രാഹുലിന്റെ പ്രവര്‍ത്തന ശൈലി- ഒരു രാഷ്ട്രീയ വിചാരണ

Rahul-Gandhiആയിരം തെങ്ങുള്ള നായര്‍ക്കു പല്ലുകുത്താന്‍ ഈര്‍ക്കിലില്ല

ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയും
രാഹുലിന്റെ പ്രവര്‍ത്തന ശൈലിയും

തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ

ഭാവി നിര്‍ണയിക്കുന്ന വിധം

എ.ജെ ആഗ്നേയ്

അടുത്ത മാസം തുടങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാറിനും പ്രതിപക്ഷത്തിനും ഒരേപോലെ നിര്‍ണാകയമാണ്. നോട്ട് നിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയപരിപാടികളിലും തീരുമാനങ്ങളിലും പൊതു സമൂഹത്തിന്റെ മാര്‍ക്കിടലാകും തെരഞ്ഞെടുപ്പ് ഫലമെന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്. 2018 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച നേടാന്‍ സാധിക്കുമോയെന്നതിന്റെ ഉത്തരം കൂടെ ഈ തെരഞ്ഞെടുപ്പ് ഫലം മോഡിയ്ക്ക് നല്‍കും.
അതേസമയം വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മോഡിയുടെ ജൈത്രയാത്രയ്ക്ക് തടയിടാന്‍ ചിതറികിടക്കുന്ന പ്രതിപക്ഷ നിരയ്ക്ക് ആവേശവും ഊര്‍ജ്ജവും നല്‍കണമെങ്കില്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി- കോണ്‍ഗ്രസ് കൂട്ടുകെട്ടിന് വിജയിച്ചേ മതിയാകൂ. ഉത്തര്‍പ്രദേശില്‍ സഖ്യത്തിന്റെ വിജയവും ഒപ്പം പഞ്ചാബില്‍ തനിച്ച് അധികാരം പിടിക്കാനും സാധിച്ചാല്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് എഴുനേറ്റ് നില്‍ക്കാന്‍ സാധിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തകര്‍ന്ന് തരിപ്പണമായ ദുര്‍ബല പാര്‍ട്ടിയെന്ന ഇമേജ് മാറ്റി മറിച്ച് ചിതറിയ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് മുന്നോട്ട് നയിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും ഏതു നിമിഷവും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന നേതാവുമായ രാഹുലിന് അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലെ വിജയം അനിവാര്യവുമാണ്.
rahul-and-soniaഅഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇഴപിരിച്ച് നമുക്ക് പിന്നീട് പരിശോധിക്കാം. അതിനുമുമ്പ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും അതിന്റെ അമരത്തുള്ള രാഹുലിന്റേയു ംസമീപകാല നടപടികളും പ്രവര്‍ത്തന പദ്ധതികളും നമുക്കൊന്ന് വിശകലം ചെയ്യാം. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ വീറും വാശിയും തെളിയിച്ച് പാര്‍ട്ടി കടന്നുവന്നിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് വര്‍ത്തമാനകാലത്ത് നേരിടുന്നത് ചരിത്രത്തിലില്ലാത്ത വിധമുള്ള പ്രതിസന്ധിതന്നെയാണ്. പുസ്തകതാളുകളില്‍നിന്ന് പഠിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്‍ നിര്‍ത്തി രാഹുലിനെ നിയന്ത്രിക്കുന്ന പുതുതലമുറയാണ് പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നതെന്നും ഇതിനാലാണ് പ്രയോഗിക രാഷ്ട്രീയ സമീപനങ്ങളില്‍നിന്ന് രാഹുല്‍ അനുദിനം അകന്നുപോകുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കം പറയുമ്പോഴും അധികാര ദണ്ഡിനുമുന്നില്‍ തലയുയര്‍ത്തിനിന്ന് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ആരും തയ്യാറാകുന്നുമില്ല. കേന്ദ്രത്തില്‍ അധികാര നഷ്ടത്തിന് ശേഷം ഇതുവരെ എ..െഎ.സി.സി യോഗം വിളിച്ചുചേര്‍ക്കാന്‍ പോലും സാധിക്കാതെ തീര്‍ത്തും ദുര്‍ബലാവസ്ഥയിലേക്ക് മാറിയ കോണ്‍ഗ്രസ് നാളെ നോട്ട് നിരോധനത്തിനെതിരേ പ്രത്യേക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കെ, അമ്മയില്‍നിന്ന് മകനിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുമോയെന്നതുകൂടിയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നതും.
