അങ്കമാലി ഡയറീസിന് പ്രശംസയുമായി മോഹന്‍ലാല്‍

പ്രേക്ഷകരുടെ മനസ്സു കീഴടക്കി മുന്നേറുകയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. ആസ്വാദകര്‍ക്കൊപ്പം സിനിമാ രംഗത്തു നിന്നുമുള്ളവരും ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ചിത്രം മനസ്സില്‍ പതിഞ്ഞെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരുടേയും പ്രകടനവും ഉജ്ജ്വലമായിരുന്നുവെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ അഭിനന്ദനം. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച സൂപ്പര്‍ താരം സംവിധായകനായ ലിജോ ജോസിനേയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദിനേയും പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടി നല്‍കി കൊണ്ട് ലിജോ ജോസും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മഹത്തായ പ്രശംസ എന്നായിരുന്നു സംവിധായകന്റെ മറുപടി പോസ്റ്റ്. സൂപ്പര്‍ താരത്തിന് നന്ദിയറിച്ച് ചെമ്പന്‍ വിനോദും കമന്റ് ചെയ്തിട്ടുണ്ട്. 86 പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിച്ചു വരുന്നത്. റിയലിസ്റ്റിക്കായ ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും ഗാനങ്ങളുമെല്ലാം പ്രശംസ നേടുന്നുണ്ട്.