നീലക്കുയിലേ നിന് ഗാനം
നീലക്കുയിലേ നിന് ഗാനം- വി ടി മുരളി
കാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയിട്ടും പാട്ടിന്റെ മഹാസാഗരം അലയടിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മലയാളികള്‍ക്കു സമ്മാനിച്ച അനശ്വര സംഗീതജ്ഞന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതാണീ പുസ്തകത്തിലെ ഓരോ വാക്കും. പാട്ടിന്റെ വഴികളില്‍ വിളക്കുമരമായി നിന്ന രാഘവന് മാസ്റ്ററുടെ സംഗീത സംഭാവനകളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത് കേള്‍വി വിസ്മയങ്ങള്‍ ഇതില്‍ പുതിയ അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ നിറഞ്ഞു നില്ക്കുന്നു. ഇങ്ങനെയൊരു പുസ്തകം മലയാളത്തില്‍ ആദ്യം.
പുസ്തകത്തിലെ ഒരു അദ്ധ്യായം
ഒരു പാട്ടിന്റെ ധ്യാനം
കെ പി എ സി തുടങ്ങിയ പല നാടക സമിതികളിലും ഞാന്‍ പാടിയെങ്കിലും തിരുവനന്തപുരത്തെ പ്രമുഖ സമിതികളിലൊന്നും പാടാന്‍ എനിക്കവസരമുണ്ടായില്ല. നാടകഗായകന് എന്നെന്നെ പലരും വിശേഷിപ്പിക്കാറുണ്ട്. സിനിമാ സംഗീതത്തിന്റെ താഴി നിറുത്തിക്കാണുകയാണോ അതിലൂടെ എന്നും എനിക്ക് തോന്നിയിട്ടുണ്ട്. സിനിമാ പിന്നണി ഗായകന് എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഞാന്‍ പറയും, ‘ഞാന്‍ പിന്നണി ഗാനത്തില്‍ കുറെ പിന്നണിയിലാണ്. എന്നാല്‍ മറ്റു പല സംഗീത വിഷയങ്ങളിലും മുന്നണിയിലാണ്’ എന്ന്.
നാടക ഗാനാലാപനത്തില്‍ എനിക്ക് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രദീപ്കുമാര്‍ കാവും തറയുടെ ‘ഉത്തരവാദപ്പെട്ട ഉത്തമന്’ എന്ന നാടകത്തിന് വേണ്ടി രമേശ് കാവില്‍ എഴുതി തൃശൂര്‍ മോഹന്‍ദാസ് ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്. നാടകം ശ്രദ്ധിക്കപ്പെട്ടാലും പഴയകാലം പോലെ നാടകപ്പാട്ടുകള്‍ നാടകത്തിനപ്പുറം ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്. പല സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ടെങ്കിലും കൂടുതല്‍ പാട്ടുകളും പാടിയത് രാഘവന് മാസ്റ്ററുടേത് തന്നെയായിരുന്നു. പുരുഷ ശബ്ദത്തില്‍ ഒരു പാട്ടുണ്ടെങ്കില്‍ അത് എനിക്കായിരിക്കും. മാസ്റ്ററെപ്പോലെ ഇന്നയാള് പാടണം എന്ന് ശക്തിയായി പറയാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞു എന്ന് വരില്ല. നാടക നിര്‍മ്മാതാവിനും, സംവിധായകനും എന്നെ ബോധ്യപ്പെടണമെന്നുമില്ലല്ലോ. എന്റെ ആലാപനത്തോട്, എന്റെ ശബ്ദത്തോട്, എന്റെ വ്യക്തിത്വത്തോട് (അങ്ങനെയൊന്നുണ്ടെങ്കില്‍) ഒക്കെ താത്പര്യക്കുറവും ഉണ്ടാകാമല്ലോ. ഇതൊരു