തകരുന്ന ജനാധിപത്യ അടയാളങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെകുറിച്ചുള്ള പരിശോധന

– എ.ജെ ആഗ്‌നേയ് –

വെള്ളിയാഴ്ച തുടക്കം കുറിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണെന്ന് പറയുന്നത് നരേന്ദ്രമോഡിയും പ്രതിപക്ഷ നിരയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നതുകൊണ്ട് തന്നെയാണ്. ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട്‌വയ്ക്കാതെ മോഡിതന്നെയാണ് സംഘപരിവാര്‍ പക്ഷത്ത് പ്രചാരണം നയിക്കുന്നതെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ എതിര്‍മുഖത്ത് പ്രതിപക്ഷകക്ഷികള്‍ മാറി മാറിവരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിരയുടെ അമ്പേറ്റ് മോഡിയെന്ന സംഘപരിവാറിന്റെ താരപ്രചാരകന്‍ നിലംപതിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് പ്രതിപക്ഷ നിരയുടെ പ്രതീക്ഷയായി മാറും. അല്ലാത്ത പക്ഷം, മോഡി പ്രതിപക്ഷ പാര്‍ട്ടികളുടെ കാടടച്ചുള്ള പ്രചാരണത്തെ അതിജീവിക്കുകയാണെങ്കില്‍ കേന്ദ്രത്തില്‍ ഭരണതുടര്‍ച്ചയ്ക്കുള്ള സാധ്യതയും തെളിയും.

തീവ്രഹിന്ദുത്വ തരംഗമുണര്‍ത്തി ഇന്ത്യയിലുടനീളം പ്രചാരണം നയിച്ച് വിജയം വരിച്ച് മോഡി അധികാരത്തിലേറിയിട്ട് രണ്ടരവര്‍ഷം പിന്നിട്ടു. സംഘ പരിവാറിന്റെ തീരുമാനങ്ങള്‍ വികസന അജണ്ടയുടെ പുറംതോടില്‍ പൊതിഞ്ഞ് സമര്‍ത്ഥമായി നടപ്പാക്കുന്നതില്‍ മോഡി ഇതിനകം വിജയിച്ചുകഴിഞ്ഞതോടെ സംഘ പരിവാറില്‍തന്നെ എതിരില്ലാത്ത നേതാവായി വളര്‍ന്നു. ചെല്ലുന്നിടങ്ങളിലെല്ലാം ആളെകൂട്ടിയും വാഗ്ദാനങ്ങളുടെ പെരുമഴയിലൂടെ ജനക്കൂട്ടത്തെ കൈയിലെടുത്തും മോഡി നടപ്പാക്കുന്ന നയങ്ങള്‍ ഭാവി ഇന്ത്യയെ/ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെതന്നെ എങ്ങിനെ സ്വാധീനിക്കുമെന്ന് തിരിച്ചറിയണമെങ്കില്‍ കാത്തിരിക്കേണ്ടതുണ്ട്.  ജനാധിപത്യ വ്യവസ്ഥയെ തന്നെ മോഡിയുടെ നയപരിപാടികളും പ്രതിപക്ഷത്തിന്റെ കരുത്തില്ലായ്മയും എങ്ങിനെ പുനര്‍നിര്‍വചിക്കുന്നുവെന്ന് നമുക്കിവിടെ പരിശോധിക്കാം.

ഒരു ജനാധിപത്യ സംവിധാനത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള വഴികള്‍ പലതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളിലൂടേയും അനുനയനീക്കങ്ങളിലൂടെ മയക്കികിടത്തിയും ഏകാധിപത്യ ഭരണകൂടം സൃഷ്ടിക്കപ്പെടുകയും ജനാധിപത്യത്തിന് രൂപാന്തരം സംഭവിക്കുകയും ചെയ്യാം. പുകള്‍പെറ്റ ഇന്ത്യന്‍ ജനാധിപത്യത്തെ സമകാലിക രാഷ്ട്രീയ, ഭരണ വഴികളില്‍ തെളിയുന്ന അശുഭ സൂചനകളെ ചേര്‍ത്ത്‌വച്ച് പുനര്‍ വിചിന്തനം ചെയ്യുമ്പോള്‍ ഏകാധിപത്യത്തിലേക്കുള്ള വഴിയടയാളം ദൃശ്യമാകുന്നിടത്താണ് ഭീതി നിഴലിക്കുന്നതും. എന്നാല്‍ ഇത്തരത്തിലുള്ള ജനാധിപത്യത്തിന്റെ രുപമാറ്റം വളരെ സ്വഭാവികതയോടെ സംഭവിക്കുന്നതാകുന്നതിനാല്‍തന്നെ ഇതേകുറിച്ചുള്ള ആകുലതകളും ആശങ്കകളും ഒരിടത്തുനിന്നും ഉയരുന്നില്ലെന്നതാണ് കാണാതെ പോകുന്ന അപകടവും.