നീണ്ടകാലത്തെ മുറവിളിയ്ക്ക് ശേഷം രാഷ്ട്രീയ മേഖലയിലേക്ക് പ്രവേശിച്ച സോണിയ ഏറെ വൈകാതെ തന്നെ തന്ത്രപരമായ സമീപനങ്ങളിലൂടെ കോണ്‍ഗ്രസിനെ കൈയിലെടുക്കുകയും രാജ്യത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിച്ചെടുക്കുകയും ചെയ്തിരുന്നെങ്കില്‍ രാഹുലിനെ ഇത്രയും കാലത്തിനിടയ്ക്ക് നേതൃത്വപരമായ കഴിവിന്റെ തുടര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നിടത്താണ് പരാജയത്തിന്റെ കാര്യകാരണങ്ങളെ തിരിച്ചറിയുന്നതും. പങ്കെടുത്ത ആദ്യ എ.ഐ.സി.സി സമ്മേളനത്തില്‍ വൈറലായി മാറിയ പ്രസംഗത്തിലൂടെ കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും കൈയിലെടുത്ത രാഹുലിന് ഇതിന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചിക്കാതെ പോയതുപോലെതന്നെയാണ് തുടര്‍ന്നുണ്ടായ എല്ലാവിധ ഇടപെടലുകളിലും സംഭവിച്ചത്. അപ്രതീക്ഷിത രാഷ്ട്രീയ ഇടപെടലുകളിലൂടെ വാര്‍ത്തയില്‍ ഇടംനേടാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനുമുള്ള ‘സാഹസികത’ ഇതിനിടയില്‍ ചിലപ്പോഴെങ്കിലും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഞൊടിയിടയില്‍തന്നെ മിന്നിപൊലിയുന്ന പ്രകടനങ്ങളായി ഇത്തരം നീക്കങ്ങള്‍ മാറുകയും തീര്‍ത്തും അപ്രതീക്ഷിത സാഹചര്യങ്ങളില്‍ മുന്‍ നിരയില്‍നിന്ന് അപ്രത്യക്ഷനാകുന്ന നായകനെന്ന ദുര്‍ബല പരിവേഷം ചാര്‍ത്തികിട്ടുകയും ചെയ്തതോടെ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തന്നെ ബാധ്യതയായി.
നോട്ട് നിരോധനത്തിന്റെ അമ്പതാംദിവസം മോഡി പുതു പ്രഖ്യാപനങ്ങളൊന്നുമില്ലാതെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ജനത ഒന്നടങ്കം പ്രതീക്ഷിച്ചത് രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുലിന്റെ പ്രതികരണമായിരുന്നെങ്കില്‍ അപ്പോഴേക്കും അദേഹം രാജ്യത്ത് നിന്ന് തന്നെ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അറിയിപ്പുണ്ടായ സാഹചര്യത്തിലാണ് നിര്‍ണായക നിമിഷം തന്നെ യുദ്ധമുന്നണിയുടെ മുന്‍ നിരയില്‍നിന്ന് രാഹുല്‍ ഒളിച്ചോടിയന്നെതാണ് അദേഹത്തിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ പോരായ്മയും. narendra-modi-rahul-gandhi-pti-Lനോട്ട് നിരോധനത്തിനെതിരേ പ്രതിപക്ഷ നിര ഒന്നടങ്കം കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിച്ച് അടിയുറച്ച് നില്‍ക്കവെ, തീര്‍ത്തും അപ്രതീക്ഷിത ഇടപെടലിലൂടെ പ്രധാനമന്ത്രിയെ സമീപിച്ച് കര്‍ഷകപ്രശ്‌നം ചര്‍ച്ചചെയ്ത രാഹുല്‍, അറിയാതെയാണെങ്കിലും മോഡിയെ കൂടുതല്‍ ശക്തനാക്കുകയും പ്രതിപക്ഷനിരയെ ഛിന്നഭിന്നമാക്കുകയുമാണ് ചെയ്തത്. ഭരണകൂടത്തിന്റെ തെറ്റായ നടപടിയ്‌ക്കെതിരേ രാജ്യം വീര്‍പ്പുമുട്ടുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാതെയുള്ള അപ്രത്യക്ഷമാകല്‍ തീര്‍ത്തും ഒളിച്ചോട്ടത്തിന്റെ നിര്‍വചനത്തില്‍പെടുമ്പോള്‍ തന്നെയാണ് പ്രതിപക്ഷനിരയുടെ വിശ്വാസ്യതപോലും രാഹുലിന് നേടിയെടുക്കാന്‍ സാധിക്കാതെപോയതും.
