തോട്ടിയുടെ മകന്‍

പുസ്തക പരിചയം

തകഴിയുടെ തോട്ടിയുടെ മകൻ

ആലപ്പുഴ നഗരത്തിലെ സമ്പന്ന സമൂഹവും അധികാരവര്‍ഗ്ഗവും മനുഷ്യരായിപ്പോലും പരിഗണിക്കാതെ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തുകയും ക്രൂരമായ രീതിയില്‍ ചൂഷണം ചെയ്യുകയും പതിവാക്കിയ തോട്ടി വര്‍ഗ്ഗത്തിന്റെ കഥയാണ് ‘തോട്ടിയുടെ മകനി’ലൂടെ തകഴി പറയുന്നത്. അടിമത്തത്തില്‍ നിന്ന് അവകാശബോധത്തിലേക്ക് വളരുന്ന മൂന്നു തലമുറകളിലെ തോട്ടിവര്‍ഗ്ഗത്തിന്റെ കഥ പറയുന്ന ഈ നോവല്‍ തകഴിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ്. ഇശക്കു മുത്തുവില്‍ നിന്നും ചുടലമുത്തുവിലേക്കും തുടര്‍ന്ന് മോഹനന്‍ പ്രതിനിധാനം ചെയ്യുന്ന മൂന്നാം തലമുറയിലേക്കും കഥ എത്തുമ്പോള്‍ തോട്ടിവര്‍ഗ്ഗത്തിന്റെ ക്രമാനുഗതമായ ജീവിത പരിണാമം മനസ്സിലാക്കാം.

ആലപ്പുഴ നഗരത്തിലെ തോട്ടിയായിരുന്ന ഇശക്കു മുത്തു തങ്ങളെ മനുഷ്യരായി മറ്റുള്ളവര്‍ അംഗീകരിക്കണമെന്നു പോലും ആഗ്രഹിക്കാത്ത പഴയ തലമുറയുടെ പ്രതിനിധിയാണ്. തന്റെ തൊഴിലിനോട് ആത്മാര്‍ത്ഥതയും അധികാരിവര്‍ഗ്ഗത്തോടു കൂറും വിധേയത്വവും അയാള്‍ പുലര്‍ത്തിയിരുന്നു. മുപ്പതു വര്‍ഷക്കാലം മുനിസിപ്പാലിറ്റിയില്‍ തോട്ടിവേല ചെയ്ത ഇശക്കുമുത്തു അവസാനം രോഗബാധിതനായി ഇറ്റുവെള്ളമിറക്കാന്‍ കിട്ടാതെ നാക്കുവരണ്ടുമരിക്കുന്നു.

ഇശക്കുമുത്തുവിന്റെ മകനായ ചുടലമുത്തു പിതാവിന്റെ തൊഴില്‍ പാരമ്പര്യം തുടരണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ആ തൊഴിലിലേക്ക് തന്നെ എത്തിച്ചേരുന്നു. എച്ചില്‍ തിന്നു വളര്‍ന്നവനാണെങ്കിലും അതു തുടരാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ജോലിചെയ്തു കൂലിവാങ്ങി, വൃത്തിയും വെടിപ്പുമുള്ളവനായി ജീവിക്കുവാനും നല്ല ആഹാരം കഴിക്കുവാനും അവന്‍ തീരുമാനിക്കുന്നു. സ്വന്തം വര്‍ഗ്ഗക്കാരില്‍ പ്രകടമായ ഭീരുത്വത്തിന്റെയും എളിമത്തത്തിന്റെയും സ്ഥാനത്ത്, ദൃഢനിശ്ചയവും അഭിമാനബോധവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ചുടലമുത്തു സമൂഹത്തില്‍ മാന്യതയക്കുള്ള അടിസ്ഥാനം പണമാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും അതിനുള്ള വഴികള്‍ തേടുകയും ചെയ്യുന്നു.

കാമുകിയായ വള്ളിയെ ഭാര്യയായി സ്വീകരിച്ച അയാള്‍ തനിക്കുണ്ടാകുന്ന കുട്ടികളെ തോട്ടിപ്പാരമ്പര്യത്തില്‍ നിന്നും മോചിപ്പിച്ച് സമൂഹത്തിലെ ഉയര്‍ന്ന തലത്തില്‍ എത്തിക്കും എന്നു ദൃഢപ്രതിജ്ഞ ചെയ്തവനായിരുന്നു. തന്റെ ചുറ്റുമുള്ള തോട്ടികളുടെ വൃത്തികെട്ട ജീവിത സാഹചര്യങ്ങളില്‍ അറപ്പുതോന്നിയ ചുടല, ഭാര്യയെ അവരുമായുള്ള ഇടപെടലുകളില്‍ നിന്ന് വിലക്കി. സ്വന്തം സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കുകയും മേലാളരുടെ ജീവിതരീതി അനുകരിക്കാന്‍ തിടുക്കം കാട്ടുകയും ചെയ്തിരുന്ന ഭര്‍ത്താവിനെ അംഗീകരിക്കാന്‍ തോട്ടി പാരമ്പര്യത്തില്‍ ജനിച്ചുവളര്‍ന്ന വള്ളിക്ക് കഴിഞ്ഞിരുന്നില്ല. ചുടല മുത്തുവിനോടൊപ്പം സുഖസൗകര്യങ്ങളോടെ കഴിയുമ്പോഴും പുതിയ ജീവിതരീതികളെ പരഭ്രമത്തോടെയാണ് വള്ളി ഉള്‍ക്കൊണ്ടിരുന്നത്.