വടക്കന്‍ കലാകാരന്റെ ഗതികൂടിയാണ്. വടക്കുള്ളവര്‍ എപ്പോഴും തെക്കുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വടക്കരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പരാതി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. തെക്കുള്ളവര്‍ക്ക് പ്രത്യേകിച്ച് തിരുവനന്തപുരത്തുള്ളവര്‍ക്ക് പാടാതെ തന്നെ, എഴുതാതെ തന്നെ ഇന്നത്തെക്കാലത്ത് പ്രശസ്തരാവാന്‍ കഴിയും. പലപ്പോഴും അവരുടെ സൃഷ്ടികള്ക്കപ്പുറത്ത് അവര്‍ പ്രശസ്തരായിത്തീരുന്നത് പുതിയ മാധ്യമ സഹായത്താലാണ്. എന്റെ സ്വകാര്യ ദുഃഖങ്ങളിലൊന്ന് എന്റെ പാട്ടുകള്‍ പ്രശസ്തിയാര്ജ്ജിച്ചിട്ടും ഞാന്‍ പ്രശസ്തനാവുന്നില്ലല്ലോ എന്നതാണ്. എന്റെ ഉള്ള് മനസ്സിലാക്കിയവര്‍ മാധ്യമസുഹൃത്തുക്കള്ക്കിടയില് ഇല്ലാത്തത് കൊണ്ടാണോ? അല്ലെങ്കില്‍ വി ടി മുരളി എന്ന വ്യക്തിക്ക് കച്ചവട സാദ്ധ്യതയില്ലാത്തത് കൊണ്ടാണോ? എന്നാല്‍ മാസ്റ്റര്‍ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുപോലും ഒരു സ്വകാര്യ താത്പര്യം മാത്രമാണ്. ഇവനത്രക്കൊന്നും ഇല്ല എന്ന രീതിയില്‍ വ്യാഖ്യാനിച്ചവരും കാണും. എന്നല്ല, ഉണ്ട്.
തിരുവനന്തപുരം സംഘചേതനയുടെ നാടകത്തില്‍ പാടാന്‍ ഒരവസരം വന്നപ്പോള്‍ ഞനതിയായി സന്തോഷിച്ചു. പിരപ്പന്‍കോടു മുരളി രചിച്ച ‘സുഭേ്രദ സൂര്യപുത്രി’ എന്ന നാടകത്തില്‍. രാഘവന് മാസ്റ്റര്‍ തന്നെയാണ് ഈ നാടകത്തിലേക്ക് പാടാനായി എന്നെ വിളിച്ചത്. സംഘചേതനയുടെ നാടകങ്ങള്‍ പലതും മുരളി സാര്‍ എഴുതിയതാണ്. ചരിത്രവും, സാഹിത്യവും ഒക്കെ പാശ്ചാത്തലമാക്കിയാണ് പല രചനകളും. ‘സുഭദ്ര’ സി വി രാമന് പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയിലെ സുഭദ്രയാണ്. ‘സുഭേ്രദ സൂര്യപുത്രി’ എന്ന നാടകത്തിന്റെ ആമുഖത്തില്‍ രചയിതാവ് പറയുന്നു.
‘ഞാനാശിക്കുന്ന സ്ത്രീ സങ്കല്‍പ്പത്തിന്റെ മൂര്ത്തീമത്ഭാവമാണ് എനിക്ക് സുഭദ്ര. ആയിരം വര്‍ണ്ണങ്ങളില്‍ ചാലിച്ച് സൃഷ്ടിച്ച ഒരു അത്ഭുത സ്ത്രീത്വം. സി വിയുടെ ഈ അനശ്വര കഥാപാത്രത്തിന്റെ തനിമ കൂടുതല്‍ വ്യക്തമാക്കുകയും ശക്തമായ ഒരു സ്ത്രീ സങ്കല്‍പ്പം മലയാളത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സുഭദ്രയെ ഞാനൊരു നാടക ശില്‍പ്പത്തിന്റെ കേന്ദ്ര ബിന്ദുവാക്കിയത്. സി വിയെന്ന ഗുരു കാരണവരുടെ ആ വാത്സല്യഭാജനത്തെ, അദ്ദേഹത്തിന്റെ സൂചനകള്‍ക്ക് തെളിച്ചമുള്ള വ്യാഖ്യാനങ്ങള്‍ നല്കി സുഭദ്രയുടെ വ്യക്തിത്വത്തിന് തിളക്കം കൂട്ടുകയാണ് ഞാന്‍. ‘സുഭേ്രദ സൂര്യപുത്രി’ എന്ന നാടകത്തില്‍ ചെയ്തത്.’
