കര്‍മ്മഗതി – എം കെ സാനു ആത്മകഥ

കര്‍മ്മഗതി – എം കെ സാനു ആത്മകഥ

രാഷ്ട്രീയമായും സാമൂഹികമായും വളരെ പ്രസക്തമായൊരു കാലഘട്ടത്തില്‍ ജനിച്ചു ജീവിച്ചു വളര്‍ന്ന സാനു എങ്ങിനെയാണ് കുത്തൊഴുക്കുകളുടെ വക്താവാകാതെ മാനുഷികതയുടെ വക്താവാകുന്നതെന്ന് ഈ കൃതി കാണിച്ചു തരുന്നു. വരണ്ട മരുപ്പറമ്പില്‍ വീണ ആര്‍ദ്രതയുടെ ഒരിറ്റു സ്‌നേഹജലം പോലെ ഈ ആത്മകഥ വായനക്കാരെ വല്ലാതെ നിര്‍മലനാക്കുന്നുണ്ട്. വൈയക്തികമായ വാചാടോപതകളില്ലാതെ, അലങ്കാരങ്ങളുടെ തനിപ്പകര്‍പ്പുകളില്ലാതെ സാനു കുറിച്ചിടുന്ന ജീവിതം അനന്തര തലമുറയിലേക്കു സംക്രമിപ്പിക്കപ്പെടുന്ന ജീവിത ദര്‍ശനങ്ങള്‍ തന്നെയാണ്. അത് നമ്മുടെ കര്‍മ്മ ഗതിയെ സ്വാധീനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. തിരക്കില്‍ നിന്നൊഴിഞ്ഞ്, ബഹളമില്ലാത്ത ഒരു കാലത്തിന്റെ വരമ്പിറമ്പുകളിലൂടെ തനിച്ചു നീങ്ങുന്ന ജ്ഞാനിയായ ഭിക്ഷുവിനെപ്പോലെയാണ് ഇവിടെ എഴുത്തുകാരന്‍. ഈ കൃതിയിലൂടെ അദ്ദേഹം തന്റെ കാലത്തെ വ്യാഖ്യാനിക്കുകയും അതിനുമേല്‍ ഉന്നതമായ കാവ്യാദര്‍ശം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വായനയുടെ അര്‍ത്ഥവും സൗന്ദര്യവുമാണ് ഈ ആത്മകഥയുടെ തിളക്കം.

പുസ്തകത്തിലെ ഒരു അദ്ധ്യായം

ആധുനികത കത്തി നില്‍ക്കുന്ന കാലത്തൊരു ദിവസം രണ്ടു കഥാകാരന്‍മാര്‍ എന്റെ വീട്ടില്‍ വന്നുചേര്‍ന്നു. എനിക്കു സമാദരണീയര്‍. കേശവദേവും തകഴിയും. ഉച്ചയോടടുത്ത സമയത്താണ് അവര്‍ വന്നത്. അന്നു വൈകീട്ട് ഏലൂരില്‍ വെച്ചു നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കയാണ്. പ്രസംഗം ചെയ്യേണ്ട ‘കൂട്ടുപ്രതി’കളിെലൊരാളെന്ന നിലയില്‍ എന്നെ നേരത്തെ വിളിച്ചു കൊണ്ടു പോകാന്‍ വന്നതാണെന്നു ഞാന്‍ വിചാരിച്ചു.

വന്നപാടെ തകഴി കുസൃതിച്ചിരിയോടു കൂടി പറഞ്ഞു. ഒന്നുകില്‍ ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഊണു തരണം. അല്ലെങ്കില്‍ ഞങ്ങളോടൊപ്പം വന്ന് റെസ്റ്റ് ഹൗസില്‍ നിന്ന് ഊണു കഴിക്കണം.

രണ്ടിനും സമ്മതമാണെന്ന് ഞാന്‍. അപ്പോള്‍ അവര്‍ തന്നെ തീരുമാനമെടുത്തു. നമുക്ക് റെസ്റ്റ്ഹൗസില്‍ പോകാം.

