ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുമായുള്ള വിവാഹം റദ്ദാക്കിയതിന് എതിരെ കൊല്ലം സ്വേദശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബർ 27ന് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. ഹാദിയയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ സംസ്ഥാന സർക്കാർ തുടരണമെന്നും കോടതി ഉത്തരവിട്ടു.
ഹാദിയയുടേയും പിതാവ് അശേകന്‍റെയും കേസ് അന്വേഷിക്കുന്ന എൻ.ഐ.എയുടേയും വാദം കേട്ടശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹാദിയയെ ഹാജരാക്കുമ്പോൾ കേസിലെ വാദം അടച്ചിട്ട മുറിയിൽ നടത്തണമെന്ന അശോകന്‍റെ അപേക്ഷ കോടതി നിരാകരിച്ചു. ഇതോടെ കേസിലെ വാദം തുറന്ന കോടതിയിലായിരിക്കും നടക്കുക.
സമൂഹത്തിന്‍റെ വികാരത്തിന് അനുസരിച്ച് കോടതിക്ക് ഉത്തരവിടാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു സ്ത്രീ കുറ്റവാളിയെയാണ് വിവാഹം ചെയ്യുന്നതിൽപോലും അത് നിയമപരമായി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ക്രിമിനലാണെങ്കിലും വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന്, ഷെഫിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് അശോകന്റെ വാദത്തോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.