വളരെ ഗൗരവമായി ഒരു കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുകയും അതിന് നാടകാവിഷ്കാരം നല്കുകയുമായുമാണിവിടെ. നാടകത്തില്‍ ഞാന്‍ പാടിയ രണ്ടു പാട്ടുകളും, അരുന്ധതി പാടിയ രണ്ടു പാട്ടുകളുമാണുള്ളത്. ഗാനരചന പിരപ്പന്‍കോട് തന്നെ. അരുന്ധതിക്ക് ആ വര്‍ഷത്തെ നല്ല നാടക ഗായികക്കുള്ള അക്കാദമി അവാര്‍ഡ് ഈ ഗാനങ്ങളുടെ പേരില്‍ ലഭിച്ചു. നല്ല പാട്ടായിരുന്നിട്ടു കൂടി ഞാന്‍ ആ വര്‍ഷവും തഴയപ്പെട്ടു. കമ്മിറ്റിക്ക് നല്ലതാണെന്ന് തോന്നിക്കാണില്ല.
എന്റെ പാട്ട നാടകത്തിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പാട്ട് ദൂരെ എവിടെയോ നിന്ന് കേള്‍ക്കുകയാണ്. ഒരു തോണി തുഴഞ്ഞു കൊണ്ട് ഏതോ ഒരാള്‍ ദുഃഖത്തോടെ പാടുന്നത് പോലെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആ പാട്ടിന്റെ ഭാവം പ്രതിഫലിക്കുന്നത് പാറുക്കുട്ടിയില്‍ ആണ്. മറ്റൊരു പാട്ട് വിരുത്തമായി തുടങ്ങുകയും താളത്തില്‍ തുടരുകയും ചെയ്യുന്നു. വിരുത്തം പാടുന്നത് മാസ്റ്റര്‍ തന്നെ. താളത്തില്‍ തുടങ്ങുന്നത് ഞാനും സംഘവും. സി വി രാമന് പിള്ളയെക്കുറിച്ചാണ് വിരുത്തം.
‘ആകാശ വിസ്തൃതിയോലൂന്ന നെറ്റിയും
കുറ്റിമുടിയും
വീരരസം തുളുമ്പുന്ന ചുവന്ന കടമിഴിക്കോണും
താംബുലാര്ദ്രശോണവര്ണമാമരവും
സിംഹതുല്യമാം കൊമ്പന് മീശയുമാര്ന്ന
സാക്ഷാല്‍ സീ വി’ എന്നാണ് വിരുത്തം തുടങ്ങുന്നത്.
‘ഇതുവരെ കാണാത്ത പുതിയ സ്ത്രീത്വത്തിന് ഇതിഹാസ ഭംഗിനിനക്കാരു ന ല്കി’
എന്ന ഭാഗത്തിലൂടെ പാട്ട് വളരുന്നു. അവിടം മുതല്‍ താളത്തിലാവുന്നു. ഞാന്‍ പാടിത്തുടങ്ങുന്നു. ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളിലാണ് രാഘവന് മാസ്റ്റര്‍ പാടിയിട്ടുള്ളത്. നീലക്കുയിലിലെ ‘കായലരികത്ത്’ എന്ന പാട്ട് വരെ സാന്ദര്‍ഭികമായി പാടിയതാണ്. പരിശീലനം നടക്കുമ്പോള്‍ അദ്ദേഹം പാടിത്തരുന്നത് കേട്ട് ആ ഭാഗം മാസ്റ്റര്‍ തന്നെ പാടണമെന്ന് നിര്‍ബന്ധത്തിലാണ് പാടുന്നത്.