അല്‍പ്പം കുശലം പറഞ്ഞതിന് ശേഷം ഞങ്ങള്‍ റെസ്റ്റ് ഹൗസില്‍ പോയി. അവരുടെ മുറിയിലെ മേശയില്‍ പത്രങ്ങളും വാരികകളും നിറയെ ഉണ്ടായിരുന്നു. ഞാന്‍ ചിലതെടുത്ത് മറിച്ചു നോക്കി. പത്രങ്ങളില്‍ ആധുനികരെ സംബന്ധിക്കുന്ന വാര്‍ത്തകളുണ്ട്. വാരികകളിലും ആധുനികതയുടെ ആധിപത്യമാണ് കണ്ടത്. പ്രഖ്യാപനങ്ങളുടെ രൂപത്തിലും ആധിപത്യം പ്രത്യക്ഷമായിരുന്നു. പ്രഖ്യാപനങ്ങളില്‍ രണ്ട് ആശയങ്ങളാണ് അടിയൊഴുക്കായിരുന്നത്. ഒന്ന്, സമകാലിക സാഹിത്യം കാലഹരണപ്പെട്ടിരിക്കുന്നു. സെന്‍സിബിലിറ്റിയാകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി ആധുനികതക്കേ ഭാവിയുള്ളൂ. രണ്ട്, സാഹിത്യത്തിന് സമൂഹവുമായി ബന്ധമൊന്നുമില്ല. എഴുത്തുകാരന്‍ അവനവനോടു മാത്രം പ്രതിജ്ഞാബദ്ധനായാല്‍ മതി.

അവിടവിടെയായി ചിതറിക്കിടക്കുന്ന വാര്‍ത്തകളിലും ലേഖനങ്ങളിലും നിന്നും ഇത്രയും മനസ്സിലാക്കാന്‍ എനിക്കു പ്രയാസമുണ്ടായില്ല. പത്രങ്ങളിലൂടെ ഞാന്‍ കണ്ണോടിക്കുന്നതിനിടയില്‍ തകഴിയും ദേവും വര്‍ത്തമാനം തുടര്‍ന്നുകൊണ്ടിരുന്നു.

വര്‍ത്തമാനമെന്നുവെച്ചാല്‍ ‘ആധുനിക’ പ്രസ്ഥാനത്തിനെതിരായ ആക്രമണമെന്നു മനസ്സിലാക്കിയാല്‍ മതി. മറ്റൊന്നും അതിലുണ്ടായിരുന്നില്ല. ദേവിന്റെ വാക്കുകളിലാണ് ആക്രമണത്തിന്റെ രൂക്ഷത ഏറെയുണ്ടായിരുന്നത്. എതിര്‍പ്പിന്റെ വാസന ആ സ്വഭാവത്തിലെ ബലിഷ്ഠഘടകമായിരുന്നല്ലോ. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി പകര്‍ത്താന്‍ എനിക്കു സാധിക്കുന്നില്ല. എങ്കിലും, ഏകദേശരൂപത്തില്‍ അതിപ്രകാരമായിരുന്നു.

രണ്ടു കൈയിലും വാളെടുത്തു പോരാടിയാണ് ഞങ്ങള്‍ പൊതുജീവിതത്തില്‍ കടന്നു വന്നത്. എന്തിനെക്കെയാണ് ഞങ്ങളെതിര്‍ത്തത്? അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു. സാമ്രാജ്യത്തോടും മുതലാളിത്തത്തോടും പോരാടി സാഹിത്യത്തില്‍ നിന്ന് രാജാക്കന്‍മാരെയും പ്രഭുക്കന്‍മാരെയും കുടിയൊഴിപ്പിച്ചു. അവരുടെ സ്ഥാനത്ത് തൊഴിലാളികളെയും അധഃസ്ഥിതരെയും തെണ്ടികളെയും മാന്യമായ ആസനങ്ങളിലിരുത്തി ആദരിച്ചു. അങ്ങനെ പല നിലകളില്‍ പോരാട്ടം തുടര്‍ന്നതിന്റെ ഫലമായിട്ടാണ് ഞങ്ങള്‍ സാധാരണക്കാരന് സാഹിത്യത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. സാഹിത്യത്തെ സാധാരണക്കാരന്റേതാക്കിത്തീര്‍ത്തതും ഞങ്ങളാണ് മാത്രമല്ല, ദുരാചാരങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ സാഹിത്യത്തെ ആയുധമാക്കിയതും ഞങ്ങളാണ്.

