ദിലീപിനൊപ്പം അഭിനയിക്കാന്‍ പ്രമുഖ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കേരളത്തിലേക്ക്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് ജയിലിലടക്കപ്പെട്ട നായകന്‍ ദിലീപ് പുറത്തു വന്ന ശേഷം ഷൂട്ടിങ് പുനഃരാരംഭിക്കുന്ന കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നതിനായാണ് തെന്നിന്ത്യന്‍ താരം കേരളത്തിലെത്തുന്നത്.

സ്ത്രീ പീഢന കേസില്‍ പ്രതിയായ നായകനൊപ്പം അഭിനയിക്കരുതെന്ന ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് സിദ്ധാര്‍ത്ഥിന്റെ വരവ്.

മലയാറ്റൂരിലാണ് ഷൂട്ടിങ്ങ്. ഇരുപത് ദിവസമെടുക്കും കാട്ടിനുള്ളിലെ ചിത്രീകരണത്തിന്.

കമ്മാര സംഭവത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് നാടകീയമായി ദിലീപ് അറസ്റ്റിലാവുന്നത്.

എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് തേനിയിലെ ഷൂട്ടിങ്ങിനിടെയായിരുന്നു.

ഇതിനു ശേഷമാണ് പിന്നീട് എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ദിലീപിനും കമ്മാരസംഭവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കലും മറക്കാത്ത ‘അനുഭവം ‘ കൂടിയാണ് ഈ സിനിമ.

നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയ രതീഷ് അമ്പാട്ടാണ് സംവിധായകന്‍. മുരളീ ഗോപിയുടെ തിരക്കഥയില്‍ ശ്രീ ഗോകുലം മൂവിസാണ് കമ്മാരസംഭവം നിര്‍മ്മിക്കുന്നത്. നമിത പ്രമോദാണ് നായിക.

20 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹയും ഒരു സുപ്രധാന റോളില്‍ എത്തുന്നുണ്ട്.