ഭരണകൂടമല്ല, ഭരണകൂടതെത്ത തിരുത്താനും നിയന്ത്രിക്കാനും കെല്‍പ്പുള്ള പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത്. ഈ കരുത്ത് ചോരുന്നിടത്താണ് സ്വഭാവികമായും ഭരണകൂടം ഏകാധിപത്യത്തിന്റെ രൂപഭാവങ്ങളിലേക്ക് വഴുതി മാറുന്നതും. അതേസമയം ഭരണകൂടം തന്നെ ജനാധിപത്യ നിലപാടുകളില്‍ നിന്ന് അകലുകയും ഏകധ്രുവ കേന്ദ്രീകൃതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമാകുമ്പോള്‍ തിരുത്താന്‍ കെല്‍പ്പുള്ള ഒരു തൂണുപോലും ജനാധിപത്യത്തെ താങ്ങിനിര്‍ത്താനുണ്ടാവില്ലെന്നതാണ് ഓര്‍ത്തുവയ്‌ക്കേണ്ടത്. ഒട്ടനവധി പരീക്ഷണങ്ങളെ അതിജീവിച്ച് ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നരേന്ദ്രമോഡിയെന്ന കരുത്ത് തെളിയിച്ച വ്യക്തിത്വം തന്നെ ഭരണകൂടത്തിന്റെ അവസാനവാക്കായി മാറുമ്പോള്‍, മറ്റ് വാക്കുകളെല്ലാം തന്നെ ഈ കരുത്തിനു മുന്നിലുള്ള വായ്ത്താരിമാത്രമായി മാറുമ്പോള്‍, തമ്മിലടിച്ചും ഒളിയാക്രമണം നടത്തിയും കുതികാല്‍വെട്ടിയും പ്രതിപക്ഷനിര ഛിന്നഭിന്നമാകുകയും ചെയ്യുമ്പോഴാണ് ഏകാധിപത്യത്തിലേക്കുള്ള വഴിയടയാളം വ്യക്തമായി തെളിയപ്പെടുന്നതും.

നോട്ട് പിന്‍വലിച്ചതോടെ വഴിയാധാരമായി മാറിയ ഒരു ജനതയ്ക്ക്, അവരെ ഒന്നടങ്കം വരിയില്‍ നിര്‍ത്തിയ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദുരിതം പരിഹരിക്കാനുള്ള പരിഹാര മാര്‍ഗങ്ങളോ വ്യക്തതയോടുകൂടിയ വിശദീകരണങ്ങളോ ഒന്നുമില്ലാതെ മോഡിയ്ക്ക് അവരെ അഭിസംബോധന ചെയ്യാന്‍ സാധിച്ചെങ്കില്‍, ഈ സാഹചര്യത്തിലും ഉയര്‍ച്ചയിലുള്ള പ്രതിഷേധ സ്വരങ്ങളൊന്നും തന്നെ  കേട്ടതുപോലുമില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പ്രകടമായ മാറ്റം വന്നുവെന്നതില്‍ തര്‍ക്കമൊന്നുമില്ല. വാക്കിന്റെ ധാരാളിത്തത്തില്‍ വേദി നിറഞ്ഞ്, പൊള്ളയായ പ്രഖ്യാപനങ്ങളുടെ മേലങ്കിയണിഞ്ഞ് മോഡി ഒരു ജനതയെ ദുരിത പൂര്‍ണമായ ഇന്നലെകളെ പതിയെ ഓര്‍മകളില്‍നിന്ന് മായ്‌ച്ചെടുക്കയും പകരം ശോഭനമായ നാളെകളിലേക്കുള്ള മായിക ലോകത്തെ ദൃശ്യമാക്കുകയും ചെയ്തതോടെതന്നെ പ്രതിഷേധം നിലച്ച് വീണ്ടും പ്രതീക്ഷയുടെ വാതായനങ്ങള്‍ തുറന്ന് കാത്തിരിക്കുന്ന അവസ്ഥയിലേക്ക് ജനത മാറി. ‘അഛാ ദിന്‍’ എന്ന സ്വപ്നത്തെ താലോലിപ്പിച്ച് അധികാരത്തിലേറിയ മോഡി വീണ്ടും ഇതേകുറിച്ച് തന്നെ വാഗ്ദാനങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോള്‍ ‘വരും വരാതിരിക്കില്ലെ’ന്ന് ജനത പിന്നേയും പ്രതീക്ഷിക്കുന്നതിന് കാരണവും ഏകാധിപത്യത്തിന്റെ മായിക ലോകത്തേക്ക് പതിയെ പതിയെ പതിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്. ദിവസങ്ങളോളം ബന്ധിയാക്കപ്പെടുന്നവന് ബന്ധനത്തിന് കാരണക്കാരയവരോട് അടുപ്പം തോന്നുന്ന മാനസികാവസ്ഥയുടെ സമാന സാഹചര്യംതന്നെയായി ഇതിനെ വിശേഷിപ്പിക്കുകയുമാകാം.

പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലപ്പെട്ട് ദേശീയ ബദലെന്ന ആശയംപോലും മുന്നോട്ട് വയ്ക്കാനാവാതെ പരാജയപ്പെടുമ്പോള്‍ കരുത്ത് കൂട്ടുന്ന മോഡിയ്ക്ക് സ്വന്തം പാളയത്തില്‍പോലും എതിരാളികളില്ലെന്നതാണ് ആവേശം പകരുന്നത്. ബി.ജെ.പി അടക്കമുള്ള പരിവാര്‍ സംഘടനകളുടെ കടിഞ്ഞാല്‍ കൈയിലേന്തിയ ആര്‍.എസ്.എസ് പോലും മോഡിയ്ക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മോഡിയുടെ ഏകാധിപത്യ നിലപാടുകള്‍മൂലം ആര്‍.എസ്.എസ് നേതൃത്വത്തിന് പരിവാറിനകത്തുള്ള മേല്‍കൈ തന്നെ നഷ്ടമായേക്കുമെന്ന ആശങ്ക സംഘ നേതാക്കള്‍ക്കുണ്ടെങ്കിലും പ്രധാനമന്ത്രി എന്നതിനപ്പുറത്ത് പാര്‍ട്ടിയ്ക്ക് വോട്ട് രുപപ്പെടുത്തുന്ന സംവിധാനമെന്ന നിലയിലേക്ക് കൂടി വളര്‍ന്ന മോഡിയെ എളുപ്പത്തില്‍ തഴയാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് സംഘ നേതൃത്വം. ഇത്തരമൊരു കുരുക്കിലേക്ക് സംഘ നേതൃത്വത്തേയും രാജ്യത്തെ ജനതയേയും വളരെ വിദഗ്ദമായി ആകര്‍ഷിപ്പിച്ചടുപ്പിച്ച് താഴിട്ടുപൂട്ടിയെന്നതാണ് മോഡിയെന്ന രാഷ്ട്രീയ നേതാവിന്റെ കഴിവ്. രാഷ്ട്ര തന്ത്രഞ്ജന്‍ എന്ന നിലയില്‍ വിശേഷിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും അസാധ്യമായതൊന്നുമില്ലെന്ന തിരിച്ചറിവും തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ചങ്കുറപ്പും തന്നെയാണ് മോഡിയെ രണ്ടര വര്‍ഷം കൊണ്ട് ഈ നിലയിലേക്ക് വളര്‍ത്തിയതും.

