വാക്സ്ഥലി

പുസ്തക പരിചയം
വാക്സ്ഥലി- ബിന്ദു സന്തോഷ്

കരച്ചിലിനൊപ്പം ഒലിച്ചു പോയ
കൃഷ്ണമണി തിരയുകയാണ് ഞാന്‍
മഷിയുടഞ്ഞ് കരവെടിഞ്ഞ്
ഏതു കടലിലെത്തിയിരിക്കുമതിപ്പോള്‍

ജീവിത മരവിപ്പിനെ ഉരുക്കിക്കളയുന്ന ഔഷധമായിരുന്നു ബിന്ദുവിന് എഴുത്ത്. അനുഭവങ്ങളുടെ ചവര്‍പ്പില്‍ നിന്നവര്‍ മാധുര്യം വാറ്റിയെടുത്തു. അവ വരണ്ട കണ്ണുകളെ ഈറനാക്കാനുതകുന്നതായിരുന്നു. ഇരുട്ടിന്റെ അറകളില്‍ വെച്ച് പാകപ്പെടുത്തി, അകത്ത് വെച്ച് തന്നെ മുഴുമിപ്പിക്കപ്പെട്ടിട്ടുള്ളതുമായിരുന്നു ആ എഴുത്ത്.

അക്ഷരങ്ങള്‍ മാത്രം ആര്‍ത്തിയോടെ ഭക്ഷിച്ചവള്‍. കവിതയിലും കഥയിലും, ചുഴിയായും കാറ്റായും കനലായും നിറഞ്ഞവള്‍. ഇന്ന് ബിന്ദുവിന്റെ രോഗമുഖം നടുക്കമുണര്‍ത്തുന്നതായിരിക്കുന്നു.

തീയെറിയുന്ന വേദനപ്പിടച്ചില്‍. ആ രോഗത്തിന്റെ ദൈന്യത നമുക്കോരോരുത്തര്‍ക്കും കാണാനാവും. നരകയാതനകളില്‍ കൂടി സഞ്ചരിച്ചാണ്, ഇത്രയധികം ചേറില്‍ വേദനകള്‍ പൂഴ്ത്തിയിട്ടാണ്, മുകളിലൊരു കവിത പൂവായ് വിരിയുന്നതെന്ന് നാമിപ്പോള്‍ അറിയുന്നു.
പുസ്തകത്തിലെ ഒരു അദ്ധ്യായം
——————————————-

പാന്‍ഗിയ
ഒരുപാതി

പഴയ രാജ്യരേഖകളൊക്കെയും മറന്ന്,
മുറതെറ്റിയ അഴകുഴമ്പന്‍ ഭൂപടങ്ങളാണ്
എന്റെ ഭൂമിശാസ്ത്രത്തില്‍

ജര്‍മ്മനി എനിക്കിപ്പോള്‍, കനത്ത പുരികവും,
അഗ്രം കൂര്‍ത്ത നാസികയുമായി, ഒരു തണ്ടുകാരി.

ഓസ്ട്രിയ എല്ലിച്ച ശരീരത്തില്‍
അടഞ്ഞ ശബ്ദമുള്ള, ആതുരശുശ്രൂഷക.

ലാറ്റ് വിയ എന്നാല്‍, വികലാംഗത്വം
വീല്‍ച്ചെയറില്‍ ഉരുട്ടിനീക്കി,
കേക്കുണ്ടാക്കി വില്‍ക്കുന്ന ആത്മധൈര്യം.

എന്നെ തൊട്ടോളൂ ഞാന്‍ തയ്യാറാണ്.
എന്നു ചിരിച്ചു നിന്ന്, വഴുതിമാറുന്ന
വീനസ് അഴകോടെ ഗ്രീസ്.

ഞാന്‍ എന്നാല്‍ ഈ കുന്നില്‍മൂലകള്‍ തന്നെ
എന്ന് തെറിച്ചുകാട്ടി സുഡാന്‍.