ഇത്രയും കാര്യങ്ങള്‍ ഒരൊറ്റ വീര്‍പ്പില്‍ അദ്ദേഹം പറഞ്ഞെന്നു വിചാരിക്കരുത്. ഈ ആശയഗതിയാണ് അതില്‍ പൊന്തി നിന്നത്. അദ്ദേഹത്തിനനുകൂലമായി തകഴിയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു.

അവസാനമായപ്പോള്‍ തകഴിയെ നോക്കി ദേവ് പറഞ്ഞു. ‘ എടാ, എന്തെല്ലാം അനീതികള്‍ക്കെതിരായാണോ നമ്മള്‍ പടപൊരുതിയത്, ആ അനീതികളെ പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമം ഇപ്പോള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. ഈ കളി നമ്മളോടു വേണ്ട. ഇതിനെയും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ശക്തി നമുക്കുണ്ടെന്നു മറക്കരുത്.’

അത്രയേറെ വാശിയോടു കൂടി അവര്‍ അവതരിപ്പിച്ച ആശയങ്ങളെപ്പറ്റി എനിക്കു തര്‍ക്കമുണ്ടായിരുന്നില്ല. എങ്കിലും, ഞാന്‍ എതിര്‍പക്ഷക്കാരനാണെന്ന ധാരണയിലാണ് അവര്‍ സംസാരിക്കുന്നത്! വൈകുന്നേരം നടക്കുന്ന സാഹിത്യ സമ്മേളനത്തിലുണ്ടാകാന്‍ പോകുന്ന വെടിക്കെട്ടിനെപ്പറ്റി എനിക്കു സൂചന നല്‍കുകയായിരിക്കുമോ? എനിക്കങ്ങിനെ തോന്നി.

അങ്ങനെ തോന്നിയതിനു കാരണമുണ്ട്. സൗന്ദര്യബോധനവീകരണം, ഭാവുകത്വ വികാസം, രൂപശില്‍പ്പം മുതലായ പ്രമേയങ്ങള്‍ അന്ന് എനിക്കു പ്രിയപ്പെട്ടവയായിരുന്നു. അവയുടെ പ്രാധാന്യത്തെപ്പറ്റി അനേകം പ്രസംഗ പീഠങ്ങളില്‍ ഞാന്‍ ഊന്നിപ്പറഞ്ഞുപോന്നു. പ്രസംഗവേദികള്‍ അന്ന് ആനുകാലികങ്ങളേക്കാള്‍ പ്രാധാന്യമുള്ള ആശയാവിഷ്‌കരണോപാധികളായിരുന്നു എന്നോര്‍ക്കണം. സമൂഹചേതനയില്‍ പ്രബുദ്ധതയുടെ പ്രകാശം സൃഷ്ടിക്കുന്നതില്‍ പ്രസംഗങ്ങള്‍ – നല്ല പ്രസംഗങ്ങള്‍ – മാധ്യമങ്ങളേക്കാളധികം സ്വാധീനം അക്കാലത്തു ചെലുത്തിയിരുന്നു. അപ്പോള്‍, കാവ്യങ്ങളില്‍ രൂപശില്‍പ്പത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആവര്‍ത്തിച്ചു പോരുന്നയാളെന്ന നിലയില്‍ എന്നെ അവര്‍ മറുപക്ഷത്തു കാണാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിചാരിച്ചു.