മോഡിയെന്ന വന്‍ മതിലിനെ മറിച്ചിടാന്‍ കൈകോര്‍ത്ത പ്രതിപക്ഷ നിരയിലെ പല പാര്‍ട്ടികളും ഏറെ വൈകാതെ കോര്‍ത്ത കൈകള്‍ പിരിച്ച് തമ്മിലടിക്കാന്‍ തുടങ്ങിയെന്നത് തന്നെയാണ് ജനാധിപത്യ സംവിധാനത്തില്‍ രൂപപ്പെട്ട പരാജയവും. പ്രതിപക്ഷ നിരയില്‍ രാജ്യവ്യാപക സാന്നിദ്ധ്യമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാകുകയും മറ്റെല്ലാവരും കേവലം ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നവരാകുകയും ചെയ്യുന്നതിനാല്‍തന്നെ പരസ്പരമുള്ള യോജിപ്പ് ഒരു പരിധിയ്ക്കപ്പുറത്തേക്ക് നീളില്ലെന്നതും നോട്ട് നിരോധനത്തെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിഷേധങ്ങളുടെ പരാജയം സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷേധത്തിന് ദാര്‍ശനികവും സാമ്പത്തികവുമായ നിര്‍വചനങ്ങള്‍ ചമച്ച് ശക്തമായി നിലകൊണ്ടെങ്കിലും ഇടതു പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളിയും ഇന്ത്യയുടെ പ്രതിപക്ഷ ശബ്ദമായി മാറാന്‍ സാധിക്കുന്നില്ലെന്നത് തന്നെയാണ്. അതേസമയം പ്രതിപക്ഷ നിരയുടെ ഏകോപനത്തിന് നേതൃത്വപരമായ കോണ്‍ഗ്രസിന് തന്നെ വിശ്വാസ യോഗ്യമായ ഒരു നേതൃത്വമില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലാണ് തീരുമാനമെടുക്കുന്നതെങ്കിലും ഇടപെടുന്ന കേന്ദ്രങ്ങളുടെ പരിചയമില്ലായ്മൂലം തീരുമാനങ്ങളൊന്നും തന്നെ പ്രാവര്‍ത്തികമാകാതെയും രാഷ്ട്രീയ ഭൂമികയില്‍ ചെറുചലനം പോലും സൃഷ്ടിക്കാതെയും പോകുന്നു. നോട്ട് നിരോധനത്തിലൂടെ നേട്ടമുണ്ടാക്കിയത് അബാനിയും അദാനിയുമാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ഈ ആരോപണങ്ങള്‍ക്ക് വിശ്വാസയോഗ്യമായ ഒരു തെളിവുപോലും മുന്നോട്ട് വയ്ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതൃത്വത്തിന് സാധിച്ചില്ല. മോഡിയെ വരച്ച വരയില്‍നിര്‍ത്താന്‍ 16 പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് രാഹുല്‍ യോഗം വിളിച്ചെങ്കിലും എത്തിയത് എട്ട് കക്ഷികള്‍ മാത്രമായിരുന്നുവെന്ന് മാത്രമല്ല ഇവയില്‍ പലതും അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ളവര്‍ കേട്ടിട്ടുപോലുമില്ലാത്ത പാര്‍ട്ടികളുമായിരുന്നു.

ഇത്തരത്തില്‍ വിശ്വസ്യതയില്ലാത്ത പ്രതിപക്ഷത്തിന്റെ പരാജയമാണ് മോഡിയ്ക്ക് ലഭിക്കുന്ന വിശ്വാസ്യതയുടേയും പിന്തുണയുടേയും അടിസ്ഥാനം. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മായിക പരിവേഷത്തിലൂന്നി മോഡി വാക്ചാതുരിയോടെ ആര്‍ത്തുവിളിക്കുമ്പോള്‍ അത് ഏകാധിപത്യത്തിലേക്കുള്ള ഭരണകൂടത്തിന്റെ വേഷപകര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്തന്നെ അതിനെ പുല്‍കാന്‍ സാധാരണക്കാരന്‍ വെമ്പുന്നതും സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യംതന്നെ. രാമക്ഷേത്ര വിഷയം ഉന്നയിക്കാതെയും തീവ്ര ഹിന്ദുത്വവികാരം ഇളക്കിവിടാതെയും താനെന്ന വ്യക്തിയുടെ വിശ്വാസ്യതയിലൂടെ മാത്രം തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നു വെള്ളിയാഴ്ച മോഡി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗവും.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കരുത്തുന്ന ഒരു പ്രതിപക്ഷ സംവിധാനമുണ്ടായിരുന്നുവെന്നും അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ അവര്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയെങ്കിലും പിന്നീട് ഉയര്‍ന്നുവരാന്‍ ഇടയാക്കിയത് ഈ സാന്നിദ്ധ്യമാണെന്നും ചരിത്രം ഓര്‍മിപ്പിക്കുന്നു. എന്നാല്‍ സമകാലികതയില്‍ പ്രതിപക്ഷ സംവിധാനം തീര്‍ത്തും ദുര്‍ബലമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ ഒരു പ്രഖ്യാപനത്തിലൂടെ നടപ്പാക്കാതെ തന്നെ അനുനയത്തിലൂടെ രൂപപ്പെടുത്താവുന്നതാണെന്ന് ഭരണകൂടം തെളിയിക്കുകയാണ്. രക്തരൂക്ഷിത മാര്‍ഗത്തിലൂടെയല്ലാതെ മായികലോകത്തെ സൃഷ്ടിച്ച് രൂപപ്പെടുത്തുന്നതായതിനാല്‍ അടിയന്തരാവസ്ഥയെ, ഏകാധിപത്യ ഭരണകൂടത്തെ, സ്വയം ആഗ്രഹിക്കുന്ന ഒരു തലത്തിലേക്ക് ജനത മാറ്റപ്പെടുന്നുവെന്നതാണ് ഭീതിദമാര്‍ന്ന യാഥാര്‍ത്ഥ്യം.