മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച ബല്‍റാമിന്റൈ നടപടി പ്രതിഷേധാര്‍ഹം

മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം നിയമസഭയിലും തീപടര്‍ത്തുന്നു. ഭരണപക്ഷവും പ്രതിപക്ഷവും നടത്തുളത്തിലിറങ്ങി പരസ്പരം പോര്‍വിളിച്ചു. പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയ്ക്കെതിരെ ആക്രോശിച്ചതിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കണമെന്നും ഗുരുവായൂര്‍ എം.എല്‍.എ കെ.വി.അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടര്‍ന്നാണ് സഭയില്‍ ബഹളങ്ങള്‍ക്ക് തുടക്കമായത്. പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയും അദ്ദേഹത്തിന് നേരെ ആക്രോശിക്കുകയുമായിരുന്നു. സഭയില്‍ തനിക്ക് നേരെ പ്രതിപക്ഷാംഗം ആക്രോശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കു നേരെ ഒരിക്കലും ആക്രോശം ഉണ്ടായിട്ടില്ല. പരിധി ലംഘിക്കുന്ന നിലപാട് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു.
ശിവസേനക്കാരെ വാടകക്കെടുത്തത് പ്രതിപക്ഷമാണെന്ന നിലപാട് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ പ്രകടനം കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭാരേഖകളില്‍ നിന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടാവുകയും സംഭവം കയ്യാങ്കളിയുടെ വക്കില്‍ എത്തുകയുമായിരുന്നു.