രാജ്യത്തെ കൈപ്പിടിയിലെതുക്കിയ ഇന്നലകളുടെ വീരപരിവേഷം മേലങ്കിയായി അണിയുന്ന, പാര്‍ട്ടിയുടെ നേതൃത്വസ്ഥാനങ്ങള്‍ അലങ്കരിച്ചവരുടെ പാരമ്പര്യം ഇന്നും പേരിനൊപ്പം ചാര്‍ത്തി അഹങ്കരിക്കുന്ന രാഹുല്‍, തെരഞ്ഞെടുപ്പുകളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ പിന്നാലെ അലയേണ്ട ഗതികേടിലാണെന്ന് വ്യക്തമാകുമ്പോഴാണ് ആ പാര്‍ട്ടിയും നേതൃത്വവും എത്തിചേര്‍ന്നിരിക്കുന്ന ദുരവസ്ഥ തിരിച്ചറിയുക. ബിഹാറില്‍ എട്ടുനിലയില്‍ പൊട്ടി സംപൂജ്യരായി മാറുമെന്ന തിരിച്ചറിവില്‍ സംസ്ഥാന പാര്‍ട്ടികളുടെ യജമാനന്‍മാരായ ലാലു- നിതീഷ് കൂട്ടുകെട്ടിന് മുന്നില്‍ ഓഛാനിച്ച് നിന്നാണ് കേവലം ഇരുപത്തിയേഴ് സീറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തുവയ്ക്കാന്‍ രാഹുലിനും പാര്‍ട്ടിയ്ക്കും സാധിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഭിമാന പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിലവിലുള്ള 28 സീറ്റുപോലും നിലനിര്‍ത്താന്‍ സാധിക്കുമെന്ന യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ജൂനിയറായ സംസ്ഥാന പാര്‍ട്ടിയുടെ നേതാവ് അഖിലേഷിനുമുന്നില്‍ സഖ്യത്തിനായി കാത്തുനില്‍ക്കേണ്ട ഗതികേടിലേക്ക് രാഹുല്‍ മാറി. സ്വന്തം പിതാവിനെ പോലും വെല്ലുവളിച്ച് രാഷ്ട്രീയരംഗത്ത് ക്ലീന്‍ ഇമേജ് സ്വന്തമാക്കി രാജ്യം ഉറ്റുംനോക്കുന്ന നേതാവായി മാറികഴിഞ്ഞ അഖിലേഷിന് ഹൈജാക്ക് ചെയ്യാവുന്ന രീതിയിലേക്ക് രാഹുല്‍ സ്വയം തലതാഴ്ത്തികൊടുക്കുന്ന പരിഹാസ്യമായ അവസ്ഥയാണ് സമകാലിക ഇന്ത്യ ദര്‍ശിക്കുന്നതും. ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോയെന്ന പഴമൊഴിയ്ക്ക് സ്ഥാനമില്ലാതായി തൊഴുത്തിന് പുറത്തെ ചാണകകുഴിയില്‍ പോലും കാത്തുകെട്ടികിടക്കാന്‍ തയ്യാറാണെന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറികഴിഞ്ഞുവെന്നതുതന്നെയാണ് രാജ്യത്തിന്റെ പരാജയവും.