തോട്ടിയെ തൊടാതെ തന്റെ കുഞ്ഞ് വളരണമെന്ന് ആഗ്രഹിക്കുന്ന ചുടലമുത്തു സമ്പന്നന്റെ മകനെപ്പോലെയാണ് അവനെ വളര്‍ത്തിക്കൊണ്ടു വന്നത്. തോട്ടിപ്പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായി അവന് ‘മോഹനന്‍’ എന്ന് പേരിടുകയും, ‘ബേബി’ എന്ന ഓമനപ്പേരില്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. തോട്ടിയുടെ മകനായതു കൊണ്ട് മോഹനനെ സകൂളില്‍ ചേര്‍ക്കാന്‍ അധികൃതര്‍ വിസമ്മതിച്ചെങ്കിലും കുറുക്കു വഴിയിലൂടെ ചുടലമുത്തു കാര്യം സാധിക്കുന്നു. കോളറ ബാധിച്ച് ചുടലമുത്തുവും വള്ളിയും മരിക്കുന്നതോടെ അവന്‍ അനാഥനായിത്തീരുകയും ആലപ്പുഴയിലെ ഒരു തോട്ടിയായി മാറുകയും ചെയ്യുന്നു. ക്രമേണ മോഹനന്റെ തലമുറ ആത്മാഭിമാനമുള്ള വര്‍ഗ്ഗമായി മാറുകയും, വിപ്ലവ മാര്‍ഗ്ഗത്തിലേക്ക് നീങ്ങുകയും ചെയ്യുന്നിടത്തു വച്ചാണ് നോവല്‍ അവസാനിക്കുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും പുത്തനുണര്‍വ്വുണ്ടായ നാല്‍പ്പതുകളുടെ ചരിത്പാശ്ചാത്തലത്തിലാണ് തകഴി ‘തോട്ടിയുടെ മകന്‍’ എഴുതിയത്. തോട്ടിയുടെ ജീിവതത്തിലെ ദാര്യദ്ര്യത്തെയും അടിമത്തത്തേയും നിസ്സഹയാതയെയും പച്ചയായി അവതരിപ്പിക്കുന്ന ഈ കൃതിയില്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ ചിത്രം സുവ്യക്തമാണ്. സ്വയം നരകതുല്യമായ ജീവിതം നയിച്ചുകൊണ്ട്, മറ്റുള്ളവരുടെ കക്കൂസുകള്‍ വൃത്തിയാക്കുന്ന തോട്ടിയെ സമൂഹം അംഗീകരിക്കുന്നില്ല. അഴുക്കുമാറ്റുന്ന തോ്ടടി, അഴുക്കു തിന്നണമെന്ന് സമൂഹം അനുശാസിക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും നല്ല ഭ്ക്ഷണം കഴിക്കുന്നതും തോട്ടിക്കു നിഷിദ്ധമാണ്. ദിവസവും മുഖം ക്ഷൗരം ചെയ്യുന്ന, അടിച്ചു നനച്ച നിക്കറോ, മുണ്ടോ ധരിക്കുന്ന തോട്ടിയെ ശങ്കയോടു കൂടി മാത്രമേ സമൂഹം വീക്ഷിക്കുകയുള്ളൂ. ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാത്ത വൃത്തികെട്ട ശരീരമുള്ള കുടിയനായ തോട്ടിയെ ആണ് സമൂഹത്തിനാവശ്യം. സമൂഹത്തിന്റെ ഈ ധാരണകളെ നിഷേധിച്ചുകൊണ്ട് വീറും വൃത്തിയുമുള്ള, ഒരിക്കലും കള്ളുകുടിക്കാത്ത ഒരു മനുഷ്യനായി ജീവിക്കാന്‍ ചുടലമുത്തു ശ്രമിക്കുന്നു.

തന്റെ മകനെ മേലാളന്‍മാരുടെ മക്കളെപ്പോലെ വളര്‍ത്തണമെന്നാഗ്രഹിച്ച ചുടല, മകന് മോഹനനനെന്ന് പേരിട്ടതറിഞ്ഞ് വലിയ വീടുകളിലെ സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നു. അങ്ങനെയൊരു പേരിടാന്‍ തോട്ടിക്ക് അവകാശമില്ല എന്നതാണ് പരിഹാസത്തിന് കാരണം. മോഹനന് അധികൃതര്‍ വിദ്യ നിഷേധിക്കുന്നതിന്റെ രഹസ്യം ചുടല ഭാര്യയോടു പറയുന്നു. ‘എന്തോന്നാ? നമ്മുടെ കൊച്ചിനെ പള്ളിക്കൂടതത്തി ചേര്‍ക്കാത്തെ? തോട്ടീടെ മക്കളു പഠിക്കാന്‍ തൗടങ്ങിയാല്‍ പിന്നെ തോട്ടികളില്ലാതാകുമെന്ന് പേടിച്ചാ’ തോട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവര്‍ക്ക് വിദ്യാഭ്യാസം വിലക്കിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ തക്ക യാഥാര്‍ത്ഥ്യബോധം ചുടലമുത്തുവിനുണ്ടായിരുന്നു. സ്‌കൂളില്‍ മോഹനനുമായി സഹകരിക്കാന്‍ മറ്റു കുട്ടികള്‍ തയ്യാറായിരുന്നില്ല. തോട്ടിയെ മനുഷ്യനായി അംഗീകരിക്കാന്‍ കഴിയാത്ത സമൂഹത്തിന്റെ വികലമായ മനസ്സ് ഇവിടെ അനാവൃതമാകണം.