ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം, വെളിപ്പെടുത്തലുമായി പട്ടേല്‍ നേതാവ്

                    ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയും പാട്ടീദര്‍ നേതാവുമായ നരേന്ദ്ര പട്ടേല്‍ രംഗത്ത്. ഞായറാഴ്ച അര്‍ധരാത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. 10 ലക്ഷം മുന്‍കൂറായി ലഭിച്ചെന്നു പറഞ്ഞ നരേന്ദ്ര പട്ടേല്‍ നോട്ടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബാക്കി തുകയായ 90 ലക്ഷം തിങ്കളാഴ്ച നല്‍കാമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. വടക്കന്‍ ഗുജറാത്തിലെ പാട്ടീദര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറാണ് നരേന്ദ്ര പട്ടേല്‍. ഹാര്‍ദിക് പട്ടേലിന്റെ മറ്റൊരു അടുത്ത അനുയായി ആയിരുന്ന വരുണ്‍ പട്ടേല്‍ കഴിഞ്ഞയാഴ്ച ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

വരുണ്‍ പട്ടേലാണ് പാര്‍ട്ടി മാറാനുള്ള ബി ജെ പിയുടെ ആവശ്യത്തിന് ഇടനിലക്കാരനായതെന്നും നരേന്ദ്ര പട്ടേല്‍ ആരോപിച്ചു.തന്നെ അഹമ്മദാബാദിലേക്കു വിളിപ്പിക്കുകയും പിന്നീട് ഗാന്ധിനഗറിലേക്ക് കൊണ്ടു പോവുകയും ചെയ്തു. അവിടെ അദ്‌ലാജിനു സമീപത്തെ ഓഫീസില്‍ വച്ച് ജിത്തുഭായി വാഘാനി ഉള്‍പ്പെടെയുള്ളബി ജെ പി നേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാണ് ജിത്തുഭായി. അവിടെ വച്ചാണ് പത്തുലക്ഷം രൂപ വരുണ്‍ തന്നത്. ബാക്കി തുക നാളത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം തരാമെന്നും ഉറപ്പു നല്‍കിയെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

‘എന്നാല്‍ റിസര്‍വ് ബാങ്ക് തന്നെ തന്നാലും ബി ജെ പിക്ക് എന്നെ വിലയ്‌ക്കെടുക്കാനാവില്ല’ നരേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. വരുണ്‍ പട്ടേലിനെയും ബി ജെ പിയെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനാണ് പണം സ്വീകരിച്ചതെന്നും നരേന്ദ്ര പറഞ്ഞു.

എന്നാല്‍ നരേന്ദ്രയുടെ ആരോപണങ്ങള്‍ വരുണ്‍ നിഷേധിച്ചു. വിഷയത്തില്‍ ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല. പട്ടേല്‍ പ്രക്ഷോഭത്തെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുന്നു എന്നാരോപിച്ചാണ് ഹാര്‍ദിക് പട്ടേലിന്റെ അടുത്തഅനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലും കഴിഞ്ഞയാഴ്ച ബി ജെ പിയില്‍ ചേര്‍ന്നത്.