ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് ഒരു മരണം ; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലത്ത് ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്.
ടൈറ്റാനിയം എംഎസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലമാണ് തകര്‍ന്ന് വീണത്. ദേശീയ ജലപാതക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു.തൊഴിലാളി സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം . പാലം തകര്‍ന്ന് വെള്ളത്തിലേക്കാണ് ആളുകള്‍ വീണത്. പരിക്കേറ്റവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇരുപത് പേരെ കൊല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ആരെങ്കിലും വെള്ളത്തില്‍ വീണിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്. കെഎംഎംഎല്ലിനെതിരെ കഴിഞ്ഞ കുറച്ചു നാളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്നുവെന്നും കമ്പനി അടച്ചു പൂട്ടണമെന്നുമാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. രാസമാലിന്യത്തിന്റെ ഫലമായി ചിറ്റൂര്‍, മേക്കാട്, കളരി, പന്മന, പൊന്മന തുടങ്ങി ചവറയിലെ അഞ്ചോളം ഗ്രാമങ്ങള്‍ മാരക രോഗങ്ങളുടെ പിടിയിലാണ്.