്ങള്‍
ചമച്ചപൊന്‍ മഷിക്കുടം.
ജനിച്ച നാളിനും മുന്‍പേ
ശ്രവിച്ച നാദമാധുര്യം
തെളിക്കുമക്ഷരത്തിരി
ജ്വലിച്ച പെണ്‍ മണല്‍പ്പുറം.
മുളച്ച വിത്തിനുള്ളിലും
വിടര്‍ന്ന പൂവിനുള്ളിലും
ഉദിച്ച സൂര്യനുള്ളിലും
കുതിച്ച കാറ്റിനുള്ളിലും
തപസ്സുചെയ്യുമെന്‍ ലിപി
തമസ്സു നീക്കുമെന്‍ ലിപി
മനസ്സിലെന്നുമോളങ്ങള്‍
രചിക്കുമാത്മ നിര്‍വൃതി.
എനിക്കു കണിവെയ്ക്കുവാന്‍
കൊന്നപ്പൂപോലെയെന്‍ ലിപി
എനിക്കു പൂക്കളം തീര്‍ക്കാന്‍
തുമ്പപ്പൂപോലെയെന്‍ ലിപി.
എനിക്ക് മണ്‍ചെരാതായി
കൊളുത്താനെന്നുമെന്‍ ലിപി
എനിക്കു വെണ്‍നിലാവായി
ഒഴുക്കാനെന്റെ നന്മൊഴി.
എനിക്കു ഞാനാകുവാന്‍
കരുത്തു നല്‍കുമെന്‍ ലിപി
വിശുദ്ധമെന്റെ ഭാഷയാം
മലയാള നറുമലര്‍ ലിപി !

   ആര്യ ഗോപി