ഷാര്‍ജ പുസ്തകോത്സവം കൊടിയേറി

 

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയേറി. അല്‍താവൂനിലെ എക്‌സ്‌പോ സെന്ററില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്തു.  മേള ഉദ്ഘാടനം ചെയ്തു.മേളയില്‍ ഷെയ്ഖ് സുല്‍ത്താന്റെ നാല്്് പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരെ കാത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നാല് പുസ്തകങ്ങളില്‍അദ്ദേഹം ഒപ്പ് വച്ചു. നാളെ ഷാര്‍ജ ടെലിവിഷനില്‍ അദ്ദേഹത്തിന്റെ പ്രത്യേക അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തില്‍ പുസ്തകങ്ങളെക്കുറിച്ച് പ്രതിപാദിക്കും.2017ലെ സാംസ്‌കാരിക വ്യക്തിത്വമായി ഈജിപ്ത് മുന്‍ സാംസ്‌കാരിക മന്ത്രി ഡോ.മുഹമ്മദ് സാബിര്‍ അറബിനെ മേളയില്‍ ആദരിച്ചു.

ഈ മാസം 11 വരെ നീളുന്ന പുസ്തക മേളയുടെ പ്രമേയം ‘എന്റെ പുസ്തകത്തിലെ ലോകം’ എന്നതാണ്.

ബ്രിട്ടനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. ബ്രിട്ടന്റെ സവിശേഷമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രദര്‍ശനം കൂടിയാണ് ഈ വര്‍ഷത്തെ മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകരും പ്രമുഖ എഴുത്തുകാരും മേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മുപ്പതോളം പേര്‍ പങ്കെടുക്കും. മലയാളം പ്രസാധകര്‍ക്ക് ഏഴാം നമ്പര്‍ ഹാളാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഡിസി ബുക്‌സ്, കൈരളി, ചിന്ത, മാതൃഭൂമി, ലിപി, ഒലിവ്, തുടങ്ങി നിരവധി പ്രസാധകരാണുള്ളത്.

പുസ്തക പ്രദര്‍ശനത്തിനൊപ്പം കവിയരങ്ങ്, ചര്‍ച്ചകള്‍, പ്രമുഖ എഴുത്തുകാരുമായി മുഖാമുഖം തുടങ്ങിയ പ്രത്യേക പരിപാടികളും ഉണ്ടാകും. മലയാളത്തില്‍ നിന്ന് എം ടി വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന്‍, സി.വി ബാലകൃഷ്ണന്‍, സാറാ ജോസഫ്, ജോര്‍ജ് ഓണക്കൂര്‍, എം.എ ബേബി, ഇന്നസെന്റ്, തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. തമിഴില്‍ നിന്ന് എം.കെ സ്റ്റാലിനും, എസ്.രാമകൃഷ്ണനും പങ്കെടുക്കും. 35 വര്‍ഷം മുമ്പാണ് ഷാര്‍ജ പുസ്തകോത്സവത്തിന് തുടക്കമായത്. അന്ന് മുതല്‍ ഷാര്‍ജ ഭരണാധികാരിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പുസ്തകോത്സവം സംസ്‌കാരത്തിന്റെയും വിഞ്ജാനത്തിന്റെയും വിളനിലമായാണ് അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് സന്ദര്‍ശകരെ ഇത്തവണയും മേള പ്രതീക്ഷിക്കുന്നുണ്ട്. അക്ഷര നഗരി വരും ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇനി പുസ്തകപ്രേമികളാല്‍ നിറയും.

ചിത്രം കടപ്പാട് : ഗള്‍ഫ് ന്യൂസ്