rajiv-കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷനെങ്കിലും പാര്‍ട്ടിയുടെ കാര്യപരിപാടികളും പ്രവര്‍ത്തന പദ്ധതികളും നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതുംരാഹുലാണെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ, ചരടു രാഷ്ട്രീയാനുഭവങ്ങളുടെ പുറംചുമരുകള്‍ക്കപ്പുറത്ത് നിന്ന് പ്രയോഗിക പാഠങ്ങളൊന്നും അഭ്യസിച്ചിട്ടില്ലാത്ത ഒരുകൂട്ടം പുതുതലമുറയുടെ കൈയിലാണെന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളുടെ രൂപീകരണത്തില്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടേതല്ലാതെ മറ്റ് മുതിര്‍ന്ന നേതാക്കളുടെയൊന്നും അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലാതായി കഴിഞ്ഞതോടെ അവരൊക്കെയും സ്വന്തം തൊഴിലിടങ്ങളില്‍ വ്യാപൃതരാവുകയും രാജ്യത്തിന്റെ മറവിയിലൊതുങ്ങാതിരിക്കാന്‍ ഇടയ്ക്കിടെ പത്രസമ്മേളനങ്ങള്‍ നടത്തി ചാനലുകളില്‍ മുഖംകാണിച്ച് കഴിഞ്ഞുകൂടുകയുമാണ്. യു.പി.എ മന്ത്രിസഭയിലെ പ്രമുഖരായ പി.ചിദംബരം, ജയറാം രമേശ്, കപില്‍ സിബല്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍ ഇത്തരത്തില്‍ സ്വന്തം തട്ടകത്തിലേക്ക്, സംസ്ഥാനങ്ങളിലേക്ക് മടങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളൊന്നും നടപ്പാക്കുകയോ ആലോചിക്കുകയോ ചെയ്യാതെ ഡല്‍ഹിയില്‍തന്നെ തമ്പടിച്ച് തങ്ങളുടെ തൊഴിലിടങ്ങളില്‍ മാത്രം സജീവമാകുന്നത് തന്നെ പാര്‍ട്ടിയുടെ ദൗര്‍ബല്ല്യത്തെ വിളിച്ചോതുന്നു.
രാഹുലിന്റെ മുത്തശിയായ ഇന്ദിര ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെട്ടതിനുപിന്നില്‍ സംസ്ഥാന ഘടകങ്ങളുടെ കരുത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത കേന്ദ്രീകൃത സ്വഭാവം തന്നെയായിരുന്നു. കര്‍ണാടകയില്‍ എസ്.എം കൃഷ്ണയും കേരളത്തില്‍ കരുണാകരനും തമിഴ്‌നാട്ടില്‍ കാമരാജും തുടങ്ങി ഉത്തരേന്ത്യയില്‍ എണ്ണിയാലൊടുങ്ങാത്ത ശാക്തിക നേതൃത്വനിരയും ഉയര്‍ത്തിപ്പിടിച്ച ശാക്തികചേരിയുടെ കരുത്തിന്റെ പിന്‍ബലത്തിലാണ് ഇന്ദിര ഉരുക്കുവനിതയായി മാറിയത്. എന്നാല്‍ നേതൃത്വം രാഹുലിലെത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനഘടകങ്ങളൊക്കെയും തീര്‍ത്തും ദുര്‍ബലമാകുകയും കേന്ദ്ര തലത്തില്‍ അറിയപ്പെടുന്ന നേതാക്കള്‍ക്ക് പോലും അവരുടെ സംസ്ഥാന ഘടങ്ങളില്‍ യാതൊരു വിധ സ്വാധീനവും