ശ്രീലങ്ക പരുഷകാമത്തിലും ശുദ്ധപ്രണയം
യാചിച്ച് യാചിച്ച്.

കയറിപ്പിടിച്ച സഹോദരനെ, വെടിവെച്ചു
വീഴ്ത്തിയ പെണ്‍കടുവയായി കൊറിയ

കുപ്പായക്കീശകളൊക്കെയും തുറന്നുവെച്ച്,
ഇറ്റലി കുഴഞ്ഞു മയക്കുമ്പോള്‍.

ഘാന ലഭിച്ചിട്ടും ലഭിച്ചിട്ടും, പോരാ പോരായെന്ന്
നൊട്ടിനുണയലിന്റെ ആസക്തിയായി.

വാംപെയര്‍ കണ്ണുകളില്‍ കാമം നിറച്ച്,
പോര്‍ക്കാളയുടെ ഉശിരുകാരി സ്‌പെയിന്‍.

ബാലെ നര്‍ത്തകിയുടെ മെയ് വഴക്കത്തില്‍,
പെണ്‍ഡ്രാക്കുളയായി രക്തമൂറ്റിയൂറ്റി റൊമാനിയ.

അമേരിക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍,
മുഴുത്ത വാശിയില്‍, സര്‍വ്വതും
തല്ലിത്തകര്‍ക്കുന്ന വഴക്കാളി അമ്മായി.

ശ്ശ്ശ്… എല്ലാം നിശ്ചയിക്കുംപോലെ, എന്ന്
ചൂരല്‍ ചുണ്ടോടുചേര്‍ത്ത് കര്‍ക്കശക്കാരി ബ്രിട്ടന്‍.

സര്‍വ്വനാശം കവച്ചുവെയ്ക്കാന്‍
തേവിടിശ്ശുപ്പുളച്ചില്‍ ശീലമാക്കിയ റഷ്യ.

വാണിജ്യത്തൈലം ഉഴിഞ്ഞ്, രസിച്ച് രസിപ്പിച്ച് ചൈന.

ഉഷ്ണപ്പുണ്ണുകള്‍ ഉടുപ്പിട്ടുമൂടി
ചായച്ചമയമിട്ട് തായ്‌ലന്‍ഡ്, തായ് വാന്‍, കമ്പോടിയ.

മദോന്മത്തയായി അരമിഴി വിടര്‍ത്തി,
അലസമായി പ്രലോഭിപ്പിച്ച് സൈപ്രസ്.
മറുപാതി

ഇത്,
ഭാരതത്തിന്റെ സമദൂരസിദ്ധാന്തം ശീലമാക്കി
എന്റെ ആണ്‍പാതി നെയ്തുവെച്ച ലോകഭൂപടം.

ക്ഷമവെടിഞ്ഞ് സഹിമുടിഞ്ഞ് ഖഡ്ഗമെടുത്ത്
ഞാന്‍ നെയ്ത്തുശാല തുറക്കുന്നു കാളിയായ് ഉറയുന്നു.
പോര്‍ശംഖു മുഴക്കുന്നു തല കൊയ്തുമാറ്റുന്നു
മദിരാക്ഷികള്‍, മധുവാണികള്‍, കാമാലസകള്
ശിഷ്ടം തുലഞ്ഞവര്‍ ഭിന്നമായ് ചിതറുന്നു
വിരളുന്നു, പതറുന്നു ഭീതിയാല്‍ മറയുന്നു
രക്തം, പ്രളയം പെരുംകടല്‍ ഗര്‍ജ്ജനം.

ശമനതാളത്തില്‍ സ്‌ക്രീനിലിപ്പോള്‍ ശാന്തം
ആലിലയില്‍ ചാഞ്ചാടി, ഉണ്ണിവിരലുണ്ട്
പാന്‍ഗിയയുടെ ഫോസില്‍ മാത്രം.