ഇല്ലാതായി മാറുകയും ചെയ്തതുതന്നെയാണ് ഹൈക്കമാന്റിന്റെ പല്ലും നഖവും നഷ്ടമാകാന്‍ കാരണവും. ഇത്തരം സാഹചര്യത്തെ തിരിച്ചറിയാതെ ഇടയ്ക്കിടയ്ക്ക് വെളിപാടുണ്ടാകുന്നതുപോലെ വിളിച്ചുപറയുകയും തുടര്‍ച്ചയില്ലാതെ എല്ലാത്തില്‍നിന്നും അപ്രതീക്ഷിതമായി ഒളിച്ചോടുകയും ചെയ്യുന്ന രീതി രാഹുല്‍ തുടരുന്നതിന് കാരണവും ഒപ്പമുള്ളവരുടെ ഉപദേശംകൊണ്ടാണെന്നാണ് ജനപഥ് പത്തില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നതും. രാഹുല്‍ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും നിര്‍ദേശിച്ച് ഉപദേശകവൃന്ദം സദാ സമയം കളിപ്പാവയെ പോലെ ചരട് വലിച്ച് നിയന്ത്രിക്കുമ്പോള്‍ അദേഹം സ്വയം ജനങ്ങളില്‍നിന്ന് അകലുകയും അവരുടെ വിശ്വാസതയ്ക്ക് പുറത്തേക്ക് തെന്നിമാറുകയാണെന്നും തിരിച്ചറിയാതെ പോകുന്നു. മോഡി രാജ്യംമുഴക്കെ സഞ്ചരിച്ച് ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്യുമ്പോള്‍ പ്രതിരോധത്തിനും പ്രതികരണത്തിനും രാഹുലും ഇതേ മാഗം തന്നെയാണ് അവലംബിക്കേണ്ടതെങ്കിലും അപ്രത്യക്ഷനായി നില്‍ക്കലാണ് ആകാംക്ഷയുടെ അലയൊലികള്‍ സൃഷ്ടിച്ച് നേതാവിന് വീര പരിവേഷം നല്‍കുന്നതെന്ന മൂഢോപദേശം നല്‍കുന്നവര്‍ അദേഹത്തെ സ്വയം പരിഹാസ്യനാക്കി മാറ്റുകയുമാണ്.
പ്രതിസന്ധി രൂക്ഷമാകുമ്പോഴൊക്കെയും അവസാനവാക്കായിനിന്നിരുന്ന സോണിയ അസുഖകകാരണങ്ങളാല്‍തന്നെ എല്ലാത്തില്‍നിന്നും ഒഴിഞ്ഞുമാറുമ്പോള്‍ അദ്ധ്യക്ഷപദവി ഏറ്റെടുത്തില്ലെങ്കിലും തീരുമാനം രാഹുലിന്റേതായി മാറുന്നിടത്താണ് സംസ്ഥാന ഘടകങ്ങളുടെ ശിഥിലീകരണത്തിനും വഴിയൊരുക്കുന്നത്. എടുക്കാനും തൊടാനുമില്ലാത്ത രീതിയിലേക്ക് തകര്‍ന്നടിഞ്ഞ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമ്പോഴും ശക്തമായ ഇടപെടലിന് രാഹുലിന് സാധിക്കാതെ പോകുന്നതും ഇതുകൊണ്ട് കൂടിയാണ്. ജാതി മത ചിന്താധാരയ്ക്കപ്പുറത്തേക്ക് ജനതയെ കോര്‍ത്തിണക്കിയ ദേശീയയെന്ന വികാരം കോണ്‍ഗ്രസില്‍നിന്ന് നഷ്ടമാകുമ്പോള്‍ അതി ദേശീയതയുടെ വര്‍ഗീയനിറം രാജ്യത്ത് വ്യാപിക്കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയിലും പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസ്യതകര്‍ച്ചയിലും ജനത ഇത്രയേറെ വ്യാകുലപ്പെടുന്നതിന് കാരണവും. അതുകൊണ്ട് തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കാന്‍ പോന്നതാതാണെന്ന് പറയാന്‍ കാരണവും.